Connect with us

Articles

"ഏതാ ഈ ഞമ്മള്‍'?

ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാക്കിയാണ് വഹാബി സമ്മേളനം സമാപിച്ചത്. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാശ"ക്കൊട്ട്' ഗംഭീരമാക്കി. ബഷീര്‍ എം എല്‍ എക്കും മറ്റും കണക്കിന് കിട്ടി. മുഖ്യമന്ത്രിയുടെ "ഏതാ ഈ ഞമ്മള്‍' എന്ന ഒറ്റ ചോദ്യം മാത്രമാണ് മുജാഹിദ് അണികളുടെ മനസ്സില്‍ സമ്മേളനത്തിന്റെ നീക്കിയിരിപ്പായി അവശേഷിക്കുന്നത്. തൗഹീദുമില്ല, രിസാലത്തുമില്ല.

Published

|

Last Updated

വല്ലാത്തൊരു മാനക്കേട് തന്നെ! ഇനിയാര്‍ക്കും ഇങ്ങനെ സംഭവിക്കരുതേയെന്ന് പ്രാര്‍ഥിക്കുകയാണ്. പറഞ്ഞുവരുന്നത് പത്ത് വര്‍ഷം കൂടുമ്പോള്‍ ആറ്റുനോറ്റ് നടത്തുന്ന വഹാബി സമ്മേളനത്തെ പറ്റിയാണ്. സംഘാടകരില്‍ നിന്ന് സമ്മേളന കടിഞ്ഞാണ്‍ തുടക്കത്തിന് മുമ്പ് തന്നെ കൈവിട്ടുപോയി.

സമ്മേളനത്തില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചതിനെ മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ എതിര്‍ത്തിട്ടില്ല. അവര്‍ മുമ്പ് പല പരിപാടികളിലും അവരെ ക്ഷണിച്ചിട്ടുണ്ട്. അപ്പോഴെല്ലാം സുന്നീ പണ്ഡിതന്മാരെ ഉമ്മത്തിനെ ഫാസിസ്റ്റുകള്‍ക്ക് ഒറ്റിക്കൊടുക്കുന്നവര്‍ എന്ന് വിളിച്ച് അരിശം പൂണ്ടവര്‍ ജനം ടി വിയില്‍ ചെന്നിരുന്ന് ഉമ്മത്തിനെ ഒറ്റിക്കൊടുത്തത് മുതല്‍ക്കാണ് സമ്മേളന പട്ടത്തിന്റെ ചരട് പൊട്ടിയത്.
ജോണ്‍ ബ്രിട്ടാസ് എം പിയാണ് ആദ്യ വെടി പൊട്ടിച്ചത്. നിങ്ങളിങ്ങനെ കുമ്പിട്ടു വണങ്ങിയത് കൊണ്ട് ഫാസിസ്റ്റുകള്‍ക്ക് വല്ല മാറ്റവും വരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യം സ്‌റ്റേജിലിരുന്ന മുജാഹിദ് നേതാക്കളെ നോക്കി ആവര്‍ത്തിച്ചു ചോദിച്ചു. ഒടുവില്‍ അവര്‍ തലയാട്ടി, ഇല്ല! എന്നാലെന്താ അതങ്ങ് ഉറക്കെ പറഞ്ഞാല്‍ എന്നായി ബ്രിട്ടാസ്. നേതാക്കളെ മൂക്ക് കൊണ്ട് “ക്ഷ’ വരപ്പിക്കുന്നത് കണ്ട് സദസ്സില്‍ നിന്ന് കൈയടി ഉയര്‍ന്നു. ബ്രിട്ടാസ് എം പി റിയാലിറ്റി ഷോയിലെന്ന പോലെ ഒന്നുകൂടി ശക്തമായി കൈയടിക്കാന്‍ പറഞ്ഞു. മുജാഹിദ് അണികള്‍ വീണ്ടും കൈയടിച്ചു. നേതാക്കള്‍ക്ക് തുണിയുരിയുന്ന അനുഭവം. നേതാക്കളുടെ മുഖം മ്ലാനമായി. സര്‍വ മുഖങ്ങള്‍ക്കും കര്‍ക്കിടകരാവിന്റെ ഛായ! കൈയടിച്ച അണികള്‍ ആരാണെന്ന ചര്‍ച്ച മുജാഹിദ് ഗ്രൂപ്പുകള്‍ക്കിടയില്‍ സജീവമാണ്. മുമ്പ് കടപ്പുറത്ത് വെച്ച് ലയിപ്പിച്ചിട്ടും മോരും മുതിരയും പോലെ ലയിക്കാതെ കിടക്കുന്ന മടവൂര്‍ ഗ്രൂപ്പുകാരാണ് ഈ കൈമുട്ടുകാരെന്നാണ് നിഗമനം. അതുമായി ബന്ധപ്പെട്ട അനുരണനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.

