Connect with us

International

തെക്കന്‍ ലബനാനില്‍ അധീശത്വം സ്ഥാപിക്കാനുള്ള ഇസ്‌റാഈല്‍ നീക്കം; ശക്തമായി അപലപിച്ച് കാനഡ

വടക്കു ഭാഗത്തെ അയല്‍രാജ്യത്തിനെതിരെ കരയാക്രമണം നടത്താന്‍ ഇസ്‌റാഈല്‍ നീക്കം നടത്തുന്നതിനിടെയാണ് കാനഡ രംഗത്തെത്തിയത്.

Published

|

Last Updated

ഒട്ടാവ | തെക്കന്‍ ലബനാനില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ ശക്തമായി അപലപിച്ച് കാനഡ. ലബനാന്റെ പരമാധികാരം ലംഘിക്കാന്‍ പാടില്ലെന്ന് കാനഡ മുന്നറിയിപ്പ് നല്‍കി. വടക്കു ഭാഗത്തെ അയല്‍രാജ്യത്തിനെതിരെ കരയാക്രമണം നടത്താന്‍ ഇസ്‌റാഈല്‍ നീക്കം നടത്തുന്നതിനിടെയാണ് കാനഡ രംഗത്തെത്തിയത്.

ലബനാനിന്റെ തെക്കന്‍ അതിര്‍ത്തിമേഖലയിലെ 30 കിലോമീറ്റര്‍ വരുന്ന ഭാഗത്ത് സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാനും അധീശത്വം സ്ഥാപിക്കാനുമാണ് ഇസ്‌റാഈല്‍ പദ്ധതി.

ഈമാസം തുടക്കം മുതലുള്ള ഇസ്‌റാഈല്‍ ആക്രമണങ്ങളിലായി ലബനാനില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 1,072 ആയി ഉയര്‍ന്നിട്ടുണ്ട്. 3,000 പേര്‍ക്ക് പരുക്കേറ്റു. ലബനാന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിലും തലസ്ഥാനമായ ബൈറൂത്തിലും ആഴ്ചകളോളമായി തുടരുന്ന ആക്രമണത്തിന്റെ ഭാഗമായി പത്ത് ലക്ഷത്തിലധികം പേര്‍ക്കാണ് പലായനം ചെയ്യേണ്ടി വന്നത്. ഇസ്‌റാഈല്‍ ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നീക്കം നടത്തുന്ന സാഹചര്യത്തില്‍ ലബനാന്‍ എല്ലാ മേഖലയിലും കടുത്ത മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തിന്റെ ഭാഗമായ മുഴുവന്‍ കക്ഷികളും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിട്ടാകണം പ്രവൃത്തിക്കേണ്ടതെന്ന് ലബനാനിലെ ജനങ്ങള്‍ക്കും സര്‍ക്കാറിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ കാനഡ ആഗോളകാര്യ മന്ത്രാലയം പറഞ്ഞു. സിവിലിയന്മാരെ സംരക്ഷിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സമാധാനപാലകര്‍ എന്നിവര്‍ക്കെതിരെ ആക്രമണം നടത്തുന്നതില്‍ നിന്ന് എല്ലാ കക്ഷികളോടും മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വടക്കന്‍ ലബനാനില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇസ്‌റാഈല്‍ പിന്തിരിയണമെന്ന് ഇന്നലെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു നീക്കം സിവിലിയന്മാരെ സംബന്ധിച്ച് ദാരുണമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും ബാരറ്റ് പറഞ്ഞു.

ഇസ്‌റാഈല്‍-ലബനാന്‍ അതിര്‍ത്തിയില്‍ നിന്ന് ലിതാനി നദി വരെയുള്ള 30 കിലോമീറ്റര്‍ പ്രദേശം നിയന്ത്രണത്തിലാക്കുമെന്ന് ഇസ്‌റാഈല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സിന്റെയും കാനഡയുടെയും പ്രസ്താവനകള്‍ വരുന്നത്.

 

---- facebook comment plugin here -----

Latest