National
അധികാരം പോയ തൃണമൂലിനെ പാര്‍ട്ടി നേതാക്കള്‍ കയ്യൊഴിയുന്നു; മമത വിളിച്ച എം എല്‍ എ മാരുടെ യോഗത്തില്‍ പങ്കെടുത്തത് 80 ല്‍ 20 പേര്‍
ചാടാന്‍ തയ്യാറായ തൃണമൂല്‍ നേതാക്കളെ ബി ജെ പിയില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി നേരിട്ട് ഇറങ്ങി
കൊല്‍ക്കത്ത | തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ മമതാ ബാനര്‍ജിയെ പാര്‍ട്ടി എം എല്‍ എ മാരും കൈവിടുന്നു. മമത വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ 80ല്‍ 20പേര്‍ മാത്രമാണ് പങ്കെടുത്തത്. ടി എം സിയിലെ പൊട്ടിത്തെറി നിരീക്ഷിക്കുന്ന ബി ജെ പി ചാടാന്‍ തയാറായ നേതാക്കളെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. വിവിധ ജില്ലകളിലായി പര്യടനം തുടരുന്ന മുഖ്യമന്ത്രി സുവേന്ദു അധികാരി നേതാക്കളുമായി നേരിട്ട് കൂടികാഴ്ചകള്‍ നടത്തി പാര്‍ട്ടിയില്‍ എത്തിക്കാനാണു ശ്രമിക്കുന്നത്.
അധികാരം നഷ്ടപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസിലെ തമ്മിലടി മൂക്കുകയാണ്. ജനങ്ങള്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരെ രോഷ പ്രകടനം പതിവാക്കിയതോടെ നേതാക്കളാകെ പരിഭ്രാന്തിയിലായി.പ്രാദേശിക നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കിന് പിന്നാലെ നേതാക്കള്‍ പരസ്യമായി തമ്മിലടി തുടങ്ങിയതോടെ മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും കടുത്ത പ്രതിസന്ധിയിലായി. ഇന്നലെയാണ് ബരാസത് എംപിയും ടിഎംസി വനിതാ വിഭാ?ഗം ദേശീയ അധ്യക്ഷയുമായിരുന്ന കാകോലി ഘോഷ് ദസ്തിദാര്‍ ശ്രീറാംപൂര്‍ എംപിയും മുതിര്‍ന്ന നേതാവുമായ കല്യാണ്‍ ബാനര്‍ജിക്കെതിരെ ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്ക് പരാതി നല്‍കിയത്.
പാര്‍ലമെന്റിനകത്ത് നിരന്തരം കല്യാണ്‍ ബാനര്‍ജി വനിതാ നേതാക്കളെ അപമാനിച്ചെന്നാണ് പരാതിയിലുള്ളത്. ലോക്‌സഭാ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും കാകോലിയെ മാറ്റി കല്യാണ്‍ ബാനര്‍ജിയെ നിയമിച്ചതിന് പിന്നാലെയാണ് പരാതി നല്‍കിയത്. ആരുടെയോ പ്രേരണയാലാണ് പരാതിയെന്ന് കല്യാണ്‍ ബാനര്‍ജി തിരിച്ചടിച്ചു. കല്യാണ്‍ ബാനര്‍ജിക്കെതിരെ പോലീസിലും പരാതി നല്‍കുമെന്ന് കാകോലി പറഞ്ഞു.
കാകോലിക്ക് പിന്നാലെ ദേശീയ വക്താവ് സ്ഥാനത്തുനിന്ന് രാജിവച്ച മുന്‍ എംപി ശന്തനു സെന്നും അഴിമതിയില്‍ മുങ്ങികുളിച്ച ടി എം സിയെ ബംഗാളിലെ ജനം തള്ളികളഞ്ഞെന്ന് തുറന്നടിച്ചു. മറ്റൊരു വക്താവ് ബിശ്വജിത് ദേബ് പാര്‍ട്ടി തകരാന്‍ അധികം സമയം വേണ്ടെന്നും ഇത്രയും അഴിമതി നടന്നിട്ടും മമതയും അഭിഷേകും അറിഞ്ഞില്ലെന്ന് കരുതാനാകില്ലെന്നും പറഞ്ഞു.