ബ്രിട്ടാസ് എം പിയുടെ ചോദ്യം സോഷ്യല്‍ മീഡിയയിലൂടെ യഥാര്‍ഥ “ജനം’ ഏറ്റെടുത്തതോടെ വഹാബികളെ പ്രതിരോധിക്കാന്‍ ഏറനാട് എം എല്‍ എ ബഷീര്‍ രംഗത്തുവന്നു. ഞാന്‍ നിങ്ങളുടെ കൂട്ടത്തിലുള്ള ഒരാളാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തോക്കെടുത്തത്. ഒരു നിമിഷം അദ്ദേഹവും കേള്‍വിക്കാരും ഇത് കേരള നിയമസഭയാണോ എന്ന് സംശയിച്ചുപോയി. ഇടതുപക്ഷത്തിനെതിരെ നിയമസഭയില്‍ മുസ്‌ലിം ലീഗിന് വേണ്ടി സംസാരിക്കുന്ന അതേ ഭാവം, അതേ ഭാഷ. ഒടുവില്‍ ബംഗാള്‍ രാഷ്ട്രീയം മുതല്‍ക്കുള്ള പുരാണങ്ങളൊക്കെ സ്പര്‍ശിച്ച് മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്തണമെന്ന് സൂചിപ്പിച്ച്, “ഞമ്മക്ക് ഞമ്മളേ ഉണ്ടാകൂ, ഒരു ബാപ്പിംണ്ടാകൂല്ല’ എന്ന് പ്രഖ്യാപിച്ചാണ് ബഷീര്‍ എം എല്‍ എ സംസാരം അവസാനിപ്പിച്ചത്.
തത്സമയം വേദിയിലുണ്ടായിരുന്നവരുടെ മുഖത്ത് കൂടുതല്‍ ഇരുട്ട് പരക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്. കാരണം മുജാഹിദുകള്‍ക്കിടയിലും കുറച്ചാണെങ്കിലും മറ്റു പാര്‍ട്ടിക്കാരുമുള്ളത് ബഷീര്‍ എം എല്‍ എ മറന്നതും, ഒപ്പം സമ്മേളന കടിഞ്ഞാണ്‍ കൂടുതല്‍ കൈവിടുന്നതും ഓര്‍ത്താകണം. പിന്നീട് പ്രസംഗിച്ച പല രാഷ്ട്രീയ നേതാക്കളും കത്തുന്ന പുരയില്‍ നിന്ന് ഊരുന്ന കഴുക്കോല്‍ ലാഭം എന്ന വിധത്തില്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കാനും ന്യായീകരിക്കാനുമാണ് ശ്രമിച്ചത്. മുജാഹിദുകളെ സന്തോഷിപ്പിക്കാനായിരുന്നു അവരൊക്കെ ശ്രമിച്ചതെങ്കിലും ഒരു സമ്മേളനം ഇവ്വിധം കൈവിട്ടുപോയതില്‍ കൂടുതല്‍ വേദനയായിരിക്കും മുജാഹിദുകള്‍ക്ക് അനുഭവപ്പെട്ടത്.

