Connect with us

Articles

മണിപ്പൂരില്‍ നിന്ന് ഹരിയാനയിലെത്തുമ്പോള്‍

സംഘ്പരിവാറിന്റെ മനസ്സില്‍ എന്തായിരുന്നാലും ഹരിയാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും അക്രമികള്‍ക്കെതിരെ സത്വര നടപടിയെടുക്കാനും സര്‍ക്കാര്‍ ഉത്സാഹിച്ചു. അതിന് കാരണങ്ങള്‍ പലതാണ്.

Published

|

Last Updated

ഹരിയാനയില്‍ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ബ്രജ്മണ്ഡല്‍ ജലാഭിഷേക യാത്രക്ക് നേരേ നൂഹില്‍ വെച്ച് കല്ലേറുണ്ടായതാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചത്- ഇതാണ് ഇതിനകം പുറത്തുവന്ന ‘ഔദ്യോഗിക’ വിശദീകരണം. കല്ലേറ് നടത്തിയവരുടേതെന്ന് ആരോപിച്ചുകൊണ്ട് തൗറു ടൗണിലെ 250 കുടിലുകള്‍ ഹരിയാന അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ അനധികൃത താമസക്കാരെ ഒഴിപ്പിക്കുകയാണ് ചെയ്തത് എന്നാണ് അതോറിറ്റി വ്യക്തമാക്കിയത്. കഴിഞ്ഞ നാല് വര്‍ഷമായി അവിടെ താമസിക്കുന്ന ജനവിഭാഗം ഒരു സുപ്രഭാതത്തില്‍ അനധികൃത കുടിയേറ്റക്കാരായി മാറുകയാണ്. അല്ല, അങ്ങനെ മാറ്റപ്പെടുകയാണ്.

ഇക്കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തോന്നിയിട്ടില്ലാത്ത ‘അനധികൃത ശങ്ക’ ജലാഭിഷേക യാത്രക്കും അക്രമങ്ങള്‍ക്കും ശേഷം അധികൃതര്‍ക്ക് തോന്നിയതെങ്ങനെ? സത്യത്തില്‍ ഈ കുടിലുകള്‍ മണ്ണോട് ചേര്‍ക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചന ആയിരുന്നോ കല്ലേറും അക്രമങ്ങളും? ആരെങ്കിലും അങ്ങനെ സംശയിച്ചാല്‍ സര്‍ക്കാറിന് എന്തുണ്ട് മറുപടി. ആ കുടിലുകളില്‍ ആരാകും താമസിക്കുന്നുണ്ടാകുക എന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ. അന്തരീക്ഷത്തില്‍ അന്നെറിഞ്ഞ കല്ലുകള്‍ മാത്രം ബാക്കിയാകുന്നതും അനന്തരം അവിടെ നടന്ന അക്രമങ്ങളില്‍ പങ്കാളികളായവരുടെ വീടുകള്‍ക്ക് നേരേ ബുള്‍ഡോസറിന്റെ യന്ത്രക്കൈകള്‍ നീണ്ടുചെല്ലാത്തതും എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒറ്റശ്വാസത്തില്‍ മറുപടിയുണ്ട്; ഹരിയാന ഭരിക്കുന്നത് ബി ജെ പി സര്‍ക്കാറാണ്. കുറ്റം ചെയ്തത് ആരെന്നു കണ്ടെത്തുന്നതിന് മുമ്പേ കുടിലുകള്‍ ഇടിച്ചുനിരത്തുന്ന ബുള്‍ഡോസര്‍ രാജ് യു പിയുടെ പകര്‍പ്പല്ലാതെ മറ്റൊന്നുമല്ല. ഹരിയാന റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരുടെ ഇഷ്ട സംസ്ഥാനമാണ് എന്നത് തൗരുവിലെ കുടിയൊഴിപ്പിക്കലിനെ മറ്റൊരു തലത്തില്‍ വായിക്കാന്‍ കൂടി നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്.

