National
ജാരവൃത്തി ക്രിമിനൽ കുറ്റമാക്കണം; കേന്ദ്ര സർക്കാറിന് പാർലിമെന്ററി പാനൽ നിർദേശം
പരസ്ത്രീ, പരപുരുഷ ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ സുപ്രീം കോടതി വിധിക്കെരാണ് പാർലിമെന്ററി സമിതിയുടെ ശുപാർശ.

ന്യൂഡൽഹി | ജാരവൃത്തി വീണ്ടും ക്രിമിനൽ കുറ്റമാക്കണമെന്ന് പാർലിമെന്ററി പാനൽ. വിവാഹം പവിത്രമായ ഒന്നാണെന്നും അതിന്റെ വിശുദ്ധി സംരക്ഷിക്കപ്പെടണമെന്നും പാനൽ കേന്ദ്ര ഗവൺമെന്റിനോട് ശുപാർശ ചെയ്തു. ജാരവൃത്തിയെ ജെൻഡർ ന്യൂട്രൽ ക്രൈം ആയി കാണണമെന്നും ഭാരതീയ ന്യായ സംഹിത സംബന്ധിച്ച റിപ്പോർട്ടിൽ സമിതി ആവശ്യപ്പെട്ടു. ജാരവൃത്തിയിൽ സ്ത്രീയും പുരുഷനും ഒരുപോലെ കുറ്റക്കാരാണെന്നും സമിതി വിലയിരുത്തി.
പരസ്ത്രീ, പരപുരുഷ ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ സുപ്രീം കോടതി വിധിക്കെരാണ് പാർലിമെന്ററി സമിതിയുടെ ശുപാർശ. സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചാണ് പരസ്ത്രീ പുരുഷ ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ചത്. ജാരവൃത്തി വിവാഹമോചനത്തിന് കാരണമായേക്കാവുന്ന സിവിൽ കുറ്റമാണെന്നും അതിനെ ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. 163 വർഷം പഴക്കമുള്ള, കൊളോണിയൽ കാലഘട്ടത്തിലെ നിയമം ഭർത്താവ് ഭാര്യയുടെ യജമാനൻ ആണെന്ന ആശയമാണ് പിന്തുടരുന്നതെന്നായിരുന്നു കോടതിയുടെ ന്യായീകരണം.
ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായാണ് കേന്ദ്ര സർക്കാർ ഭാരതീയ ന്യായ് സംഹിത എന്ന പേരിൽ പുതിയ നിയമം കൊണ്ടുവരുന്നത്. ബിജെപി എംപി ബ്രിജ് ലാൽ അധ്യക്ഷനായ ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് ഇത് കൂടുതൽ പരിശോധനയ്ക്കായി അയച്ചിരുന്നു.