Connect with us

karnataka election

കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

Published

|

Last Updated

ബെംഗളൂരു | ഒരു മാസത്തിലേറെ നീണ്ട ചൂടുപിടിച്ച പ്രചാരണത്തിനൊടുവിൽ കർണാടക ഇന്ന് ബൂത്തിലെത്തി. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 5.31 കോടി വോട്ടർമാരാണ് വിധിയെഴുതുക. 224 മണ്ഡലങ്ങളിലായി 2,615 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 58,545 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ കാസർകോട്- കർണാടക അതിർത്തികളിലടക്കം കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി.

കര്‍ണാടക ജനതയൊന്നടങ്കം, പ്രത്യേകിച്ച്, യുവജനതയും കന്നിവോട്ടര്‍മാരും ബൂത്തിലെത്തി ജനാധിപത്യോത്സവത്തെ സമ്പുഷ്ടമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. പരമാവധി ആളുകള്‍ വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 40 കമ്മീഷന്‍ രഹിത, പുരോഗമന കര്‍ണാടക നമുക്കൊന്നിച്ച് പടുത്തുയര്‍ത്താമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷമായ കോൺഗ്രസ്സും തമ്മിലാണ് പ്രധാന മത്സരം. ആർക്കും കേവല ഭൂരിപക്ഷം നേടാനാകാതെ വന്നാൽ കിംഗ് മേക്കറാകാനുള്ള നീക്കത്തിലാണ് ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ കവാടമായ കർണാടകയിൽ വിജയം ബി ജെ പിക്ക് അഭിമാനപ്രശ്‌നമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ് (യു പി), ഹിമന്ത ബിശ്വശർമ (അസം) ഉൾപ്പെടെയുള്ള താരപ്രചാരകരാണ് ബി ജെ പിക്കായി രംഗത്തിറങ്ങിയത്.

പ്രചാരണത്തിന്റെ അവസാന ദിനങ്ങളിൽ മോദി നടത്തിയ റോഡ് ഷോ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ കോൺഗ്രസ്സിലേക്ക് കൂടുമാറിയത് ബി ജെ പിക്ക് തിരിച്ചടിയാകും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ളവർ കോൺഗ്രസ്സിനായി രംഗത്തിറങ്ങി. മിക്ക അഭിപ്രായ സർവേകളും കോൺഗ്രസ്സിനാണ് മുൻതൂക്കം നൽകുന്നത്. ജെ ഡി എസ് ശക്തികേന്ദ്രമായ മൈസൂരു മേഖലയിൽ നിന്ന് കൂടുതൽ സീറ്റ് സ്വന്തമാക്കാനാണ് ബി ജെ പിയും കോൺഗ്രസ്സും ശ്രമിക്കുന്നത്. പഞ്ചാബില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും മേഘാലയ, ഒഡീഷ, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പും ഇന്നാണ്.

Latest