ഗോരക്ഷാ ഗുണ്ടയെന്ന് കുപ്രസിദ്ധനായ, രണ്ട് മുസ്ലിം യുവാക്കളെ കാലിക്കടത്ത് ആരോപിച്ച് കത്തിച്ചു കൊന്ന കേസിലെ പ്രതി മോനു മനേസര്‍ വിശ്വഹിന്ദു പരിഷത്തിന്റെ ജലാഭിഷേക യാത്രയില്‍ പങ്കെടുക്കുമെന്ന വീഡിയോ സന്ദേശമാണ് പ്രകോപനത്തിലേക്ക് വഴിവെച്ചത്. യാത്രയിലെ വാഹനത്തിലൊന്നില്‍ മോനു മനേസര്‍ ഉണ്ടെന്ന് ആരോ പ്രചരിപ്പിച്ചു. അതില്‍ രോഷാകുലരായ ചിലര്‍ യാത്രക്ക് മാര്‍ഗ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും അത് കല്ലേറില്‍ കലാശിക്കുകയും ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തെ മുസ്ലിം യുവാക്കളില്‍ ചിലര്‍ ‘വൈകാരികമായി’ പ്രതികരിച്ചു എന്ന് പ്രദേശത്തെ ചില മുസ്ലിംകള്‍ തന്നെ മാധ്യമങ്ങളോട് പറയുന്നുണ്ട്. മോനു മനേസറിന്റെ വീഡിയോ സന്ദേശം ഒരു കെണിയായിരുന്നു. ആ കെണിയിലേക്ക് ചില മുസ്ലിം ചെറുപ്പക്കാര്‍ തലവെച്ചു കൊടുത്തു. സംഘ്പരിവാര്‍ ആഗ്രഹിച്ചതും അതുതന്നെയാണ്. അവര്‍ക്ക് ‘ഫീല്‍ഡിലിറങ്ങാന്‍’ അതൊരു നിമിത്തമായി. അവരുടെ കൈയില്‍ അത്യാധുനിക ആയുധങ്ങളുണ്ടായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ സാധ്യമാകുന്നത്ര അക്രമങ്ങള്‍ എന്നതായിരുന്നു അവരുടെ അജന്‍ഡ. കടകള്‍ക്കും വീടുകള്‍ക്കും തീയിട്ടു. പള്ളിയില്‍ അക്രമം അഴിച്ചുവിട്ടു. ഇമാമിനെ കൊല ചെയ്തു. നിരവധി പോലീസ് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. ഹോം ഗാര്‍ഡ് ഉള്‍പ്പെടെ ആറ് പേര്‍ ഇതുവരെ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക വിവരം. രണ്ട് പക്ഷത്തും ആള്‍നാശമുണ്ടായിട്ടുണ്ട്.

അതിനിടയില്‍ രണ്ട് നിരുത്തരവാദ പ്രസ്താവനകള്‍ അധികാരികളില്‍ നിന്നുണ്ടായി. ഒന്നാമത്തേത് ഹരിയാന ആഭ്യന്തര മന്ത്രിയുടേതായിരുന്നു. നൂഹില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഉടനെ അദ്ദേഹം പറഞ്ഞത് നൂഹിലെ നല്‍ഹാര്‍ മഹാദേവ ക്ഷേത്രത്തില്‍ 3,000-4,000 ഭക്തന്മാര്‍ ബന്ദികളാക്കപ്പെട്ടു എന്നാണ്. അത് സത്യമായിരുന്നില്ല എന്നാണ് ആ ക്ഷേത്രത്തിലെ പുരോഹിതന്‍ ദീപക് ശര്‍മ ദി വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് സംസാരിച്ചത്. ശോഭായാത്ര നടക്കുന്നതിനാല്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഇത്തരം ദിവസങ്ങളില്‍ അത് പതിവുള്ളതാണ്. അവര്‍ ഭഗവാന്റെ അഭയത്തിലാണ്. പിന്നെങ്ങനെ അവരെ ബന്ദികളാക്കാന്‍ കഴിയും. പുറത്ത് സംഘര്‍ഷം നടക്കുന്നുവെന്നറിഞ്ഞപ്പോള്‍ പലരും ക്ഷേത്രത്തില്‍ തന്നെ തങ്ങി- ഇത്രയുമാണ് ആ പുരോഹിതന്‍ പറഞ്ഞത്. ക്ഷേത്രം നിലകൊള്ളുന്ന സ്ഥലത്ത് നിന്ന് ഏറെ മാറിയാണ് സംഘര്‍ഷം നടന്നത്. ആ വാര്‍ത്ത പ്രചരിച്ചപ്പോള്‍ കാത്തിരിക്കാം എന്ന് സ്വമനസ്സാലെ തീരുമാനിച്ച ഭക്തരെ കുറിച്ചാണ് ‘ബന്ദികളാക്കപ്പെട്ടു’ എന്ന് ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞത്. എരിതീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു ആ പ്രസ്താവന. സര്‍ക്കാറില്‍ ക്രമസമാധാന ചുമതല വഹിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍ അതുണ്ടാക്കാവുന്ന പ്രത്യാഘാതം ചെറുതാകില്ല. സാധാരണക്കാരായ ഹിന്ദു വിശ്വാസികള്‍ പോലും പ്രകോപിതരാകാന്‍ അത് മതിയല്ലോ.

