Connect with us

interview

കവിത അന്തസ്സംഘർഷങ്ങളുടെ യുദ്ധഭൂമി

ബാല്യകാലത്ത് കുഞ്ഞുങ്ങളെല്ലാം ഭാവനയുള്ളവരാണ്. വളർച്ചയുടെ പല പടവുകളിൽ വെട്ടവും വെള്ളവും ലഭിക്കാതെ അവ മറഞ്ഞുപോകുന്നു എന്നു മാത്രം. നിറയെ പുസ്തകങ്ങളുള്ള വീട്ടിൽ ജനിച്ചത് ആയുസ്സിന്റെ ഭാഗ്യം.

Published

|

Last Updated

? പ്രതിഭാധനനായ കവി, ചലച്ചിത്ര ഗാനരചയിതാവ്, പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനും മലയാളികൾക്ക് പ്രിയങ്കരനുമാണ് പി കെ ഗോപി . അദ്ദേഹത്തിന്റെ നിഴലിൽ നിന്നുകൊണ്ട് മകൾ ആര്യാ ഗോപി എന്ന കവിയുടെ തുടക്കവും വളർച്ചയും എങ്ങനെയായിരുന്നു? അക്കാലത്ത് ബാലപംക്തികളിൽ സജീവമായിരുന്നില്ലേ?

ബാല്യകാലത്ത് കുഞ്ഞുങ്ങളെല്ലാം ഭാവനയുള്ളവരാണ്. വളർച്ചയുടെ പല പടവുകളിൽ വെട്ടവും വെള്ളവും ലഭിക്കാതെ അവ മറഞ്ഞുപോകുന്നു എന്നു മാത്രം. നിറയെ പുസ്തകങ്ങളുള്ള വീട്ടിൽ ജനിച്ചത് ആയുസ്സിന്റെ ഭാഗ്യം. എഴുത്തും വായനയും നൃത്തവും നിറങ്ങളും സംഗീതവും കാട്ടിത്തന്ന വഴികൾ പുതുമ നിറഞ്ഞതായിരുന്നു. നിരവധി എഴുത്തുകാരെ കണ്ടുവളരാനായി. എഴുത്തുവഴിയിലെ അക്ഷരച്ചിട്ടകൾ പയറ്റിത്തെളിഞ്ഞ അച്ഛൻ വലിയ പ്രചോദനമായി. അച്ഛനെപ്പോലെ കവിത ചൊല്ലണമെന്ന ആഗ്രഹം ആവേശമായി. ആദ്യ കവിത അച്ചടിച്ചു വന്നത് നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. എഴുത്തെന്ന വലിയ സാധ്യത കൺമുന്നിൽ കാട്ടിത്തന്നത് മായാജാലമല്ലായിരുന്നു; യാഥാർഥ്യത്തിന്റെ നേർച്ചിത്രങ്ങളായിരുന്നു. മുതിർന്നപ്പോൾ എഴുത്തിന്റെ രൂപം, ഭാവം എല്ലാം മാറി. കാലത്തോടൊപ്പം നമ്മോടൊപ്പം അക്ഷരങ്ങളാണോ എഴുത്തിനോടൊപ്പം നമ്മളാണോ സഞ്ചരിക്കുന്നത് എന്ന ചോദ്യം മാത്രം ബാക്കി.

