Editorial
പി എസ് സി മൂല്യനിര്‍ണയത്തില്‍ അട്ടിമറി
ഏത് പരീക്ഷയിലും വല്ലപ്പോഴും തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണ്. എന്നാല്‍ നിരന്തരം പിഴവുകളും തെറ്റുകളും ആവര്‍ത്തിക്കാനിടവരുന്നത് പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു.
രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കും ശിപാര്‍ശകള്‍ക്കും വഴങ്ങാതെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമനം നടത്താന്‍ സ്ഥാപിതമായതാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി എസ് സി). എന്നാല്‍ പ്രമുഖ തസ്തികയില്‍ രാഷ്ട്രീയ നേതാവിന് നിയമനം നടത്തുന്നതിന് പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി ആരോപണം ഉയരുകയും അതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയുമാണ് കമ്മീഷന്‍.
സര്‍ക്കാറിന് നേരിട്ട് നയരൂപവത്കരണ ഉപദേശങ്ങള്‍ നല്‍കുന്ന, അഡീഷനല്‍ സെക്രട്ടറിക്ക് തുല്യമായ പ്രധാന തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. രണ്ടാം പേപ്പറിലെ 28 ചോദ്യങ്ങളില്‍ ഒമ്പത് മുതല്‍ 19 വരെയുള്ള ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്തുകയോ മാര്‍ക്ക് രേഖപ്പെടുത്തുകയോ ചെയ്യാതെയാണ് പി എസ് സി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. ഉത്തരക്കടലാസിന്റെ പകര്‍പ്പ് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിട്ടും അതവഗണിച്ച് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്നാഴ്ചക്കുള്ളില്‍ നിയമന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. കോച്ചിംഗ് സെന്ററുകളെയും മറ്റും സമീപിച്ച് രാപകലില്ലാതെ അധ്വാനിച്ച് പഠിച്ചു പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികളെ നോക്കുകുത്തിയാക്കിയായിരുന്നു ഈ നിയമനം. നിയമന ശിപാര്‍ശ നേടിയത് കഴിഞ്ഞ സര്‍ക്കാറിലെ ഭരണാനുകൂല സംഘടനയിലെ പ്രമുഖനായ വ്യക്തിയാണെന്ന ആരോപണം ഉയര്‍ന്നതോടെ ഇത് കേവലം അശ്രദ്ധയോ ഉദാസീനതയോ അല്ല, കൃത്യമായ ആസൂത്രണത്തോടെ നടന്ന അട്ടിമറിയാണെന്ന സംശയം ബലപ്പെടുകയാണ്.
2023 നവംബറിലാണ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാ ചീഫ്, പ്ലാന്‍ കോ ഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ്, പെസ്പെക്റ്റീവ് പ്ലാനിംഗ് ചീഫ് എന്നീ തസ്തികകളിലേക്ക് പി എസ് സി പരീക്ഷ നടന്നത്. തുടര്‍ന്ന് മാസങ്ങളോളം മാര്‍ക്കുകള്‍ വ്യക്തമാക്കാതെ രഹസ്യമാക്കി വെച്ച കമ്മീഷന്‍, വിവരാവകാശ നിമയപ്രകാരം ഉത്തരക്കടലാസിന്റെ പകര്‍പ്പിനായി അപേക്ഷിച്ച ഉദ്യോഗാര്‍ഥികളെ ഒരു വര്‍ഷത്തോളമാണ് വട്ടംചുറ്റിച്ചത്. സഹികെട്ട ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും മൂന്നാഴ്ചക്കകം കൃത്യമായ മറുപടി നല്‍കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് പി എസ് സി രേഖകള്‍ പുറത്തുവിടാന്‍ നിര്‍ബന്ധിതമായതും പരീക്ഷയിലെ ക്രമക്കേട് പുറത്തുവന്നതും. ഭരണഘടനാപരമായ സ്ഥാപനമാണ് പി എസ് സി. എന്നിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം ഉത്തരക്കടലാസ് കാണിക്കാതെ അവരെ കോടതി കയറ്റിയത് ജനാധിപത്യ കേരളത്തിന് നാണക്കേടായിപ്പോയി.
