Connect with us

International

വിവാഹശേഷം വധൂ വരന്മാര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മലയാളിയായ നവവരനും പൈലറ്റും മരിച്ചു

മൂവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് മരിച്ചത്. വധു മലയാളിയായ ജെസ്‌നി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്

Published

|

Last Updated

ജോര്‍ജിയ | അമേരിക്കയില്‍ വിവാഹശേഷം വധൂ വരന്മാര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് മരിച്ചത്. ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റായിരുന്നു.

വരന്‍ ഡേവും ഹെലികോപ്ടര്‍ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. വധു മലയാളിയായ ജെസ്‌നി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. നോര്‍ത്ത് ജോര്‍ജിയയില്‍ നടന്ന വിവാഹചടങ്ങിന് ശേഷം അറ്റ്‌ലാന്റയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. ഡോസണ്‍വില്ലിന് സമീപം വെള്ളിയാഴ്ച രാത്രി 10.30 ഓടെ ആണ് നവദമ്പതികള്‍ സഞ്ചരിച്ച റോബിന്‍സണ്‍ ആര്‍66 ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. പൈലറ്റ് ഉള്‍പ്പെടെ മൂന്നുപേരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ദുര്‍ഘടമായ പ്രദേശത്ത് ഹെലികോപ്ടര്‍ തകര്‍ന്നുവീണത് രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളി സൃഷ്ടിച്ചു. പരിക്കേറ്റ ഭാര്യ ജെസ്‌നി സുഖം പ്രാപിച്ചുവരുന്നു.

അഞ്ചു മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജെസ്‌നിയെ രക്ഷപ്പെടുത്തിയത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം അറ്റ്‌ലാന്റ നഗരത്തിലെ ഹോട്ടലിലേക്ക് പോകുകയായിരുന്നു നമ്പദമ്പതികള്‍. അപകടസമയം പ്രദേശത്ത് ശക്തമായ മൂടല്‍മഞ്ഞും മഴയും അനുഭവപ്പെട്ടിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുവാറ്റുപുഴയില്‍നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ അമേരിക്കയില്‍ കുടിയേറിയ കടവാക്കുഴിയില്‍ ഫിജി ജോര്‍ജ് -ഹേബ ഫിജി ദമ്പതികളുടെ മകനാണ് മരിച്ച ഡേവ് ഫിജി. തലവടി ചുണ്ടുകാട്ടില്‍ ജെസ്വിന്‍ വില്ലയില്‍ സാം ഉമ്മന്‍-ഷീല സാം ദമ്പതികളുടെ മകളാണ് പരിക്കേറ്റ ജെസ്‌നി സാം.

 

Latest