OMICRON
ഒമിക്രോണ്‍; ജി7 രാജ്യങ്ങളുടെ യോഗം വിളിച്ച് ബ്രിട്ടന്‍
ജര്‍മനി, ഇറ്റലി, ആസ്‌ത്രേലിയ, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ ഒമിക്രോണ്‍ കേസുകള്‍
ലണ്ടന്‍ | ദക്ഷിണാഫ്രിക്കന്‍ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നതിനിടെ ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് ബ്രിട്ടന്‍. ഇന്ന് ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ ഓണ്‍ലൈന്‍ വഴി യോഗം ചേരുമെന്ന് നിലവില്‍ ജി7 രാജ്യങ്ങളുടെ അധ്യക്ഷരായ ബ്രിട്ടന്‍ അറിയിച്ചു.
അതിനിടെ ആഫ്രിക്കക് പുറമെ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജര്‍മനി, ഇറ്റലി, ആസ്േ്രതലിയ, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ക്കൂടി ഒമിക്രോണ്‍ വൈറസ് വകഭേദം മൂലമുള്ള കോവിഡ് ബാധ കണ്ടെത്തി.
ജര്‍മനിയിലും ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയ രണ്ടു വീതം പേരിലാണു രോഗബാധ. ഇറ്റലിയിലെ കേസ്, ദക്ഷിണാഫ്രിക്കയുടെ അയല്‍രാജ്യമായ മൊസാംബിക്കില്‍നിന്നെത്തിയ ആളുടേതാണ്. നെതര്‍ലന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയ 13 പേര്‍ക്കാണു വൈറസ് സ്ഥിരീകരിച്ചത്.
ബെല്‍ജിയം, ഹോങ്കോംഗ്, ഇസ്രയേല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ നേരത്തേ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനു സാധ്യത ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ, ഒട്ടനവധിത്തവണ ജനിതകമാറ്റത്തിനു വിധേയമായ ഒമിക്രോണ്‍ വൈറസിനെതിരേ നിലവിലുള്ള കോവിഡ് വാക്‌സിനുകള്‍ ഫലപ്രദമാകുമോ എന്നതില്‍ ആശങ്ക ശക്തമാണ്.
യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ജപ്പാന്‍, കാനഡ, ന്യൂസിലന്‍ഡ്, തായ്‌ലന്‍ഡ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍നിന്നും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തുള്ള രാജ്യങ്ങളില്‍നിന്നും വിമാന സര്‍വീസുകള്‍ നിരോധിച്ചു കഴിഞ്ഞു.