സംസ്ഥാനത്ത് പി എസ് സി പരീക്ഷകളെക്കുറിച്ചുള്ള വിവാദങ്ങള്‍ പുതിയതല്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച, ഉത്തരസൂചികയിലെ പിഴവുകള്‍, വ്യാജ സര്‍ട്ടിഫിക്കറ്റ് പരാതികള്‍, പരീക്ഷ റദ്ദാക്കല്‍, കോടതി വിധിയെ തുടര്‍ന്നുള്ള പുനഃപരിശോധന തുടങ്ങി നിരവധി വിവാദങ്ങള്‍ നേരത്തേ ഉയര്‍ന്നിട്ടുണ്ട്. ഏത് പരീക്ഷയിലും വല്ലപ്പോഴും തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണ്. എന്നാല്‍ നിരന്തരം പിഴവുകളും തെറ്റുകളും ആവര്‍ത്തിക്കാനിടവരുന്നത് പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. നടപടികളിലെ അതാര്യതയും വിവരങ്ങള്‍ യഥാസമയം പൊതുസമൂഹത്തെ അറിയിക്കുന്നതില്‍ കാണിക്കുന്ന വിമുഖതയുമാണ് സ്ഥാപനത്തിലെ അഴിമതിക്കും ക്രമക്കേടിനും വളമാകുന്നത്.
ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റാങ്ക് ലിസ്റ്റ് റദ്ദാക്കി പുനര്‍ മൂല്യനിര്‍ണയം നടത്താനുള്ള പി എസ് സിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇതുകൊണ്ട് മാത്രമായില്ല, പത്ത് ചോദ്യങ്ങള്‍ക്ക് മാര്‍ക്കിടാതെ വിട്ടതെന്തുകൊണ്ടാണ്, ആരാണ് ഈ കളിക്ക് പിന്നില്‍ തുടങ്ങിയ കാര്യങ്ങള്‍ സമഗ്രമായി അന്വേഷിച്ച് കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. അന്വേഷണ റിപോര്‍ട്ട് ഫയലില്‍ ഉറങ്ങുന്ന പതിവുരീതി ആവര്‍ത്തിക്കുകയുമരുത്. നേരത്തേ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് ആരോപണമുയര്‍ന്നപ്പോള്‍ ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിലൂടെ കുറ്റവാളികള്‍ രക്ഷപ്പെടുകയാണ് പതിവ്. ഇതിനപ്പുറം പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവും കുറ്റമറ്റ രീതിയിലും സുതാര്യമായും നടത്താന്‍ കമ്മീഷന്റെ മുഴുവന്‍ സംവിധാനവും ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുകയും കാര്യക്ഷമമാക്കുകയും വേണം.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ ലോകം വളരെയേറെ മുന്നേറിയ കാലമാണിത്. ഉദ്യോഗാര്‍ഥിയുടെ ഓരോ ഉത്തരത്തിനും മാര്‍ക്ക് രേഖപ്പെടുത്തിയിട്ടുണ്ടോ, ഏതെങ്കിലും ചോദ്യം വിലയിരുത്താതെ വിട്ടുകളഞ്ഞോ തുടങ്ങിയ കാര്യങ്ങള്‍ സ്വയം കണ്ടെത്താന്‍ കഴിയുന്ന സോഫ്റ്റ്്വെയര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുക ഇന്നത്ര പ്രയാസമുള്ള കാര്യമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ നിലവിലുണ്ട്. പരീക്ഷക്കു ശേഷം നിശ്ചിത ദിവസത്തിനകം ഉദ്യോഗാര്‍ഥിക്ക് ഉത്തരക്കടലാസിന്റെ ഡിജിറ്റല്‍ കോപ്പി നല്‍കാനുള്ള സംവിധാനവും ആവശ്യമാണ്.
പി എസ് സി അംഗങ്ങളുടെ നിയമനങ്ങളില്‍ കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം ഭരണപരമായ മികവ്, ഉന്നത വിദ്യാഭ്യാസ പശ്ചാത്തലം, പരീക്ഷാ നടത്തിപ്പിലെ പരിചയസമ്പത്ത് തുടങ്ങിയ ഘടകങ്ങള്‍ക്കും ഭരണഘടനാപരമായ യോഗ്യതകള്‍ക്കും പ്രാമുഖ്യം നല്‍കുകയും വേണം. നിലവില്‍ അതാത് കാലത്തെ സര്‍ക്കാറുകള്‍ അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കാണ് നിയമനത്തില്‍ പ്രാമുഖ്യം നല്‍കി വരുന്നത്. മറ്റു അധികാര പദവികള്‍ ലഭിക്കാത്ത പാര്‍ട്ടിപ്രമുഖരുടെ പുനരധിവാസത്തിനുള്ള വേദിയായി ഈ ഭരണഘടനാ സ്ഥാപനം അധഃപതിക്കുകയാണ്. ഇനിയെങ്കിലും വഴിവിട്ട ഈ ശൈലി ഉപേക്ഷിച്ച് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ മാത്രം നിയമിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിക്കേണ്ടിയിരിക്കുന്നു.



