National
സ്വത്തുക്കള്‍ മറ്റൊരു സ്ത്രീക്ക് കൈമാറുമെന്ന ഭീഷണി; ഫാര്‍മസ്യൂട്ടിക്കല്‍ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ അറസ്റ്റില്‍
ശാലുവിന്റെ മേല്‍ സംശയം തിരിച്ചുവിടാന്‍ സുബ്രതും വിശാലും ശ്രമിച്ചതായും പോലീസ് കണ്ടെത്തി
ന്യൂഡല്‍ഹി | സ്വത്ത് മറ്റൊരു സ്ത്രീക്ക് കൈമാറുമെന്ന് ഭയപ്പെട്ട് പിതാവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകന്‍ പിടിയില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ഈ സംഭവം. കാണ്‍പൂരിലെ ഇന്ദിരാനഗര്‍ പ്രദേശത്തെ ഫ്‌ലാറ്റിലാണ് സെപ്തംബര്‍ അഞ്ചിന് ഫാര്‍മസ്യൂട്ടിക്കള്‍ വ്യാപാരിയായ വിനീത് മനോഹര (60) യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടക്കുമ്പോള്‍ അദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. മകന്‍ സുബ്രതും ഭാര്യ ശാലുവും ഒരു പാര്‍ട്ടിക്ക് പുറത്തു പോയതായിരുന്നു.
ആദ്യഘട്ട അന്വേഷണത്തില്‍, വിനീതിന്റെ മരുമകളാണ് കൊലപാതകത്തിന്റെ സൂത്രധാരയെന്ന് പോലീസ് സംശയിക്കുകയും അവരെയും മുന്‍ ജീവനക്കാരനായ വിശാല്‍ ഗൗതം, കൂട്ടാളി രാജ്കിഷോര്‍ എന്നിവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.പുതുതായി വാങ്ങിയ സിം കാര്‍ഡില്‍ നിന്ന് സുബ്രതിന് കൊലയാളി ആറ് കോളുകള്‍ വിളിച്ചതായി പിന്നീട് പോലീസ് കണ്ടെത്തി. തുടര്‍ന്ന് സെപ്റ്റംബര്‍ 23ന് സുബ്രതിനെയും അറസ്റ്റ് ചെയ്തു.
പിതാവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും, മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കാന്‍ തുടങ്ങുകയും തന്റെ സ്വത്തുക്കള്‍ മുഴുവന്‍ അവളുടെ പേരില്‍ എഴുതിക്കൊടുക്കുകയും ചെയ്യുമെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സുബ്രത് പോലീസിനോട് പറഞ്ഞു.
ആദ്യം മരണം സ്വാഭാവികമോ അപകടമോയെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സുബ്രതിന്റെ ചെലവുകള്‍ക്കായി പിതാവ് പ്രതിമാസം 40,000 രൂപയോളം നല്‍കിയിരുന്നു. എന്നാല്‍ സുബ്രത് വായ്പാ തിരിച്ചടവിനായി മാത്രം മാസം 55,000 രൂപയോളം നല്‍കുന്നുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
സുബ്രതും വിശാലും തമ്മിലുള്ള ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് പല സ്ഥലങ്ങളിലും ഇരുവരുടെയും മൊബൈല്‍ ലൊക്കേഷന്‍ ഒന്നുതന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശാലുവിന്റെ മേല്‍ സംശയം തിരിച്ചുവിടാന്‍ സുബ്രതും വിശാലും ശ്രമിച്ചതായും പോലീസ് കണ്ടെത്തി.
കോണ്‍ടാക്ട് ഡീറ്റെയ്ല്‍ റെക്കോര്‍ഡുകള്‍ , സിസിടിവി ദൃശ്യങ്ങള്‍, ഡിജിറ്റല്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവയുടെ വിശകലനത്തിലൂടെയാണ് ഗൂഢാലോചന പുറത്തുവന്നതെന്ന് കാണ്‍പൂര്‍ പോലീസ് കമ്മീഷണര്‍ രഘുബീര്‍ ലാല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
തന്റെ പിതാവിനെ കൊലപ്പെടുത്താന്‍ സുബ്രത് ആവശ്യപ്പെടുകയും 6 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നതായി വിശാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
പിടിക്കപ്പെട്ടാല്‍ ശാലുവിന്റെ പേര് പറയാന്‍ സുബ്രത് തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി വിശാല്‍ പറഞ്ഞതായി കാണ്‍പൂരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.കുടുംബത്തിന്റെ മുന്‍ ജീവനക്കാരനായ വിശാല്‍, കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പുതിയ സിം കാര്‍ഡ് വാങ്ങിയിരുന്നു. ഈ നമ്പറില്‍ നിന്നാണ് സുബ്രതിന് ആദ്യ കോള്‍ ചെയ്തതെന്ന് ലാല്‍ പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ, 36 കാരിയായ ശാലു പൊട്ടിക്കരയുകയും ഭര്‍ത്താവിനെ സംരക്ഷിക്കുന്നതിനാണ് തന്നെ പ്രതിയാക്കിയതെന്ന് പോലീസിനോട് പറയുകയും ചെയ്തു.അന്വേഷണ ഘട്ടത്തില്‍ സംശയ നിഴലിലായിരുന്ന സുബ്രതിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് വിശദമായി ചോദ്യം ചെയ്തിരുന്നു.
അതേ സമയം, ശാലുവിന് ഇതുവരെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കമ്മീഷണര്‍ ലാല്‍ വ്യക്തമാക്കി.
Content Highlights: Kanpur police arrested Subrat Manohar for hiring hitmen to murder his father, pharmaceutical trader Vineet Manohar, over property dispute concerns. Subrat offered six lakh rupees to the contract killers and initially attempted to frame his wife for the crime. Digital evidence and call records led to Subrat’s arrest.



