Editorial
ജയിലിലെ തൊഴിലും വേതനവും
ജയില്‍ തടവുകാരുടെ വേതനം കാലോചിതമായി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജയില്‍ മേധാവി നല്‍കിയ ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിലക്കയറ്റം രൂക്ഷമായ ഇക്കാലത്ത് സംസ്ഥാനത്ത് നേരത്തേയുണ്ടായിരുന്ന ചെറിയ വേതനം യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന വിമര്‍ശവും ശക്തമായിരുന്നു.
മികച്ച വേതനമാണ് ഇനി മുതല്‍ സംസ്ഥാനത്തെ ജയില്‍ അന്തേവാസികള്‍ക്ക് ലഭിക്കാനിരിക്കുന്നത്. നേരത്തേ ഉണ്ടായിരുന്നതിന്റെ നാലിരട്ടിയോളമാണ് ജയില്‍ മേധാവിയുടെ ശിപാര്‍ശയില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വര്‍ധന. വിദഗ്ധ തൊഴിലാളികള്‍ക്ക് 620 രൂപ, അര്‍ധ വിദഗ്ധ തൊഴിലാളികള്‍ക്ക് 560, അവിദഗ്ധ തൊഴിലാളികള്‍ക്ക് 530 എന്നിങ്ങനെയാണ് പുതിയ നിരക്ക്. നിലവില്‍ 152, 127, 63 നിരക്കിലായിരുന്നു വേതനം. ജയില്‍ തടവുകാരുടെ വേതനം കാലോചിതമായി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജയില്‍ മേധാവി നല്‍കിയ ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിലക്കയറ്റം രൂക്ഷമായ ഇക്കാലത്ത് സംസ്ഥാനത്ത് നേരത്തേയുണ്ടായിരുന്ന ചെറിയ വേതനം യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന വിമര്‍ശവും ശക്തമായിരുന്നു.
തടങ്കല്‍ പാളയങ്ങളല്ല, തിരുത്തല്‍ കേന്ദ്രങ്ങളാണ് ജയിലുകള്‍. കുറ്റകൃത്യം ചെയ്തവരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തി ശിക്ഷിക്കുകയും പിന്നീടവരെ ഉത്തരവാദിത്വ ബോധമുള്ള പൗര•ാരായി സമൂഹത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ജയില്‍ ശിക്ഷ നല്‍കുന്നത്. പുനരധിവാസത്തിന്റെ ഭാഗമാണ് ജയിലിലെ തൊഴിലും വേതനവും. കേവലം തടവറയല്ല, ഉത്പാദന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട് ജയിലുകള്‍ ഇന്ന്. ജയിലില്‍ നിന്ന് ചപ്പാത്തിയും വസ്ത്രങ്ങളും കാര്‍ഷിക ഉത്പന്നങ്ങളും വിപണിയിലെത്തിക്കൊണ്ടിരിക്കുന്നു. വിപണിയില്‍ വിശ്വസ്ത ബ്രാന്‍ഡായി മാറിയിട്ടുമുണ്ട് ജയില്‍ ഉത്പന്നങ്ങള്‍. തടവുകാരുടെ വിയര്‍പ്പാണ് മുഖ്യമായും ജയില്‍ ഉത്പന്നങ്ങള്‍ക്ക് പിന്നില്‍. ഇത് മാനിക്കപ്പെടുകയും അംഗീകരിക്കുകയും വേണം. കഠിനാധ്വാനത്തിന് തുച്ഛവേതനം ജനാധിപത്യ മര്യാദക്ക് നിരക്കാത്തതാണ്. പുതിയ നിരക്കുകള്‍ നടപ്പാകുന്നതു വഴി അധ്വാനത്തിന് അര്‍ഹമായ മൂല്യം ലഭിക്കുന്നുവെന്ന ബോധം തടവുകാരുടെ ആത്മവിശ്വാസം വളര്‍ത്തുകയും ജയിലിലെ വ്യാവസായിക സംരംഭങ്ങള്‍ക്ക് അത് ഉത്തേജനമാകുകയും ചെയ്യും.
തടവുകാരുടെ വേതനം വര്‍ധിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുമുണ്ട്. വേതനം മിനിമം വേജസ് ആക്ടിന്റെ പരിധിക്കനുസൃതമായി പരിഷ്‌കരിക്കണമെന്നാണ് സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശം. കഠിന തടവിന് ശിക്ഷിക്കപ്പെട്ടവരാണെങ്കിലും ജയിലില്‍ അവര്‍ ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും വേതനത്തിന്റെ ഒരു നിശ്ചിത ശതമാനം (25 മുതല്‍ 33 ശതമാനം വരെ) അവരുടെ കുറ്റകൃത്യത്തിന് ഇരയായവര്‍ക്കോ ഇരകളുടെ ബന്ധുക്കള്‍ക്കോ നല്‍കണമെന്നും വിധിയില്‍ പറയുന്നു. ഗുജറാത്ത് സര്‍ക്കാറിനെതിരായ കേസില്‍ 1998ലായിരുന്നു പരമോന്നത കോടതിയുടെ ഈ ഉത്തരവ്.
