ആത്മായനം
യതീമിന്റെ ശിരസ്സില്‍ തലോടൂ...
അനാഥ സംരക്ഷണം മനുഷ്യരിൽ സാമൂഹിക ബോധം വളർത്തുകയും ഹൃദയ നിർമലതയുണ്ടാക്കുകയും ചെയ്യും. ഹൃദയം കടുത്തുപോയെന്ന് പരിഭവപ്പെട്ട ആളോട് "നീ യതീമിന്റെ ശിരസ്സിൽ തലോടുക, അവന് ഭക്ഷണം കൊടുക്കുക' എന്നായിരുന്നു തിരുനബി (സ) യുടെ നിർദേശം.
അബൂജഹ്ലിന്റെ വീട്ടുമുറ്റത്ത് വന്ന് നിൽക്കുന്നതാരാണ്?!. തിരുനബി(സ്വ). കൂടെ ഒരു കുട്ടിയുണ്ടല്ലോ. സംരക്ഷണമേറ്റെടുത്തിട്ട് തനിക്ക് അവകാശപ്പെട്ടതൊന്നും തരാതെ ഇറക്കിവിട്ട അബൂജഹ്്ലിനെ കുറിച്ച് ജനങ്ങളോട് പരാതിപ്പെട്ടപ്പോൾ ജനം ആ അനാഥബാലനെ കളിയാക്കി വിട്ടതാണ്. പരിഹാസത്തോടെ “നീ പോയി മുഹമ്മദിനോട് ചോദിക്ക്’ എന്ന് പറഞ്ഞ് അവർ ആട്ടിയപ്പോൾ, ആ കുഞ്ഞ് തിരുദൂതരുടെ വസതിയിലെത്തി കാര്യം പറഞ്ഞു. അവിടുത്തെ മനസ്സ് നൊന്തു. ഉടൻ തങ്ങൾ അവനൊപ്പം ഇറങ്ങിവന്നതാണ്. നേരെ ഗുണ്ടാ തലവന്റെ വീട്ടിലേക്ക്. നബിയെ കണ്ടപ്പോൾ അയാൾ അറിയാതെ എഴുന്നേറ്റ് പോയി ഭവ്യതയോടെ നിന്നു!
“ഇവന്റെ അവകാശങ്ങൾ അതിവേഗം നിറവേറ്റ്’ എന്ന് റസൂൽ (സ) ഗൗരവത്തിൽ പറഞ്ഞു, തിരിച്ചൊന്നും പറയാതെ അബൂജഹ്ൽ അതനുസരിച്ചു, വേണ്ടത് ചെയ്തു. കുട്ടിയെ പരിഹസിച്ചവരൊക്കെ മൂക്കത്ത് കൈവെച്ചു. ഇതെന്ത് കഥ!
അബൂ ജഹ്ൽ പേടിച്ചരണ്ട് നിൽക്കുന്നതെന്തേ? തിരുനബി (സ) യുടെ വരവ് അയാളെ മുൾമുനയിൽ വിറപ്പിച്ചായിരുന്നുവെന്ന് റൂഹുൽ ബയാൻ വിവരിക്കുന്നുണ്ട്.
ഹല്ല പിന്നെ, അനാഥകളോടാണോ കളി?! അവരുടെ സംരക്ഷണമേറ്റെടുത്തിട്ട് തോന്നിയത് പോലെ ചെയ്യാൻ ഒരാൾക്കും അറകാശമില്ല. അനാഥരുടെ ധനം തിന്നുന്നവർ വയറ്റിൽ തീയാണ് നിറയ്ക്കുന്നത്. അടിവയറ് കത്തിപ്പോകും. ഇരു ലോകത്തും തിക്താനുഭവങ്ങൾക്ക് ഇരയാകും.
കള്ളരേഖയുണ്ടാക്കി അനാഥരുടെ സമ്പത്ത് തട്ടിയെടുക്കുന്ന ചിലരുണ്ട്. ന്യായമായ അവകാശങ്ങളെ പോലും തൃണവത്കരിക്കുന്നവർ. അത്തരക്കാരെ വിശുദ്ധ ഖുർആൻ പലവുരു ശാസിച്ചിട്ടുണ്ട്. കഠോരമായ ശിക്ഷയാണവരെ കാത്ത് നിൽക്കുന്നത്. അങ്ങനെ ചെയ്യുന്നവർ മതനിഷേധികളും അന്ത്യദിനത്തിൽ വിശ്വാസമില്ലാത്തവരുമാണെന്നാണ് സൂറ: മാഊൻ വിമർശിച്ചത്.
