Connect with us

Kasargod

പാലക്കാട് - കണ്ണൂര്‍ എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടുന്നത് പരിഗണനയില്‍; നീലേശ്വരം സ്റ്റേഷനില്‍ വിപുലമായ വികസന പദ്ധതികള്‍

റെയില്‍വേയുടെ ഉറപ്പ് മലബാര്‍ മേഖലയിലെ റെയില്‍വേ വികസനത്തിന് പുതിയ ഊര്‍ജ്ജം നല്‍കുന്നതാണ്.

Published

|

Last Updated

നീലേശ്വരം |  മലബാര്‍ മേഖലയിലെ റെയില്‍വേ യാത്രാക്ലേശത്തിന് പരിഹാരമായി 16611 പാലക്കാട് – കണ്ണൂര്‍ എക്‌സ്പ്രസ് കാസര്‍ഗോഡ് വരെയോ മംഗലാപുരം വരെയോ നീട്ടുന്ന കാര്യം റെയില്‍വേ ഗൗരവമായി പരിഗണിക്കുന്നു. പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡി ആര്‍ എം)മധുക്കര്‍ റൗട്ട് നീലേശ്വരം റെയില്‍വേ ഡെവലപ്പ്‌മെന്റ് കളക്റ്റീവ് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ണ്ണായക വിവരം അറിയിച്ചത്. വടക്കന്‍ കേരളത്തിലെ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമായ ഈ മാറ്റം യാഥാര്‍ത്ഥ്യമാകുന്നതോടെ അന്തര്‍ജില്ലാ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. പുതുതായി സര്‍വീസ് ആരംഭിച്ച നാഗര്‍കോവില്‍ ജംഗ്ഷന്‍ – മംഗലാപുരം ജംഗ്ഷന്‍ അമൃത് ഭാരത് എക്‌സ്പ്രസ്സിന് യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണം റെയില്‍വേ അധികൃതര്‍ പ്രത്യേകം പരാമര്‍ശിച്ചു. നിലവിലെ തിരക്ക് തുടരുകയാണെങ്കില്‍ പ്രസ്തുത വണ്ടി ആഴ്ചയില്‍ കൂടുതല്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നതിനായി റെയില്‍വേ ബോര്‍ഡിന് ഡിവിഷന്‍ ശുപാര്‍ശ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രെയിന്‍ സര്‍വീസുകള്‍ക്ക് പുറമെ നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികളും അധികൃതര്‍ പ്രഖ്യാപിച്ചു. സ്റ്റേഷന്റെ നിലവിലുള്ള പ്രധാന കെട്ടിടത്തിന് മുകളില്‍ യാത്രക്കാര്‍ക്കായി ഡോര്‍മെറ്ററി സംവിധാനം ഒരുക്കും. പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള കെട്ടിടത്തില്‍ ഉയര്‍ന്ന ക്ലാസ് യാത്രക്കാര്‍ക്കായി അത്യാധുനിക രീതിയിലുള്ള ശീതീകരിച്ച വിശ്രമമുറികള്‍ സജ്ജമാക്കുമെന്ന് സീനിയര്‍ ഡിവിഷണല്‍ കമര്‍ഷ്യല്‍ മാനേജര്‍ അരുണ്‍ തോമസ് അറിയിച്ചു.

സ്റ്റേഷന്‍ പരിസരത്തെ ട്രാഫിക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റേഷന്‍ റോഡരികിലുള്ള നിലവിലെ പാര്‍ക്കിംഗ് സംവിധാനം പൂര്‍ണ്ണമായും മാറ്റും. പടിഞ്ഞാറ് ഭാഗത്ത് നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ആധുനിക പാര്‍ക്കിംഗ് സമുച്ചയത്തിലേക്ക് എല്ലാ വാഹനങ്ങളുടെയും പാര്‍ക്കിംഗ് മാറ്റാനാണ് പദ്ധതി. പഴയ പാര്‍ക്കിംഗ് സ്ഥലം ഒഴിവാകുന്നതോടെ അവിടെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന വിവിധോദ്ദേശ സ്റ്റാളുകള്‍ ആരംഭിക്കും. കൂടാതെ പാര്‍ക്കിംഗ് സ്ഥലത്തിന്റെ വടക്ക് ഭാഗത്തായി പുതുതായി സിന്തറ്റിക് ടര്‍ഫ് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായും റെയില്‍വേ മുന്നോട്ട് പോകുകയാണ്.

 

നീലേശ്വരത്ത് നടന്ന ചര്‍ച്ചയില്‍ ഡിവിഷണല്‍ മാനേജര്‍ക്ക് പുറമെ, അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്. ജയകൃഷ്ണന്‍, എന്‍.ആര്‍.ഡി.സി പ്രസിഡണ്ട് എന്‍. സദാശിവന്‍, വൈസ് പ്രസിഡണ്ട് പി.യു. ചന്ദ്രശേഖരന്‍, ജോയിന്റ് സെക്രട്ടറി കെ. ബാബുരാജ്, ട്രഷറര്‍ സി.എം. സുരേഷ് കുമാര്‍, ഗീത റാവു, എം. ബാലകൃഷ്ണന്‍, പി.ടി. രാജേഷ്, എ. വിവേക് എന്നിവര്‍ പങ്കെടുത്തു. യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന റെയില്‍വേയുടെ ഉറപ്പ് മലബാര്‍ മേഖലയിലെ റെയില്‍വേ വികസനത്തിന് പുതിയ ഊര്‍ജ്ജം നല്‍കുന്നതാണ്.

 

Latest