Connect with us

International

ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയുടെ നിയന്ത്രണം ഏറ്റെടുത്ത ഫെഡറല്‍ സര്‍ക്കാര്‍ നടപടി; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി നിയമനടപടിക്ക്

പൗരാവകാശങ്ങള്‍ റദ്ദാക്കുന്ന അടിയന്തരാവസ്ഥാ നിയമങ്ങളും ഗവര്‍ണറുടെ ഭരണവും പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പി ടി ഐ.

Published

|

Last Updated

ഇസ്‌ലാമാബാദ് | ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയുടെ നിയന്ത്രണം പാക് ഫെഡറല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങി ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (P T I).

പൗരാവകാശങ്ങള്‍ റദ്ദാക്കുന്ന അടിയന്തരാവസ്ഥാ നിയമങ്ങളും ഗവര്‍ണറുടെ ഭരണവും പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പി ടി ഐയുടെ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി ഷെയ്ഖ് വഖാസ് അക്രം അല്‍ ജസീറയോട് പറഞ്ഞു. പി ടി ഐ സെക്രട്ടറി ജനറല്‍ സല്‍മാന്‍ അക്രം രാജയുടെ നേതൃത്വത്തിലുള്ള നിയമസമിതി ഇതുമായി ബന്ധപ്പെട്ട ഹരജി തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍, ഇത് സുപ്രീം കോടതിയിലാണോ അതോ ഫെഡറല്‍ ഭരണഘടനാ കോടതിയിലാണോ ഫയല്‍ ചെയ്യുകയെന്ന് അക്രം വ്യക്തമാക്കിയില്ല

അഫ്ഗാനിസ്ഥാനുമായി സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ‘ഭീകരവാദ’ത്തെ ഫലപ്രദമായി നേരിടാന്‍ ഫെഡറല്‍ ഭരണം ആവശ്യമാണെന്ന് വാദിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി ഇന്നലെ സര്‍ക്കാര്‍ നടപടികളെ ന്യായീകരിച്ചിരുന്നു.

ഞായറാഴ്ച, വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ പി ടി ഐ സര്‍ക്കാരിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അടിയന്തരാവസ്ഥയും ഗവര്‍ണര്‍ ഭരണവും ഏര്‍പ്പെടുത്തിയിരുന്നു. 2013 മുതല്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ പി ടി ഐയാണ് ഭരണം നടത്തുന്നത്.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ചില അംഗങ്ങളെയും കരുതല്‍ തടങ്കലിലാക്കിയതായി ആഭ്യന്തര സഹമന്ത്രി തലാല്‍ ചൗധരി തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമാബാദിലേക്ക് നടത്തിയ മാര്‍ച്ചിന് നേതൃത്വം നല്‍കിയിരുന്നത് അഫ്രീദിയായിരുന്നു. പാര്‍ട്ടിക്ക് തിരിച്ചടികള്‍ നേരിട്ടെങ്കിലും പ്രതിഷേധം തുടരുകയാണെന്ന് പി ടി ഐ. നേതാക്കള്‍ വ്യക്തമാക്കി.

Content Highlights: Pakistan Tehreek-e-Insaf launched legal proceedings against the federal government’s decision to suspend the Khyber Pakhtunkhwa provincial administration. PTI leaders filed a petition in the Peshawar High Court calling the governor’s rule unconstitutional. The party vowed to continue protests.

 

---- facebook comment plugin here -----

Latest