? കവിതയെഴുത്ത് ഒരു ഓട്ട മത്സരമല്ല, ആര്യക്ക്. പതുക്കെയാണ് നടത്തം. അതുകൊണ്ടു തന്നെ വലിയ കവിക്കൂട്ടങ്ങളിൽ അംഗവുമല്ല. സ്വകാര്യമായ ദുഃഖ വഴിയാണോ കവിത ?
എന്തിനെഴുതുന്നു.?! എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നയന്ന് ഒരു കവി മരിച്ചുപോകും എന്നാണ് ഞാൻ കരുതുന്നത്. കവിതയുടെ ഉപ്പംശം നിറയാത്ത സുഖമോ ദുഃഖമോ ഉണ്ടോ? അതൊരു ഒഴുക്കാണ്. കെട്ടിനിൽക്കുന്നത് എന്തും കവിതക്ക് അന്യം. ജൈവികമായ വളർച്ചയും തളർച്ചയും വിളർച്ചയും സ്വാഭാവികം. മത്സരയോട്ടത്തിന്റെ പക മനസ്സിൽ നിറച്ച് കവിതയെഴുതാനാകുമോ? കുതിരക്കും കടുവക്കും ആനക്കും മാത്രമല്ല ഉറുമ്പിനും ഒച്ചിനും കൂടി അവകാശപ്പെട്ടതാണല്ലോ ഭൂമി. ഞാൻ ഇഴഞ്ഞും തുഴഞ്ഞും നടന്നു അക്ഷരത്തെ തൊടുന്നു. ചിലർ കുതിച്ചു ചാടി എത്തുന്നു. ലക്ഷ്യം ഒന്നു തന്നെ. മാർഗത്തിന് ഓരോ വ്യക്തിയുടെയും ഛായ. എന്തിനേറെ പറയുന്നു കവിത അവളവളുടെ ആത്മഛായയല്ലാതെ വേറെന്താണ് ?!

? ആദ്യ കാലത്ത് സ്വാധീനിച്ച കവിതകൾ / കവികൾ ഏതൊക്കെ ആരൊക്കെയെന്ന് പറയുമ്പോൾ തന്നെയും വായനയിൽ സമീപകാലത്ത് ഉള്ളുലച്ച ഒരു കൃതി ഏതാകാം?
വായിച്ചതൊന്നും വെറുതെയായില്ലല്ലോ? മഹാപാരമ്പര്യത്തിന്റെ കൊടുമുടി മുതൽ ജനപ്രിയ സാഹിത്യത്തിന്റെ അടിവേരു വരെ വായന പരന്നുകിടക്കുന്നു. ആത്മസംതൃപ്തി തരുന്ന പുസ്തകങ്ങൾ പലയാവർത്തി വായിക്കാറുണ്ട്. എഴുത്തച്ഛന്റെ ഭാഷ, പൂന്താനത്തിന്റെ തത്ത്വശാസ്ത്രം, കുഞ്ചൻ നമ്പ്യാരുടെ ചാട്ടുളി പ്രയോഗങ്ങൾ, ശ്രീനാരായണ ഗുരുവിന്റെ വേദാന്തം, ആശാന്റെ ദർശനം, വൈലോപ്പിള്ളിയുടെ വൈകാരികത അങ്ങനെ പലരിൽ നിന്ന് പാറ്റിക്കൊഴിച്ചെടുക്കുന്ന നെല്ലും പതിരും ഒരു വിരൽപൊട്ടോളം മാത്രം സ്വന്തം. പഠിച്ചത് ഇംഗ്ലീഷ് സാഹിത്യമായിരുന്നു. വായന കാട് കയറാതെ തരമില്ലല്ലോ. ഗവേഷണ വിഷയം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്ന്. കവിത മാത്രമല്ലാതെ നോവലായും ഗദ്യരചനകളായും കഥകളായും ആത്മരേഖകളായും പടർന്നുകിടന്ന വായനയുടെ ഭൂപടം. അതിൽ വഴിതിരയലാണ് “വായന’ എന്ന ഒട്ടും എളുപ്പമല്ലാത്ത കലയിലൂടെ നാമെല്ലാം ചെയ്യുന്നത്.

? ഒപ്പം സഞ്ചരിക്കുന്ന മലയാളത്തിലെ പുതു കവിതകളെ / കവികളെ എങ്ങനെ വിലയിരുത്തുന്നു ?
ഒപ്പം സഞ്ചരിക്കുന്ന എല്ലാ കവികളും അത്യധ്വാനികളാണ്. കവിത അളന്ന് തിട്ടപ്പെടുത്തി അവർ സ്വയം പ്രകാശിപ്പിക്കുന്നു. കുറുക്കുവഴികളില്ലാത്ത ഒരു യാത്രയാണ് എഴുത്ത്. കൃത്രിമമായ ഭാഷയിൽ എഴുതാത്തവർ നിലനിക്കും. കസർത്തുകൾ കവിതക്ക് എന്നല്ല, എല്ലാ കലയിലും അൽപ്പായുസ്സുകളാണ്. നാട്യമില്ലാത്ത കുറച്ച് സമകാലീനരായ എഴുത്താളരെ കൃത്യമായി പിന്തുടരാറുണ്ട്. അയഥാർഥമായ, അസ്വാഭാവികമായ, യാതൊന്നിനും ഞാൻ എന്റെ കവിതയെ വിട്ടുനൽകില്ല. നിരന്തരം എഴുതാനാകുന്നത് സ്വപ്നം. അങ്ങനെ ചെയ്യുന്നവരോട് ബഹുമാനം. പല താത്പര്യങ്ങളാൽ സൃഷ്ടിക്കപ്പെട്ട എഴുത്ത് സംഘങ്ങളുണ്ട്. പ്രായം, ലിംഗം, മതം, ജാതി, രാഷ്ട്രീയം, ദേശം… അങ്ങനെ പല അടിസ്ഥാനത്തിൽ അത് പ്രവർത്തിക്കുന്നു. തലതൊട്ടപ്പനോ തലതൊട്ടമ്മയോ ഇല്ലാത്തതിനാൽ ഞാൻ അതിലൊന്നുമില്ല. വഴിമാറിയാണ് നടത്തം. പലപ്പോഴും ഒറ്റക്ക്.

? അച്ഛനെ കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? അച്ഛൻ പിന്നിട്ട വഴികൾ, ബന്ധുക്കൾ, ചങ്ങാതിമാർ , അങ്ങനെ ഒരന്വേഷണം, ഓർമകൾ …?
അച്ഛന്റെ കവിതകളെല്ലാം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റണം എന്ന വലിയൊരു ആഗ്രഹം ഉണ്ട്. സാഹചര്യവും സമയവും ഒത്തുവന്നാൽ അത് ചെയ്തുതുടങ്ങും. അച്ഛന്റെ അനുഭവങ്ങൾക്ക് വലിയ ആഴമുണ്ട്. തീക്കടൽ താണ്ടിയെത്തിയ തിരുമധുരം പോലെയാണവ. അവ ചേർത്തുവെച്ചാൽ വെറും ഒരു ഭൂതകാല ചിത്രണമല്ല, മറിച്ച് ഉജ്ജ്വലമായ ഒരു ജീവിതത്തിന്റെ നേർസാക്ഷ്യമാകും കാണാനാകുക.

“ഞാനുരച്ചതിനെല്ലാം കാലമാണുരകല്ല്’ എന്ന് പറയുന്ന അദ്ദേഹത്തിന്റെ ധൈര്യവും “നീ വഴിമുടക്കി പണിത മേലാപ്പുകൾ -ക്കുയരെയാണെന്റെ സഞ്ചാരസാധകം’ എന്ന ആത്മവിശ്വാസവും ഞാൻ അതേപടി പകർത്താൻ ശ്രമിക്കാറുണ്ട്. അന്തസ്സംഘർഷങ്ങളുടെ യുദ്ധഭൂമിയാണ് കവിത. സിദ്ധാന്തങ്ങളിൽ നിന്നല്ല കവിത പിറക്കുന്നത്. മറിച്ച് ലൗഗികതയും ഭൗതികവും ഉൾച്ചേരുന്ന തത്ത്വങ്ങൾ കവിതയിൽ നിന്നാണ് പിറക്കുന്നത് എന്ന് അച്ഛൻ കാട്ടിത്തരുന്നു. യതിഗുരുവും നാരായണ ഗുരുവും അച്ഛനിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആർക്ക് മുന്നിലും നട്ടെല്ല് വളയ്ക്കാത്ത ധീരമായ ഒരു പ്രയാണമാണ് അച്ഛന്റെ എഴുത്ത്. അത് പകർത്താനായാൽ ഭാഗ്യമെന്നേ പറയേണ്ടു.