കൂട്ടരേ, അനാഥകൾ എല്ലാവരുടെയും വാത്സല്യവും സ്നേഹവും അർഹിക്കുന്നവരാണ്. ഞാനും അനാഥരെ സംരക്ഷിക്കുന്നവരും ചൂണ്ടുവിരലും നടുവിരലുമെന്ന പോലെ സ്വർഗ വല്ലരിയിൽ സമീപസ്ഥരായിരിക്കുമെന്ന തിരുനബി(സ)യുടെ പാഠം അതിന്റെ പ്രാധാന്യത്തെ കടുംമഷിയിൽ അടിവരയിടുന്നുണ്ട്. മാതാപിതാക്കൾ നഷ്ടപ്പെട്ട പിഞ്ചോമനകൾ, അവർക്ക് നഷ്ടപ്പെട്ടത് അവരുടെ തണലാണ്. മാതാവിന്റെയും പിതാവിന്റെയും വാത്സല്യവും കരുതലുമാണല്ലോ ഭൂമിയിലെ ഏറ്റവും ബൃഹത്തായ ആശ്വാസം. അതുകിട്ടാതായാൽ പിന്നെ കുഞ്ഞുങ്ങൾ ഏതു തണലത്തിരിക്കും?!.
അവരുടെ സംരക്ഷണം വിശ്വാസിയെ ബാധ്യതയെന്നോണം ഇസ്‌ലാം ഏൽപ്പിച്ചു. മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന എല്ലാ പരിഗണനയും അവർക്ക് ലഭിക്കണം. പുടവയും സന്തോഷങ്ങളുമില്ലാതെ കണ്ണീരും വേദനയുമായിഒറ്റക്കിരുന്ന ഒരു കുഞ്ഞ് മോന്റെ പെരുന്നാൾ പകൽ നിങ്ങളോർക്കുന്നുണ്ടാകും. തിരുനബി(സ) ആ കുഞ്ഞിന്റെ ഉള്ളിൽ ഇരട്ടി മധുരത്തിന്റെ ആഹ്ലാദപ്പെരുന്നാൾ കോരിയിട്ട ആ ചിത്രം നമ്മുടെ ഹൃദയത്തിൽ കുഞ്ഞുനാളിലെ നമ്മൾ കൊത്തിവെച്ചതാണ്. മായ്ഞ്ഞു പോകരുത്. നമ്മളതു മറക്കരുത്. അനാഥരെ കണ്ടില്ലെന്ന് വെക്കരുത്. ആരുടെയും സംരക്ഷണമില്ലാതെ നൂലറ്റ പട്ടമായി അവർ മാറരുതല്ലോ. കള്ളന്മാരും കൊള്ളക്കാരുമായി തിന്മയുടെ ഗർത്തത്തിലകപ്പെടാതിരിക്കാൻ നമുക്ക് ശ്രദ്ധയുണ്ടാകണം.അവരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകണം. ഇല്ലായ്മകൾ അവഗണിച്ച് വളരാനുള്ള കോണി പണിയണം. അവർ നിങ്ങളുടെ സഹോദരന്മാരാണെന്ന് വിശുദ്ധ ഖുർആൻ പലയിടത്തും ഓർമപ്പെടുത്തുന്നുണ്ട്.
വിശ്വാസികൾ സഹോദരന്മാരായിരിക്കെ അനാഥരെ കുറിച്ച് പ്രത്യേകം പറഞ്ഞത് അവരെ കൂടുതൽ പരിഗണിക്കണം എന്ന ആശയത്തെ പ്രകാശിപ്പിക്കുന്നു. താൻ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ ഒരാളും സത്യവിശ്വാസി ആകില്ലെന്ന തിരുമൊഴി ഓർമയിലുണ്ടല്ലോ. പുണ്യകർമങ്ങളൊന്നിനെയും നിസ്സാരമായി കാണരുത്, നിന്റെ സഹോദരനെ മുഖപ്രസന്നതയോടെ സമീപിക്കുന്നത് പോലും ധർമമാണ് (മുസ്്ലിം) മനുഷ്യർക്കിടയിൽ നീതി പുലർത്തൽ, നല്ല വാക്ക് പറയൽ, പരസ്പരം സഹായിക്കൽ, നല്ലത് ഉപദേശിക്കൽ എല്ലാം ധർമമാണ്. അനാഥരെ സഹതാപപൂർവം നോക്കി നിൽക്കുകയല്ല വേണ്ടത് അവർക്ക് മാനസികമായി കുത്തു നോവുണ്ടാവുന്ന ഒരു പ്രവൃത്തിയും ഉണ്ടായേക്കരുത്. അനാഥ മക്കളുടെ സാന്നിധ്യത്തിൽ സ്വന്തം മക്കളെ താലോലിക്കരുതെന്ന തിരുനബി പാഠം എത്ര ഗംഭീരമാണ്!. ഇങ്ങനൊരു ഭാഗ്യം എനിക്കെന്തു കൊണ്ടുണ്ടായില്ല എന്ന അപകർഷതാബോധവും (Inferiority Complex) താൻ ഒറ്റപ്പെട്ടെന്ന ബോധവും (Alienation) അതുവഴിയുണ്ടാവുന്ന വൈകാരികാഘാതവും (Emotional Trauma) ഇല്ലാതിരിക്കാനുള്ള സൂക്ഷ്മതയാണ് ആ ഹദീസ് നമ്മിൽ നട്ട് വളർത്തുന്നത്.
സങ്കടത്തിന്റെ ഒരു പഴുതുമില്ലാത്ത വിധം അവരെ സംരക്ഷിക്കണം. അവരുടെ സ്വത്ത് ഏറ്റവും ഉത്തമമായ രീതിയിൽ ചെലവഴിക്കണം. അത് അവന്റെ ഗുണപരമായ കാര്യങ്ങൾക്ക് വേണ്ടി മാത്രം വിനിയോഗിക്കണം.
അനാഥരുടെ പേര് പറഞ്ഞ് ശേഖരിച്ച തുക വകമാറ്റി ചെലവഴിക്കുന്നത് കടുത്ത തെറ്റാണ്. ഇത്തരം പ്രവൃത്തി പൊതുജനത്തെയും അനാഥരെയും വഞ്ചിക്കുന്ന നടപടിയാണ്. മറ്റുള്ള സമ്പത്തുമായി അത് കലരാതിരിക്കാനുള്ള സൂക്ഷ്മത നിർബന്ധമാണ്. അനാഥരുടെ സ്വത്ത് ഭക്ഷിക്കലിനെ വൻ കുറ്റങ്ങളുടെ കൂട്ടത്തിലാണ് തിരുനബി(സ) എണ്ണിയത്.
അനാഥ സംരക്ഷണം മുഖ്യ അജൻഡയാക്കിയ സംവിധാനങ്ങളും സ്ഥാപനങ്ങളും ചെയ്യുന്ന ധർമം അതിമഹത്തായതാണ്. അത്തരം പ്രവർത്തനങ്ങളോട് അകമഴിഞ്ഞ സഹകരണമുണ്ടാകണം. എന്നാൽ, അതിന്റെ കൈകാര്യകർതൃത്വം വളരെ സൂക്ഷ്‌മതയോടെയാകാനുള്ള ശ്രദ്ധയുണ്ടാകണം. അനാഥരെ മുൻനിർത്തി സമൂഹത്തെ ചൂഷണം ചെയ്യുന്ന ചിലരെയും കാണാതിരുന്നുകൂടാ. ഇത് വലിയ പാപമാണ്.
അനാഥ സംരക്ഷണം മനുഷ്യരിൽ സാമൂഹിക ബോധം വളർത്തുകയും ഹൃദയ നിർമലതയുണ്ടാക്കുകയും ചെയ്യും. ഹൃദയം കടുത്തുപോയെന്ന് പരിഭവപ്പെട്ട ആളോട് “നീ യതീമിന്റെ ശിരസ്സിൽ തലോടുക, അവന് ഭക്ഷണം കൊടുക്കുക’ എന്നായിരുന്നു തിരുനബി (സ) യുടെ നിർദേശം. അനാഥരെ പരിഗണിക്കാത്ത കുടുംബവും സമൂഹവും അഭിശപ്തരാണ്. ഏറ്റവും നല്ല വീട് അനാഥന് നല്ല പരിചരണം ലഭിക്കുന്ന വീടാണെന്ന് റസൂൽ (സ) ഓർമപ്പെടുത്തിയിട്ടുണ്ട്. (ഇബ്നുമാജ)
ആയതിനാൽ അനാഥരുടെ നന്മകൾക്കു വേണ്ടി, അവരുടെ വളർച്ചക്കു വേണ്ടി, അവരുടെ ആശ്വാസങ്ങൾക്കു വേണ്ടി നമുക്കാവുന്നത് ചെയ്യാം. അവർ ജീവിതത്തിന്റെ കൊടും വെയിലിൽ ഉരുകരുത്; കൊടും കാട്ടിൽ ഒറ്റപ്പെടരുത്.
Content Highlights:
The narrative highlights Prophet Muhammad standing up to Abu Jahl to protect an orphan’s rightful property. Islam places immense importance on caring for orphans, warning against misusing their wealth. Ensuring emotional, financial, and moral support for orphans remains a vital duty for believers.


