Connect with us

Kerala

ഓര്‍ത്ത്‌ഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കം; ഇരു വിഭാഗങ്ങളും എം വി ഗോവിന്ദനെ കണ്ടു

നിയമനിര്‍മാണം നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിൽ ഇരു സഭകളും തങ്ങളുടെ ആവശ്യം ഉന്നയിച്ചു

Published

|

Last Updated

പത്തനംതിട്ട | യാക്കോബായ സഭയുമായുള്ള പള്ളി തര്‍ക്കത്തില്‍ നിയമനിര്‍മാണം നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ്-  യാക്കോബായ വിഭാഗ നേതാക്കൾ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടു. ജനപ്രതിരോധ യാത്രയുടെ ഭാഗമായി പത്തനംതിട്ടയിലായിരുന്നു  എം വി ഗോവിന്ദന്‍ ഇന്ന്.

പത്തനംതിട്ടയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ഓര്‍ത്തഡോക്‌സ് നേതാക്കളുടെ കൂടിക്കാഴ്ച. അടൂര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അപ്രേം, സഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവരാണ് ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയത്. ആശങ്കകള്‍ പരിഹരിക്കാനുളള ചര്‍ച്ചകള്‍ ഉണ്ടാവണമെന്ന് സഭ അവശ്യപ്പെട്ടു.

അതേസമയം, സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മാണത്തിന് തയ്യാറാകുന്ന ഇടത് സര്‍ക്കാരിന്  നന്ദി അറിയിച്ചാണ് യാക്കോബായ സുറിയാനി സഭാ നേതാക്കൾ എൺ വി ഗോവിന്ദനെ കണ്ടത്. തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലിത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലിത്തായാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി പത്തനംതിട്ടയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ ദിവസം ഭദ്രാസന കൗണ്‍സില്‍ യോഗം കൂടി ഇടത് സര്‍ക്കാരിന് പിന്തുണ അറിയിച്ചിരുന്നു.
കുമ്പഴ പാര്‍ക്ക് ഹോട്ടലില്‍ വച്ചാണ് സംസ്ഥാന സെക്രട്ടറിയെ കണ്ടത്. ഭദ്രാസന സെകട്ടറി ഫാ. എബി സ്റ്റീഫന്‍ , ഫാ. ഏലിയാസ് ജോര്‍ജ്, വൈദീക സെക്രട്ടറി ഫാ. ജിജി തോമസ് , സഭാ മാനേജിങ് കമ്മറ്റി അംഗങ്ങളായ ബിനു വാഴമുട്ടം, ജോര്‍ജ് ബാബു, ജയ്‌സണ്‍ ജീസസ് എന്നിവരാണ് സഭയെ പ്രതിനിധീകരിച്ച്  പങ്കെടുത്തത്.

Latest