ആദര്‍ശ സംഘട്ടനം

പത്താം മുജാഹിദ് സമ്മേളനത്തിന്റെ മറ്റൊരു ദുര്യോഗം അവരുടെ ആശയ വൈരുധ്യം പ്രകടമായി എന്നതാണ്. ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുക, പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും മാറ്റിവെക്കുക എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് വഹാബിസം തുടങ്ങിയത്. പാരമ്പര്യ പണ്ഡിതന്മാര്‍ അന്ന് തന്നെ പറഞ്ഞു, ഇത് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പേരില്‍ മൗലവിമാര്‍ക്ക് സ്വന്തം അഭിപ്രായങ്ങള്‍ എഴുന്നെള്ളിക്കുന്നതിന് വേണ്ടിയാണെന്ന്.
പിന്നീട് മാസോണിസ്റ്റുകളായ റശീദ് റിളയുടെയും മുഹമ്മദ് അബ്ദു, ജമാലുദ്ദീന്‍ അഫ്ഗാനി തുടങ്ങിയവരുടെയും അഭിപ്രായം ഏറ്റുപിടിച്ച് ഖുര്‍ആനും സുന്നത്തും ആധുനിക ശാസ്ത്രത്തോട് യോജിച്ചാല്‍ മാത്രം സ്വീകരിക്കുക എന്നതിലേക്ക് പുരോഗമിക്കുകയും മുസ്‌ലിം സമുദായത്തില്‍ യുക്തിവാദത്തിന് ശിലയിടുകയും ചെയ്തു. ഖുര്‍ആന്‍ സൂക്തങ്ങളില്‍ അവരുടെ ബുദ്ധിക്ക് ശാസ്ത്രവിരുദ്ധമെന്ന് തോന്നിയതിനെ അവര്‍ വ്യാഖ്യാനിച്ചു. മൂസാ നബി(അ) നദിയില്‍ വടി കൊണ്ടടിച്ച് റോഡ് തീര്‍ത്ത് മറുകര കടന്ന സംഭവത്തെ വേലിയിറക്കമുള്ളപ്പോള്‍ വടികുത്തിപ്പിടിച്ച് ആഴം നോക്കിയെന്ന് വ്യാഖ്യാനിച്ചു! റശീദ് റിള ഒന്നുകൂടി പറഞ്ഞു. അല്ലാഹു ഈ മുഅ്ജിസത്തുകളെ സംബന്ധിച്ച് ഖുര്‍ആനില്‍ പരാമര്‍ശിച്ചില്ലായിരുന്നുവെങ്കില്‍ പാശ്ചാത്യര്‍ ധാരാളമായി ഇസ്‌ലാമിലേക്ക് ഒഴുകുമായിരുന്നുവത്രെ! അല്ലാഹുവിനെ പോലും തിരുത്തുന്ന വിധത്തിലേക്ക് വഹാബികള്‍ വളര്‍ന്നു.

