Connect with us

Owaisi's car fired

ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ്: രണ്ട് പ്രതികളും പിടിയില്‍; സി സി ടിവി ദൃശ്യങ്ങളും പുറത്ത്

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളില്‍ രണ്ട് യുവാക്കള്‍ വെടിയുതിര്‍ക്കുന്നത് വ്യക്തമായി കാണാം. ഒരാള്‍ ഹൂഡിയും മറ്റേയാള്‍ വെള്ള ജാക്കറ്റുമാണ് ധരിച്ചിരിക്കുന്നത്.

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്ത രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നു. അക്രമികള്‍ നാല് റൗണ്ട് വെടിയുതിര്‍ക്കുന്നത് ദ്യശ്യങ്ങളില്‍ കാണാം. രണ്ട് വെടിയുണ്ടകള്‍ പതിച്ചതിനെ തുടര്‍ന്ന് ഒവൈസിയുടെ കാറിന്റെ താഴ്ഭാഗത്ത് ദ്വാരമുണ്ടായി. തലനാരിഴക്കാണ് ഒവൈസി രക്ഷപ്പെട്ടത്.

ഗ്രേറ്റര്‍ നോയിഡക്കടുത്ത ബദല്‍പൂരിലെ സച്ചിന്‍, ഗാസിയാബാദ് സ്വദേശി ശുഭമി എന്നിവരാണ് അറസ്റ്റിലായത്. സച്ചിനെ സംഭവം നടന്നതിന് പിന്നാലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ശുഭമിയെ ഗാസിയാബാദ് ജില്ലയിലെ സിഹാനി ഗേറ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തിന് ശേഷം അക്രമികള്‍ തോക്ക് സ്ഥലത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

സച്ചിന്‍ സജീവ ബിജെപി പ്രവര്‍ത്തകനാണെന്നാണ് വിവരം. ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ദേശസ്‌നേഹിയായ ഹിന്ദു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാള്‍ ബിജെപിയുടെ ഗൗതം ബുദ്ധ നഗര്‍ എംപി ഡോ. മഹേഷ് ശര്‍മ്മയ്ക്കൊപ്പം പച്ച കുര്‍ത്തയും ധരിച്ചിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളില്‍ രണ്ട് യുവാക്കള്‍ വെടിയുതിര്‍ക്കുന്നത് വ്യക്തമായി കാണാം. ഒരാള്‍ ഹൂഡിയും മറ്റേയാള്‍ വെള്ള ജാക്കറ്റുമാണ് ധരിച്ചിരിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം മീററ്റ് ജില്ലയിലെ കിത്തോര്‍ പ്രദേശത്ത് ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് ശേഷം ഹാപൂര്‍-ഗാസിയാബാദ് വഴി ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് ഉവൈസിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ഹാപൂരിലെ പില്‍ഖുവ മേഖലയില്‍ ദേശീയ പാതയിലെ ചിജാര്‍സി ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്നതിനിടെ രണ്ട് യുവാക്കള്‍ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ഒവൈസിയുടെ കാറിന്റെ താഴത്തെ ഭാഗത്ത് രണ്ട് വെടിയുണ്ടകള്‍ പതിച്ചു. വെടിവയ്പ്പ് ടോള്‍ പ്ലാസയ്ക്ക് സമീപം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിവരമറിഞ്ഞ് ഗാസിയാബാദ്, ഹാപൂര്‍ ജില്ലകളിലെ പോലീസ് സ്ഥലത്തെത്തി.