Aksharam Education
പ്ലാസ്റ്റിക് ജീവിതത്തിലെ കൂട്ടുകാരനും വില്ലനും
അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെ ഈ കൂട്ടുകാരൻ ഇന്ന് പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്
ഭാരക്കുറവും കുറഞ്ഞ വിലയും കാരണം മനുഷ്യന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായി മാറിക്കഴിഞ്ഞിരിക്കുന്നു പ്ലാസ്റ്റിക്. രാവിലെ ഉണർന്നാൽ പല്ല് തേക്കാൻ ഉപയോഗിക്കുന്ന ബ്രഷ് മുതൽ രാത്രി കിടക്കാൻ നേരം ഓഫ് ചെയ്യുന്ന ലൈറ്റിന്റെ സ്വിച്ച് വരെ പ്ലാസ്റ്റിക് ആണ്. നമ്മൾ ജീവിക്കുന്നത് തന്നെ പ്ലാസ്റ്റിക്കിന്റെ ലോകത്താണെന്ന് പറയാം.
അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെ ഈ കൂട്ടുകാരൻ ഇന്ന് പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ഒരു നിമിഷത്തെ ആവശ്യത്തിനായി ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് നൂറ്റാണ്ടുകളോളം ഈ ഭൂമിയിൽ മാറാവ്യാധിയായി അവശേഷിക്കുന്നു. എന്താണ് പ്ലാസ്റ്റിക് വരുത്തിവെക്കുന്ന വിനയെന്ന് നോക്കാം.
പ്ലാസ്റ്റിക് ഒരു അനുഗ്രഹമായാണ് വന്നതെങ്കിലും അമിതമായ ഉപയോഗവും സ്വാർഥതയും അതിനെ ഒരു ശാപമാക്കി മാറ്റി. പ്ലാസ്റ്റിക്കിന്റെ ഏറ്റവും വലിയ ഗുണം അത് പെട്ടെന്ന് നശിച്ചുപോകില്ല എന്നതാണ്. അതേ ഗുണം തന്നെയാണ് അതിന്റെ ഏറ്റവും വലിയ ശാപവും. ഒരു തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഉൾപ്പെടെ മണ്ണിൽ ലയിച്ചുചേരാൻ 450 മുതൽ 1000 വർഷം വരെ സമയമെടുക്കും.
പ്രതിസന്ധികൾ
വായു മലിനീകരണം: പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന “ഡയോക്സിൻ’ പോലുള്ള മാരക വാതകങ്ങൾ ശ്വസിക്കുന്നത് ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു.
ജല മലിനീകരണം: കോടിക്കണക്കിന് ടൺ പ്ലാസ്റ്റിക്കാണ് ഓരോ വർഷവും കടലിൽ ചെന്നടിയുന്നത്. പ്ലാസ്റ്റിക് കവറുകൾ ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് തിന്നുന്ന തിമിംഗലങ്ങൾ, കടലാമകൾ തുടങ്ങിയ നൂറുകണക്കിന് ജീവികൾ ശ്വാസം മുട്ടിയും ദഹനം നടക്കാതെയും ചത്തുപൊങ്ങുന്നു.
ആരോഗ്യ ഭീഷണി: കാലപ്പഴക്കം കൊണ്ട് പ്ലാസ്റ്റിക് വളരെ ചെറിയ തരികളായി മാറും. ഇവ മീനുകളുടെയും മറ്റ് ജീവികളുടെയും ശരീരത്തിലും അവയിലൂടെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലുമെല്ലാം എത്തിച്ചേരും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
മണ്ണ് മലിനീകരണം: മണ്ണിൽ കിടക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്നത് തടയുന്നു. ഇത് ഭൂഗർഭ ജലനിരപ്പ് താഴാൻ കാരണമാകുന്നു. ചെടികളുടെ വേരുകൾ ആഴത്തിൽ ഇറങ്ങുന്നതിനെ ഇത് തടസ്സപ്പെടുത്തുന്നു.
അത്ഭുത വസ്തു
ബെൽജിയംകാരനായ ലിയോ ബാക്ലാൻഡ് എന്ന ശാസ്ത്രജ്ഞനാണ് 1907ൽ ആദ്യമായി കൃത്രിമ പ്ലാസ്റ്റിക് കണ്ടുപിടിച്ചത്. തുടക്കത്തിൽ ഇതൊരു വലിയ വിപ്ലവമായിരുന്നു. ആനക്കൊമ്പ്, മരം, ലോഹങ്ങൾ എന്നിവക്ക് പകരമായി പ്ലാസ്റ്റിക് ഉപയോഗിക്കാൻ തുടങ്ങിയതോടെ പ്രകൃതിവിഭവങ്ങൾ കുറേയേറെ സംരക്ഷിക്കപ്പെട്ടു. വൈദ്യുത ഉപകരണങ്ങൾ, മെഡിക്കൽ സിറിഞ്ചുകൾ, കമ്പ്യൂട്ടറുകൾ, വിമാനത്തിന്റെ ഭാഗങ്ങൾ എന്നിവയിലെല്ലാം പ്ലാസ്റ്റിക് നൽകിയ സംഭാവന ചെറുതല്ല. അതുകൊണ്ട് തന്നെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളിലൊന്നായാണ് പ്ലാസ്റ്റിക് കണക്കാക്കപ്പെട്ടത്.
ഭൂമിയെ രക്ഷിക്കാൻ
ഭൂമിയെ രക്ഷിക്കാൻ ഏറ്റവും വലിയ പങ്കുവഹിക്കാൻ സാധിക്കുന്നത് നമുക്കാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങളോട് (കവറുകൾ, സ്ട്രോകൾ) നോ പറയാൻ ശീലിക്കുക, പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കടയിൽ പോകുമ്പോൾ തുണിസഞ്ചി കരുതുക, നിലവിലുള്ള പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും കളയാതെ വീണ്ടും ഉപയോഗിക്കുകയോ പ്രയോജനപ്രദമായ മറ്റ് സാധനങ്ങൾ (ഉദാഹരണത്തിന് പൂച്ചട്ടികൾ, പേനപ്പാത്രങ്ങൾ) ഉണ്ടാക്കുകയോ ചെയ്യുക, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി ശേഖരിച്ച് പുനരുത്പാദനത്തിന് നൽകുക. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കുക എന്നത് ഇന്നത്തെ കാലത്ത് എളുപ്പമല്ലായിരിക്കാം, എന്നാൽ അതിന്റെ അനാവശ്യമായ ഉപയോഗം കുറയ്ക്കാൻ സാധിക്കും.
Content Highlights: Plastic has become an essential part of daily life but poses severe threats to nature and human health due to its non-biodegradable nature. It causes widespread air, water, and soil pollution, endangering wildlife and marine ecosystems. We can protect the planet by reducing single-use plastics and promoting recycling practices.



