Kerala
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട എന്‍ എസ് നുസൂര്‍ സിപിഐഎമ്മിലേക്ക്; നേതാക്കളുമായി ആശയവിനിമയം നടത്തി
നുസൂറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങ് അടുത്ത ദിവസങ്ങളില്‍ തന്നെ സംഘടിപ്പിക്കും.
തിരുവനന്തപുരം|ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍ സിപിഐഎമ്മിലേക്ക്. നുസൂറുമായി മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ ആശയവിനിമയം നടത്തി. മിശ്രവിവാഹം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ വിവേചനം നേരിട്ടയാളെ ചേര്‍ത്ത് പിടിക്കുമെന്നാണ് സിപിഐഎം പറഞ്ഞത്.താന്‍ മിശ്രവിവാഹം ചെയ്തതാണ് സീറ്റ് നിഷേധിക്കാന്‍ കാരണമായി കോണ്‍ഗ്രസ് പറഞ്ഞതെന്നു നുസൂര്‍ പറഞ്ഞിരുന്നു. നുസൂറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങ് അടുത്ത ദിവസങ്ങളില്‍ തന്നെ സംഘടിപ്പിക്കും.
മാര്‍ച്ച് 20നാണ് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച നുസൂര്‍ പാര്‍ട്ടി വിട്ടത്. ഇതുപോലെ ഗതികെട്ട ഒരു കാലഘട്ടം കോണ്‍ഗ്രസിന് ഉണ്ടായിട്ടില്ല. വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും നുസൂര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.



