Connect with us

From the print

തെറ്റ് ചെയ്തവരെല്ലാം പാപികളല്ല!

എല്ലാ മനുഷ്യരും കുറ്റം ചെയ്യുന്നവരാണ്. എന്നാല്‍ കുറ്റം ചെയ്യുന്നവരില്‍ ഉത്തമര്‍ കുറ്റബോധത്താല്‍ പാപമോചനം തേടുന്നവരാണെന്ന, നബിവാക്യം എത്രമേല്‍ സൗന്ദര്യമുള്ളതാണ്.

Published

|

Last Updated

ശരിയും തെറ്റും എന്നതിന്റെ മാനദണ്ഡം എന്താണ്? എല്ലാ ശരികളും എപ്പോഴും ശരിയാകുമോ? എല്ലാ തെറ്റുകളും എപ്പോഴും തെറ്റ് തന്നെയാണോ? നിയമ വിധേയമല്ലാത്തതിനെയാണല്ലോ തെറ്റായി ഗണിക്കുന്നത്. അങ്ങനെ വരുമ്പോള്‍ നിയമം മറികടക്കുന്നവര്‍ എല്ലാവരും ബോധപൂര്‍വം ആകണമെന്നില്ല. മറിച്ച് അബദ്ധം, മറവി, നിര്‍ബന്ധിതം ഇങ്ങനെ പല കാരണങ്ങളാല്‍ തെറ്റില്‍ അകപ്പെട്ടവരുണ്ടാകില്ലേ. അവര്‍ക്ക് സ്വാഭാവികമായും കുറ്റബോധം വരുമല്ലോ. ആ കുറ്റബോധത്തെ അടിമയുടെ മഹത്വമായിട്ടാണ് അല്ലാഹു അംഗീകരിക്കുക.

‘എല്ലാ മനുഷ്യരും കുറ്റം ചെയ്യുന്നവരാണ്. എന്നാല്‍ കുറ്റം ചെയ്യുന്നവരില്‍ ഉത്തമര്‍ കുറ്റബോധത്താല്‍ പാപമോചനം തേടുന്നവരാണെന്ന, നബിവാക്യം എത്രമേല്‍ സൗന്ദര്യമുള്ളതാണ്. യാത്രാ സാമഗ്രികള്‍ സംവിധാനിച്ച ഒട്ടകം മരുഭൂമിയില്‍ നിന്ന് ഓടിപ്പോയപ്പോള്‍ അന്വേഷിച്ച് ക്ഷീണിച്ച ഉടമ മരണത്തെ മുന്നില്‍കണ്ട് നിരാശനായിരിക്കുമ്പോള്‍ മുന്നില്‍ ആ ഒട്ടകം വന്ന് നിന്നാല്‍ എത്ര സന്തോഷമായിരിക്കും ഉണ്ടാകുക. അതിനേക്കാളും മേലെയാണ് തെറ്റ് ചെയ്ത അടിമയുടെ പാപമോചന തേട്ട സമയത്ത് അല്ലാഹുവിന്റെ സന്തോഷമത്രെ!

അല്ലാഹുവിന്റെ നാമങ്ങളില്‍ ഗാഫിര്‍, ഗഫൂര്‍, ഗഫാര്‍ എന്നീ രൂപങ്ങളുടെ ആശയം തന്നെ തെറ്റുകളെ മാപ്പ് ചെയ്യുന്നതിന്റെ രൂപത്തെയാണ് സൂചിപ്പിക്കുന്നത്. യഥാക്രമം കേവലം പൊറുക്കല്‍, കൂടുതല്‍ പൊറുക്കുന്നവന്‍, എല്ലാ വലിയതും പൊറുക്കുന്നവന്‍ എന്നിങ്ങനെ. തെറ്റ് ചെയ്തവന് ചെയ്ത തെറ്റില്‍ മാനസികമായി കുറ്റബോധമുണ്ടോ എന്നാണ് അല്ലാഹു നോക്കുന്നത്.

മനുഷ്യ ജീവിതത്തില്‍ സ്വഭാവികമായി രൂപപ്പെടുന്ന ചെറിയ വീഴ്ചകള്‍ പൊറുപ്പിക്കാന്‍ എത്രയോ അവസരങ്ങളാണ് അല്ലാഹു സംവിധാനിച്ചത്. അഞ്ച് നേരത്തെ വുളുവിലുടെ ഒലിച്ചിറങ്ങുന്ന വെള്ളത്തുള്ളിയില്‍ പാപങ്ങള്‍ പൊറുക്കപ്പെടുമത്രെ! ഇമാമിന്റെ ഒപ്പം ഫാതിഹക്ക് ശേഷം ആമീന്‍ പറഞ്ഞാല്‍ കഴിഞ്ഞ പാപങ്ങളെല്ലാം മായ്ക്കപ്പെടും. അതേ സമയം, വലിയ കുറ്റങ്ങളെ കുറച്ച് കൂടി ആഴത്തില്‍ സമീപിക്കുക തന്നെ വേണം. ജീവിതത്തില്‍ ഒരു തെറ്റും വരാത്ത മുത്ത്‌നബി പോലും ദിവസം നൂറ് തവണ പാപമോചന തേട്ടമായ അസ്തഗ്ഫിറുല്ലാഹ് എന്നത് ചൊല്ലിയിരുന്നു. ഇതിന്റെ വിശകലനത്തില്‍ പണ്ഡിതര്‍ പറഞ്ഞത്, അടിമക്ക് ഉടമയോടുള്ള ജാഗ്രതയുള്ള ബന്ധം കൂടിയാണ് തെറ്റാകുമോ എന്ന ബേജാറ്. ആ ബേജാറോടെ വരുന്ന സമര്‍പ്പണ വചനമാകണം അസ്തഗ്ഫിറുല്ലാഹ് എന്നത്. അപ്പോള്‍ ആ വചനം കേവലം പാപം പൊറുപ്പിക്കാന്‍ മാത്രമല്ല. നന്‍മയുടെ കവാടങ്ങള്‍ തുറക്കപ്പെടാനും കാരണമാണ്. ഇതാണ് വി. ഖുര്‍ആന്‍ അധ്യായം 71ലെ പത്ത് മുതല്‍ 12 വരെ വചനത്തില്‍ പഠിപ്പിക്കുന്നത്.

പാപമോചനം തേടുവിന്‍, നിങ്ങളുടെ എല്ലാ ഐശ്വര്യ കവാടവും തുറക്കപ്പെടും. മഴ, മക്കള്‍, സമ്പത്ത് എല്ലാ പ്രശ്നത്തിനും പരിഹാരമാണ് ഇസ്തിഗ്ഫാര്‍. ഇസ്തിഗ്ഫാറിനെ കേവലം ഒരു ദിക്റായി കാണാതെ നമ്മുടെ വ്യക്തിജീവിതത്തിന്റെ അനിവാര്യഘടകമാക്കി മാറ്റിയെടുക്കാനുള്ള ശ്രമമുണ്ടാകലാണ് നല്ല അടിമയുടെ സ്വഭാവം. അതിനും കൂടി ഉപകാരപ്പെടുന്ന രൂപത്തില്‍ പാപമോചന രാപകലുകളെ സമ്പന്നമാക്കാന്‍ കഴിയണം.

 

---- facebook comment plugin here -----

Latest