Kerala
'യു ഡി എഫ് സര്‍ക്കാര്‍ ധവളപത്രം തയ്യാറാക്കിയത് എ ഐ സഹായത്തോടെ'; ആരോപണവുമായി തോമസ് ഐസക്
രഹസ്യ രേഖകളെല്ലാം പബ്ലിക് ഡൊമെയ്നിലേക്ക് നല്‍കിയിരിക്കുന്നു. രഹസ്യ രേഖകള്‍ വിശകലനം ചെയ്യുന്നതിനുളള മാനദണ്ഡങ്ങളുടെ ലംഘനമാണിത്.
തിരുവനന്തപുരം | യു ഡി എഫ് സര്‍ക്കാര്‍ ധവളപത്രം തയ്യാറാക്കിയത് എ ഐയുടെ സഹായത്തോടെയാണെന്ന ആരോപണവുമായി സി പി എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വിശദീകരണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ധനവകുപ്പിലെ രഹസ്യ രേഖകളടക്കം എ ഐ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് വിശകലനം ചെയ്തിട്ടുളളതെന്നും 195 പേജ് വരുന്ന രേഖ ഒരാഴ്ച കൊണ്ട് തയ്യാറാക്കിയെന്ന് കണ്ടപ്പോള്‍ തന്നെ അത്ഭുതം തോന്നിയിരുന്നുവെന്നും ഐസക് പറഞ്ഞു. എ ഐ ഉപയോഗിക്കുന്നതിന് എതിര്‍പ്പൊന്നുമില്ല. പ്രശ്നം അതല്ല. രഹസ്യ രേഖകളെല്ലാം പബ്ലിക് ഡൊമെയ്നിലേക്ക് നല്‍കിയിരിക്കുന്നു എന്നതാണ്. രഹസ്യ രേഖകള്‍ വിശകലനം ചെയ്യുന്നതിനുളള മാനദണ്ഡങ്ങളുടെ ലംഘനമാണിത്. സുപ്രീം കോടതിയും ഹൈക്കോടതിയും കേന്ദ്ര ധനകാര്യ വകുപ്പും കേരള സര്‍ക്കാരും അത് വിലക്കിയിട്ടുള്ളതാണ്. അതായത് ഡിജിറ്റല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ലംഘനമാണ് നടന്നിരിക്കുന്നത്.
കേരളത്തിലെ വികസന കാര്യങ്ങള്‍ക്കുള്ള ചെലവ് മറ്റ് സംസ്ഥാനങ്ങളുടെ പകുതിയേക്കാള്‍ കുറവായി കാണിച്ചിരിക്കുന്നത് ഏതടിസ്ഥാനത്തിലാണെന്ന് അത്ഭുതപ്പെട്ടിരുന്നു. എ ഐയിലെ റിസര്‍വ് ബേങ്ക് ഡാറ്റയാണ് ഉപയോഗിച്ചാണിതെന്ന് പിന്നീടാണ് മനസ്സിലായത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണം ആര്‍ ബി ഐ ഡാറ്റയില്‍ ഉള്‍പ്പെടില്ല. അതിന്റെ ഫലമായി മൊത്തം കണക്കുകളും മാറുകയായിരുന്നു. ഇതൊരു ഉദാഹരണം മാത്രമാണെന്നും ഇതുപോലെ അബദ്ധങ്ങളും വസ്തുതാവിരുദ്ധമായ വിവരങ്ങളും അടങ്ങിയതാണ് ധവളപത്രമെന്നും തോമസ് ഐസക് പറഞ്ഞു. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ് ഈ ധവളപത്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.