രണ്ടാമത്തെ പ്രസ്താവന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നാവില്‍ നിന്നായിരുന്നു. എല്ലാവര്‍ക്കും സംരക്ഷണം നല്‍കാന്‍ പോലീസിനോ സേനക്കോ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ജനങ്ങള്‍ക്ക് സമാശ്വാസവും സുരക്ഷയും ഉറപ്പുവരുത്തേണ്ട ഒരു ഭരണാധികാരിയാണിത് പറയുന്നത്. അതുണ്ടാക്കുന്ന അരക്ഷിതത്വത്തെ കുറിച്ച് ആലോചിച്ചുനോക്കൂ. ഹരിയാനയിലെ ബി ജെ പിയുടെ സഖ്യകക്ഷിയായ ജന്‍നായക് ജന്‍താ പാര്‍ടി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല അക്രമത്തിന്റെ കാരണക്കാരായി ചൂണ്ടിയത് സംഘ്പരിവാറിനെയാണ്. വി എച്ച് പിയും ബജ്‌റംഗ്ദളും ജലാഭിഷേക യാത്രയുടെ പൂര്‍ണ വിവരം ജില്ലാ അധികൃതര്‍ക്ക് കൈമാറിയില്ല, അതാണ് അക്രമം വ്യാപിക്കാനിടയാക്കിയത് എന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
സംഘ്പരിവാറിന്റെ മനസ്സില്‍ എന്തായിരുന്നാലും ഹരിയാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും അക്രമികള്‍ക്കെതിരെ സത്വര നടപടിയെടുക്കാനും സര്‍ക്കാര്‍ ഉത്സാഹിച്ചു. അതിന് കാരണങ്ങള്‍ പലതാണ്.

ഒന്ന്: വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ക്രൈസ്തവര്‍ക്ക് നേരേ നടക്കുന്ന വംശീയമായ അതിക്രമങ്ങളുടെ പേരില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പ് നേരിടുകയാണ് കേന്ദ്ര സര്‍ക്കാറും ബി ജെ പിയും. അവിടെ പുകയടങ്ങുന്നതിനു മുമ്പ് മറ്റൊരു സംസ്ഥാനത്ത് വേറൊരു ന്യൂനപക്ഷ സമുദായത്തിനെതിരെ കലാപം നടന്നാലുണ്ടാകുന്ന പ്രതിച്ഛായാ നഷ്ടം. അമേരിക്കയും യൂറോപ്യന്‍ യൂനിയനും മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയിരുന്നു. അതിന്റെ ചൂടാറും മുമ്പ് ഹരിയാന കത്തുന്നത് നരേന്ദ്ര മോദിയുടെ വിശ്വഗുരു മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ബി ജെ പി ഭയപ്പെട്ടു.

രണ്ട്: പഴയ പ്രതിപക്ഷമല്ല ഇപ്പോള്‍ രാജ്യത്തുള്ളത്. മുമ്പ് അവര്‍ ചിതറിക്കിടപ്പായിരുന്നു. ഇപ്പോള്‍ ‘ഇന്ത്യ’യെന്ന പേരില്‍ അവര്‍ ഐക്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലം പാര്‍ലിമെന്റിലും പുറത്തും പ്രകടമാണ്. മണിപ്പൂര്‍ വംശഹത്യ പ്രതിപക്ഷ സഖ്യം നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. പാര്‍ലിമെന്റില്‍ ബി ജെ പി അതിന്റെ പേരില്‍ നന്നായി വിയര്‍ക്കുന്നുമുണ്ട്. ഇനി ഒരു ഹരിയാന കൂടി ബി ജെ പിക്ക് താങ്ങാനാകില്ല.

മൂന്ന്: ഡല്‍ഹിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സംസ്ഥാനമാണ് ഹരിയാന. അവിടെ ഉണ്ടാകുന്ന ഏത് സുരക്ഷാ പ്രശ്‌നവും ക്രമസമാധാനത്തകര്‍ച്ചയും ഡല്‍ഹിയെക്കൂടി ബാധിക്കും. അതൊഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

നാല്: ഹരിയാന വലിയൊരു വ്യവസായ ഹബ്ബാണ്. അവിടെ ഉണ്ടാകുന്ന ഏത് വര്‍ഗീയ സംഘര്‍ഷവും വ്യവസായത്തെയും തൊഴില്‍ മേഖലയെയും ബാധിക്കും. സംസ്ഥാനത്ത് നിക്ഷേപിക്കാന്‍ വ്യവസായികള്‍ മടിക്കും. അത് വികസനത്തെ മുരടിപ്പിക്കും. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനെയും ഇത് സാരമായി ബാധിക്കും.

അഞ്ച്: ജന്‍നായക് ജന്‍താ പാര്‍ട്ടി(ജെ ജെ പി)ക്ക് പത്ത് അംഗങ്ങളുണ്ട് സഭയില്‍. അടുത്ത വര്‍ഷം അവിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ആകെ 90 അംഗ സഭയില്‍ ബി ജെ പിയുടെ സീറ്റെണ്ണം 41 ആണ്. ജെ ജെ പിയുടെ 10 അംഗങ്ങളുടെ പിന്തുണയിലാണ് അവര്‍ ഭരണം നിലനിര്‍ത്തുന്നത്. അവര്‍ പാലം വലിച്ചാല്‍ സര്‍ക്കാര്‍ വീഴും. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ സര്‍ക്കാറിനെ വാഴിക്കാന്‍ കുതിരക്കച്ചവടത്തിനിറങ്ങിയാല്‍ അത് ബി ജെ പിക്ക് തിരിച്ചടിയാകും. അടുത്ത തിരഞ്ഞെടുപ്പിനെക്കൂടി അത് ബാധിക്കും. നൂഹില്‍ ഉണ്ടായ സംഘര്‍ഷത്തെ മുഖ്യമന്ത്രിയും ബി ജെ പിയും കൈകാര്യം ചെയ്ത രീതിയില്‍ ജെ ജെ പിക്ക് കടുത്ത അമര്‍ഷമുണ്ട്. ഇന്നേരത്ത് അവരെ പിണക്കാന്‍ ബി ജെ പി ആഗ്രഹിക്കുന്നില്ല.

എന്തുകൊണ്ട് മണിപ്പൂരില്‍ മൂന്ന് മാസത്തിനു ശേഷവും കലാപം അവസാനിക്കുന്നില്ല? എന്തുകൊണ്ട് മൂന്ന് ദിവസം കൊണ്ട് ഹരിയാന ശാന്തമായി? രണ്ടിനുമുള്ള ഉത്തരം ഒന്നാണ്. രണ്ടിടത്തും ബി ജെ പി സര്‍ക്കാറാണ് ഭരണത്തില്‍. രണ്ടിടത്ത് രണ്ട് നിലപാട് എങ്ങനെ ഉണ്ടായി? മണിപ്പൂരില്‍ കലാപം അവസാനിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അവിടെ അവര്‍ക്ക് ദീര്‍ഘകാല ലക്ഷ്യങ്ങളുണ്ട്. അത് നേടുവോളം കലാപവും നീണ്ടുപോകും. ഹരിയാനയില്‍ പക്ഷേ കലാപം നീണ്ടുനിന്നാല്‍ ബി ജെ പിക്ക് അധികാരം തന്നെ നഷ്ടമായേക്കും.