ഐക്യരാഷ്ട്ര സഭക്കുമുണ്ട് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട്. ‘നെല്‍സണ്‍ മണ്ടേല റൂള്‍സ്’ എന്നറിയപ്പെടുന്ന ഈ നിയമപ്രകാരം തടവുകാര്‍ ചെയ്യുന്ന ജോലിക്ക് കൃത്യമായ വേതനം നല്‍കണം. അത് നാമമാത്രമാകരുത്. ജയില്‍ അന്തേവാസിയുടെ ആവശ്യങ്ങള്‍ക്കും കുടുംബത്തെ സഹായിക്കാനും ഉപകരിക്കുന്ന തരത്തിലുമായിരിക്കണം. വേതനം നല്‍കാതെ അവരുടെ അധ്വാനത്തെ ചൂഷണം ചെയ്യാന്‍ പാടില്ല.
വേതനത്തില്‍ ഒരു നിശ്ചിത തുക തടവുകാരന്റെ പേരില്‍ സേവിംഗ് ഫണ്ടായി സൂക്ഷിക്കുകയും ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പുരധിവാസത്തിനായി നല്‍കുകയും വേണം. പുറത്തുള്ള തൊഴിലാളികള്‍ക്ക് ലഭിക്കുന്ന അതേ സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ പരിരക്ഷയും ജയിലിനകത്തെ തൊഴിലാളികള്‍ക്കും ലഭിക്കണമെന്നും യു എന്‍ അനുശാസിക്കുന്നു.
കുടുംബത്തിന്റെ അത്താണിയായിരുന്നവരാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ നല്ലൊരു പങ്കും. അത്തരക്കാര്‍ ജയിലിലാകുന്നതോടെ അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മാതാപിതാക്കളും ഭാര്യയും മക്കളും പട്ടിണിയിലാകും. വര്‍ധിപ്പിച്ച വേതനത്തിന്റെ ഒരു നിശ്ചിത ശതമാനം തടവുകാരുടെ വീടുകളിലേക്ക് അയച്ചു കൊടുക്കാനും അവരുടെ കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനും സാധിക്കും. കുറ്റകൃത്യം ചെയ്ത വ്യക്തി അനുഭവിക്കുന്ന ശിക്ഷ, അയാളുടെ നിഷ്‌കളങ്കരായ കുടുംബം കൂടി അനുഭവിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ തൊഴിലിന് മാന്യവേതനം സഹായകമാകും.
സാമ്പത്തിക തകര്‍ച്ചയാണ് ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്ന ഒരു വ്യക്തി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കൈയില്‍ പണമില്ലാത്ത സാഹചര്യവും വീണ്ടും ജോലി ലഭിക്കാനുള്ള പ്രയാസവും ജയില്‍ മോചിതരെ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനിടയുണ്ട്. പുതിയ വേതന വര്‍ധന വഴി ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഗണ്യമായ തുക അവരുടെ കൈവശമുണ്ടാകും. ഇതുപയോഗിച്ച് ചെറിയ തൊഴിലോ ജീവിത മാര്‍ഗമോ കണ്ടെത്താനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാനും അവരെ പ്രാപ്തരാക്കിയേക്കാം.
ലോകത്തെ ജനാധിപത്യ രാജ്യങ്ങളെല്ലാം ജയിലിലെ തൊഴില്‍, പുനരധിവാസത്തിന്റെ ഭാഗമായി അംഗീകരിക്കുകയും വേതനം നല്‍കുകയും ചെയ്യുന്നുണ്ട്. എങ്കിലും ജോലിയുടെ നിരക്ക്, സ്വഭാവം, അത് നിര്‍ബന്ധമാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്തമാണ്. പൊതുവെ പുറത്തുള്ള വേതനത്തെ അപേക്ഷിച്ച് കുറവാണ് ജയിലിലെ വേതനം. അമേരിക്കന്‍ ഐക്യനാടുകളില്‍ മണിക്കൂറിന് 0.14 ഡോളര്‍ (ഏകദേശം 12 രൂപ) മുതല്‍ 1.41 (120 രൂപ) ഡോളര്‍ വരെയാണ് നല്‍കി വരുന്നത്. തീരെ വേതനം നല്‍കാത്ത സംസ്ഥാനങ്ങളുമുണ്ട് യു എസില്‍. ബ്രിട്ടനിലും ഫ്രാന്‍സിലും സ്വമേധയാ സ്വീകരിക്കാവുന്നതാണ് തടവുകാര്‍ക്ക് തൊഴില്‍. നിര്‍ബന്ധമില്ല. വേതനം കുറവാണ്. നോര്‍വെ പോലുള്ള രാജ്യങ്ങളിലെ ജയില്‍ സംവിധാനം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയതാണെങ്കിലും അവിടെയും തൊഴിലിന് വേതനം കുറവാണ്. വികസിത രാജ്യങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ പുതുക്കിയ നിരക്ക് ആശാവഹമാണ്.





