Kerala
ഒറ്റക്കൈയ്യന്‍ ഗോവിന്ദച്ചാമി ജയില്‍ മതില്‍ ചാടിക്കടന്നത് വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി കയര്‍ പോലെയാക്കി; പുറത്തുനിന്നും സഹായം ലഭിച്ചതായും സംശയം
അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ അരംപോലുള്ള വസ്തു ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്.

കണ്ണൂര്‍ | ജയിലില്‍ നിന്നും രക്ഷപ്പെട്ട ഗോവിന്ദച്ചാമിക്കായി പോലീസ് ഊര്‍ജിത തിരച്ചില്‍. റെയില്‍വെ സേറ്റേഷനുകള്‍ ബസ് സ്റ്റാന്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുലര്‍ച്ചെ 1.15 നാണ് ഇയാള്‍ ജയില്‍ ചാടിയത്. സെല്ലില്‍ നിന്നും പ്രതി പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ അരംപോലുള്ള വസ്തു ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്
മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് ഏഴര മീറ്റര്‍ ഉയരമുള്ള മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും. ഒറ്റക്കൈ മാത്രമുള്ള േേഗാവിന്ദച്ചാമിക്ക് രക്ഷപ്പെടാന്‍ പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊര്‍ണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ വെച്ച് സൗമ്യ എന്ന പെണ്‍കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഗോവിന്ദച്ചാമി. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചു.