Connect with us

farmers killed

ലഖിംപൂർ സംഘർഷം സമരമുഖത്ത് ഉറച്ച വാക്കായി പ്രിയങ്ക

പോലീസ് പെരുമാറിയത് തട്ടിക്കൊണ്ടുപോകുന്ന തരത്തിൽ. തടഞ്ഞുവെച്ചത് വൃത്തിഹീനമായ മുറിയിലെന്ന് കോൺഗ്രസ്സ്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കൽ വകുപ്പുകൾ ചുമത്തി 14 പേർക്കെതിരെ കേസ്

Published

|

Last Updated

സീതാപുർ (യു പി) | നിങ്ങൾ കൊന്നവരേക്കാൾ പ്രാധാന്യം എനിക്കില്ല. നിങ്ങളുടെ കൈയിൽ വാറണ്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾക്കെന്നെ തൊടാനാകില്ല. മരിച്ചവരുടെ കുടുംബങ്ങളെ കാണാതെ തിരിച്ചു പോകില്ല- കർഷകരെ വണ്ടി കയറ്റി കൊന്ന ലഖിംപൂർ ഖേരിയിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പോലീസിനോട് പറഞ്ഞ വാക്കുകളാണ് ഇത്. കോൺഗ്രസ്സ് പുറത്തുവിട്ട വീഡിയോയിൽ പോലീസ് ഉദ്യോഗസ്ഥരോട് പ്രിയങ്ക കടുത്ത പ്രതിഷേധ സ്വരത്തിൽ സംസാരിക്കുന്നത് വ്യക്തമാണ്.

അതിനിടെ അവരെ കസ്റ്റഡിയിലെടുത്ത് പാർപ്പിച്ച ഗസ്റ്റ് ഹൗസിൽ നിന്നുള്ള വീഡിയോ യും കോൺഗ്രസ്സ് പുറത്തു വിട്ടു. പ്രോവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പി എ സി) ഗസ്റ്റ് ഗൗസ് മുറി പ്രിയങ്കാ ഗാന്ധി ചൂലുകൊണ്ട് വൃത്തിയാക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. പ്രിയങ്കയെ പാർപ്പിച്ചത് വൃത്തിഹീനമായ മുറിയിലായിരുന്നുവെന്ന് കോൺഗ്രസ്സ് ചൂണ്ടിക്കാട്ടി. കുറച്ചുനേരത്തേക്ക് ഇതാണ് എന്റെ മുറി. അത് വൃത്തിയാക്കേണ്ടി വന്നു- പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റ് വാറണ്ട് അടക്കമുള്ളവ തന്നെ കാണിക്കാൻ അവർ തയ്യാറായില്ല. തട്ടിക്കൊണ്ടു പോകുന്ന തരത്തിലാണ് പോലീസ് പെരുമാറിയത്. അഭിഭാഷകനെ കാണാൻ അനുവദിച്ചില്ല. അത് തന്റെ അവകാശമാണെന്ന് പോലീസ് ഉദ്യോ ഗസ്ഥരോട് പറഞ്ഞുവെങ്കിലും ചെവികൊണ്ടില്ല. കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷിനെ പോലീസ് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്? കർഷകർക്കു നേരെ വാഹനം ഓടിച്ചു കയറ്റിയത് അദ്ദേഹമാണ്. കർഷകരെ ഇല്ലാതാക്കുന്ന നിയമങ്ങളാണ് അവർ നിർമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.

കേന്ദ്ര മന്ത്രിയുടെ മകൻ കാറിടിച്ച് നാല് കർഷകരെ വകവരുത്തുകയും സംഘർഷത്തിൽ മറ്റ് ആറ് പേർ മരിക്കുകയും ചെയ്ത ലഖിംപൂർ ഖേരിയിലേക്കുള്ള യാത്രക്കിടെ ലക്നോവിൽ നിന്ന് 90 കി.മീ. അകലെയുള്ള സീതാപൂരിൽ വെച്ചാണ് പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം അവരെ തടഞ്ഞുവെച്ച ഗസ്റ്റ് ഹൗസിന് പുറത്ത് തടിച്ചുകൂടി കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രിയങ്ക അടക്കമുള്ള നേതാക്കളെ പോലീസ് കൈയേറ്റം ചെയ്തുവെന്നും പ്രവർത്തകർ ആരോപിച്ചിരുന്നു. സീതാപൂരിൽ വെച്ച് പ്രിയങ്കയുടെ വാഹനവ്യൂഹം വളഞ്ഞാണ് അവരെ കസ്റ്റഡിയിലെടുത്തത്. പ്രിയങ്കക്ക് ഒപ്പമുണ്ടായിരുന്ന ദീപേന്ദ്രർ ഹൂഡയേയും പോലീസ് കൈയേറ്റം ചെയ്യുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് ആരോപണം.
ലഖിംപൂരിലേക്ക് എത്തുന്ന പ്രതിപക്ഷ നേതാക്കളെ തടയാനാണ് ബി ജെ പി സർക്കാറിന്റെ തീരുമാനം. നേരത്തേ ലഖിംപൂരിലേക്ക് തിരിച്ച സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പോലീസ് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ തടഞ്ഞിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയും ബി എസ് പി നേതാക്കളെയും തടഞ്ഞു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും കസ്റ്റഡിയിലാണ്.

കാർഷിക ബില്ലുകൾക്കെതിരെ നടന്ന കർഷക പ്രതിഷേധത്തിനിടയിലേക്ക് ഞായറാഴ്ചയാണ് കാർ ഇടിച്ചു കയറ്റിയത്. നാല് കർഷകർ മരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കർഷകരെ കൊല്ലുകയായിരുന്നുവെന്ന് കർഷക സംഘടനകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ആശിഷ് മിശ്രയടക്കം 14 പേർക്കെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.