നൂഹിന് പുറത്ത് സംഘര്‍ഷം നടന്നത് ഗുരുഗ്രാമിലാണ്. അവിടെ ഏതാനും വര്‍ഷങ്ങളായി സംഘ്പരിവാര്‍ സംഘടനകള്‍ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 2021ല്‍ രണ്ട് മാസത്തോളം തുടര്‍ച്ചയായി വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തുന്ന നിലയുണ്ടായി. നാലര ലക്ഷം മുസ്ലിംകളാണ് ഗുരുഗ്രാമില്‍ ഉള്ളത്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മസ്ജിദുകള്‍ ഇല്ലാത്തതിനാല്‍ പൊതുസ്ഥലങ്ങളിലേക്ക് ജുമുഅ നിസ്‌കാരം നീളുന്നത് കാലങ്ങളായി അവിടുത്തെ കാഴ്ചയാണ്. അത് നിര്‍ത്തണമെന്ന് സംഘ്പരിവാര്‍ ഭീഷണി ഉയര്‍ത്തി. നിസ്‌കരിച്ചിരുന്ന സ്ഥലത്ത് ചാണകത്തിട്ടകള്‍ നിരത്തി. ബി ജെ പി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഗോവര്‍ധന പൂജയും നടന്നിരുന്നു. അന്ന് സിഖ് ഗുരുദ്വാരകളാണ് മുസ്ലിം സമുദായത്തിന് ജുമുഅ നിസ്‌കാരത്തിനായി വാതിലുകള്‍ തുറന്നുകൊടുത്തത്. ഗുരുഗ്രാമിലെ സെക്ടര്‍ 57ല്‍ സ്ഥിതി ചെയ്യുന്ന അന്‍ജുമാന്‍ ജുമുഅ മസ്ജിദിലെ ഇമാം മൗലാന സഅദ് ആണ് ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരിലൊരാള്‍. ഒമ്പത് കുത്തുകളാണ് ആ യുവപണ്ഡിതന്റെ ശരീരത്തിലേറ്റത്. കഴുത്തിലേറ്റ കുത്താണ് മരണ കാരണമായത്. ജയ്ശ്രീറാം വിളികളോടെ പള്ളി വളഞ്ഞ നൂറോളം പേരടങ്ങുന്ന സംഘമാണ് ഇമാമിനെ കുത്തിക്കൊന്നത്. തീയണക്കാന്‍ പോലീസും പ്രദേശത്തെ മുസ്ലിംകളും ശ്രമിച്ചപ്പോള്‍ അക്രമികള്‍ പള്ളിക്കുള്ളില്‍ കയറി വെടിയുതിര്‍ത്തു എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പള്ളിയില്‍ വെച്ച് വെടിയേറ്റ, പള്ളിയുടെ കെയര്‍ടേക്കര്‍ ഖുര്‍ഷിദ് ആലമിപ്പോള്‍ ചികിത്സയിലാണ്.

എന്തിനായിരുന്നു ഹരിയാനയിലെ അക്രമങ്ങള്‍? എന്തൊക്കെയാണ് ഒറ്റ രാത്രി കൊണ്ട് സംഘ്പരിവാര്‍ അവിടെ കാട്ടിക്കൂട്ടിയത്. കല്ലേറിന്റെ പ്രകോപനം ഇല്ലായിരുന്നുവെങ്കിലും ഒരു വര്‍ഗീയ സംഘര്‍ഷം സംഘ്പരിവാര്‍ ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തം. അതിനുള്ള നിലമൊരുക്കല്‍ കുറേകാലമായി നടക്കുന്നുണ്ടായിരുന്നു. ജലാഭിഷേക യാത്രയില്‍ പങ്കെടുത്ത പലരുടെയും കൈയില്‍ തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ ഉണ്ടായിരുന്നു എന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ തോക്കുകള്‍ സംഘര്‍ഷത്തില്‍ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. ജനങ്ങളുടെ ചെറുത്തുനില്‍പ്പ് മൂലമാണ് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഹിന്ദുത്വര്‍ മടിച്ചതെന്നും വാര്‍ത്തകളുണ്ട്. ഏതായാലും ഹരിയാനയില്‍ അവരുടെ മോഹം പൂര്‍ണമായും പൂവണിഞ്ഞിട്ടില്ല. ഏത് സമയവും അക്രമികള്‍ തിരിച്ചുവന്നേക്കാം. അന്നേരത്ത് ഇതേ ജാഗ്രത കാണിക്കുമോ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ എന്നത് കാത്തിരുന്നറിയേണ്ടതാണ്.