Connect with us

Obituary

പ്രമുഖ ഇമാറാത്തി വ്യവസായി സഈദ് ജുമാ അല്‍ നബൂദ അന്തരിച്ചു

അല്‍ നബൂദ ഗ്രൂപ്പ് ചെയര്‍മാനും ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മുന്‍ ചെയര്‍മാനുമായിരുന്നു.

Published

|

Last Updated

ദുബൈ | പ്രമുഖ ഇമാറാത്തി വ്യവസായി സഈദ് ജുമാ അല്‍ നബൂദ അന്തരിച്ചു. അല്‍ നബൂദ ഗ്രൂപ്പ് ചെയര്‍മാനും ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മുന്‍ ചെയര്‍മാനുമായിരുന്നു.
മയ്യിത്ത് നിസ്‌കാരം ഇന്നലെ ളുഹര്‍ നിസ്‌കാരത്തിനു ശേഷം അല്‍ ഖവാനീജില്‍ നടന്നു. ശനിയാഴ്ച വരെ മൂന്ന് ദിവസത്തേക്ക് മജ്‌ലിസില്‍ അനുശോചനം സ്വീകരിക്കും.

1972 മുതല്‍ 1978 വരെയുള്ള ആദ്യത്തെയും രണ്ടാമത്തെയും ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ അംഗമായിരുന്നു അദ്ദേഹം. 1982 മുതല്‍ 1997 വരെ ദുബൈ ചേംബര്‍ സാരഥ്യത്തില്‍ ഇരുന്ന കാലത്ത് സാമ്പത്തിക വളര്‍ച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനത്തില്‍ സഈദ് ജുമാ അല്‍ നബൂദ മുന്നില്‍ നിന്നു. അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും ശൈഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെയും ദര്‍ശനങ്ങള്‍ അദ്ദേഹത്തെ ഏറെ സാധീനിച്ചു.

അല്‍ നബൂദ ഗ്രൂപ്പ് സ്ഥാപിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും വലിയ പങ്കുവഹിച്ച അദ്ദേഹം യു എ ഇയുടെ സാമൂഹികവും സാംസ്‌കാരികവുമായ ഘടനയില്‍ ശാശ്വതമായ മുദ്ര പതിപ്പിക്കുകയും ചെയ്തു. അരനൂറ്റാണ്ടിലേറെയായി സഈദ് അല്‍ നബൂദ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അളവറ്റതാണ്.

സഈദ് അല്‍ നബൂദയുടെ വിയോഗത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ അനുശോചിച്ചു.

 

Latest