ഹദീസ് നിഷേധം

ഖുര്‍ആനിനെ ഒറ്റയടിക്ക് നിഷേധിക്കാന്‍ പറ്റാത്തതിനാല്‍ അവരുടെ യുക്തി ചിന്തക്കനുസരിച്ച് വ്യാഖ്യാനിച്ചതാണെങ്കില്‍ സ്ഥിരപ്പെട്ട ഹദീസുകളെ പോലും നിലവിലെ ശാസ്ത്ര നിഗമനങ്ങള്‍ വെച്ച് കൊണ്ട് നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതാണ് പത്താം മുജാഹിദ് സമ്മേളന വേദിയില്‍ നാം കണ്ടത്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ കൃത്യമായ പരമ്പര സഹിതം മുത്ത് നബി(സ) പറഞ്ഞതായി ഉദ്ധരിച്ച ഒരു ഹദീസാണ് പി മുഹമ്മദ് മൗലവി കുട്ടശ്ശേരി എന്നയാള്‍ നിഷേധിച്ചത്. ഈച്ച ഒരു പാനീയത്തില്‍ വീണാല്‍ അതിനെ ഒന്ന് മുക്കി പുറത്തെടുത്ത് കളയുക. അതിന്റെ ഒരു ചിറകില്‍ വിഷവും മറ്റേ ചിറകില്‍ അതിനുള്ള പ്രതിവിധിയുമുണ്ട് എന്നാണ് ആ ഹദീസിന്റെ സാരം. ഇത് ശാസ്ത്രവിരുദ്ധമാണ് എന്ന് പ്രഖ്യാപിച്ചാണ് ഈ മൗലവി നബി(സ)യുടെ ഹദീസ് തള്ളിയത്. ഇയാള്‍ ആരാണ്? ശാസ്ത്രജ്ഞനാണോ? തന്റെ ഗവേഷണ പരീക്ഷണങ്ങളിലൂടെ മുഹമ്മദ് നബി(സ) ഈ പറഞ്ഞത് അശാസ്ത്രീയമാണെന്ന് തെളിയിക്കാന്‍ ഇദ്ദേഹത്തിന് സാധിക്കുമോ? ഇനി ഈ പറഞ്ഞത് പരിപൂര്‍ണമായും തെറ്റാണെന്ന് വിശ്വാസ യോഗ്യരായ ഏതെങ്കിലും ശാസ്ത്രജ്ഞന്മാര്‍ ഖണ്ഡിതമായി സമര്‍ഥിച്ചിട്ടുണ്ടോ? നിലവില്‍ ഈച്ചയുടെ ഇരു ചിറകുകളുടെയും ഈ പ്രത്യേകത ആരും കണ്ടുപിടിച്ചിട്ടില്ല എന്നത് കൊണ്ടാണ് നിഷേധിക്കുന്നതെങ്കില്‍ ഈച്ചയെ കുറിച്ച് എല്ലാ പഠനങ്ങളും പൂര്‍ത്തിയായി എന്നാരാണ് ഈ മൗലവിയോട് പറഞ്ഞത്? വഹാബികളുടെ മതയുക്തിവാദത്തിലൂടെയാണ് മതനിരാസ യുക്തിവാദത്തിലേക്ക് ചില മുസ്‌ലിം നാമധാരികള്‍ എത്തിപ്പെട്ടത്. ഇതാണോ നവോത്ഥാനം?

പി മുഹമ്മദ് കുട്ടശ്ശേരി ഇതിലും വലിയ ജല്‍പ്പനങ്ങള്‍ ഇതിന് മുമ്പും നടത്തിയിട്ടുണ്ട്. 1959 ഒക്ടോബറിലെ അല്‍മനാറില്‍ ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ ദുഷിച്ചു പോയത് ഇസ്‌റാഈലി കള്ളക്കഥകള്‍ കടന്നുകൂടിയത് കൊണ്ടാണെന്നും അതിന് ആദ്യമായി മദീനാ പള്ളിയാണ് വേദിയായതെന്നും നേതൃത്വം കൊടുത്തത് ഹസ്‌റത്ത് ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങിയവരാണെന്നും, കഅ്ബുല്‍ അഹ്ബാറില്‍ നിന്ന് ഏറ്റവുമധികം കള്ളക്കഥകള്‍ റിപോര്‍ട്ട് ചെയ്തത് സ്വഹാബി പ്രമുഖരായ ഇബ്‌നു അബ്ബാസ്(റ), അബൂ ഹുറൈറ(റ) എന്നിവരാണെന്നും എഴുതിവെച്ചിട്ടുണ്ട്. ഖുര്‍ആനും സുന്നത്തും നബി(സ) ഏല്‍പ്പിച്ചു പോയത് ഈ സ്വഹാബത്തിനെയാണ്. അവരാണ് ഖുര്‍ആന്‍ മുസ്ഹഫിലേക്ക് പകര്‍ത്തി എഴുതിയത്. ഹദീസുകള്‍ റിപോര്‍ട്ട് ചെയ്തതും അവര്‍ തന്നെ. ഒരു ശ്രദ്ധയുമില്ലാതെ കള്ളക്കഥകള്‍ ഇസ്‌ലാമിലേക്ക് കടത്തിക്കൂട്ടാന്‍ ഇവര്‍ കൂട്ടുനിന്നു എന്നാരോപിക്കുന്നത് യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ പ്രമാണങ്ങളെ തന്നെ സംശയത്തിലാക്കുന്ന ആരോപണമാണ്. മുന്‍ഗാമികളെ പിഴച്ചവരും ദുഷിച്ചവരുമാക്കുന്നതിന് വേണ്ടി ഇവര്‍ പടച്ചുവിടുന്ന ജല്‍പ്പനങ്ങള്‍ അവര്‍ക്കു തന്നെ അടിയാകുന്നതിനാലാണ് സമ്മേളനത്തില്‍ വെച്ച് തന്നെ മടവൂര്‍ ഗ്രൂപ്പുകാരനായ കുട്ടശ്ശേരി മൗലവിയെ മൗലവി ഗ്രൂപ്പുകാരനായ സകരിയ്യ മൗലവിക്ക് എതിര്‍ക്കേണ്ടിവന്നത്. ആകെപ്പാടെ ഇങ്ങനെയൊരു സമ്മേളനം വേണ്ടിയില്ലായിരുന്നു എന്ന അവസ്ഥ!

സിഹ്്റ് എന്ന കൂടോത്ര വിദ്യയിലൂടെ ജനങ്ങളെ ഉപദ്രവിക്കാന്‍ കഴിയുമെന്നാണ് മൗലവി ഗ്രൂപ്പിന്റെ വാദം. ഇതിന് ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്തുണയുമുണ്ട്. ലയിച്ചിട്ടും ലയിക്കാതെ കിടക്കുന്ന മടവൂര്‍ ഗ്രൂപ്പ് പറയുന്നത് സിഹ്്റ് ഫലിക്കുമെന്ന് പറഞ്ഞാല്‍ അത് ശിര്‍ക്കാണെന്നാണ്. സമ്മേളനവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ സിഹ്‌റിനെ പറ്റി കെ എന്‍ എം പ്രസിഡന്റ് അബ്ദുല്ലക്കോയ മദനിയോട് പത്രക്കാര്‍ ചോദിച്ചു, സിഹ്‌റിനെ പറ്റി എന്താണ് അഭിപ്രായം? മറുപടി വന്നു, അത് വന്‍ കുറ്റമാണ്. ഉടനെ വന്നു അടുത്ത ചോദ്യം. അത് ഫലിക്കുമോ? മടവൂര്‍ ഗ്രൂപ്പുകാരെ പിണക്കാതിരിക്കാന്‍ മൗലവി പറഞ്ഞു, അറിയില്ല. ഇതിനെ ചോദ്യം ചെയ്ത് മര്‍കസുദ്ദഅ്‌വ വിസ്ഡം ഗ്രൂപ്പ് പത്രക്കുറിപ്പ് ഇറക്കിയിരിക്കുകയാണ്. സമ്മേളന വേദിയില്‍ വെച്ച് തന്നെ ജമീല ടീച്ചര്‍ സിഹ്്റ് ഫലിക്കില്ലെന്ന് ശക്തമായി വാദിച്ചു. അണികള്‍ ചോദിക്കുന്നത് ഇതാണ്, സിഹ്്റ് ഏഴ് വന്‍ പാപങ്ങളില്‍ പെട്ടതാണെന്ന് നബി(സ) പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് ഒരാളെയും ഉപദ്രവിക്കാന്‍ കഴിയില്ലെങ്കില്‍ തികച്ചും നിരുപദ്രവകരമായ ഒരു കാര്യത്തെ എന്തിനാണ് നബി(സ) വന്‍ പാപമായി എണ്ണിയത്?
ഇത്തരം ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാക്കിയാണ് വഹാബി സമ്മേളനം സമാപിച്ചത്. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാശ”ക്കൊട്ട്’ ഗംഭീരമാക്കി. ബഷീര്‍ എം എല്‍ എക്കും മറ്റും കണക്കിന് കിട്ടി. മുഖ്യമന്ത്രിയുടെ ഏതാ ഈ “ഞമ്മള്‍’ എന്ന ഒറ്റ ചോദ്യം മാത്രമാണ് മുജാഹിദ് അണികളുടെ മനസ്സില്‍ സമ്മേളനത്തിന്റെ നീക്കിയിരിപ്പായി അവശേഷിക്കുന്നത്. തൗഹീദുമില്ല, രിസാലത്തുമില്ല.