National
ഹണിമൂണ്‍ യാത്രയ്ക്കിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം; ഭാര്യ അടക്കം നാല് പേര്‍ അറസ്റ്റില്‍
സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായി മേഘാലയ പൊലീസ്

ഷില്ലോങ്ങ | ഹണിമൂണ്‍ യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി ( 29 ) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍. രാജയുടെ ഭാര്യ സോനം രഘുവംശി (24) യെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിലെ കൂട്ടുപ്രതികളായ, മധ്യപ്രദേശ് സ്വദേശികളായ മൂന്നുപേരെയും അറസ്റ്റ് ചെയ്തു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയാണ് ഇക്കാര്യം അറിയിച്ചത്.
രാജ രഘുവംശിയെ കാണാതായ കേസില്‍ ഏഴു ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നു. കാണാതായ രാജയുടെ ഭാര്യ സോനം കീഴടങ്ങി. മറ്റ് മൂന്നു പ്രതികളെ മേഘാലയ പോലീസ് അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന മറ്റൊരു പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ എക്സിലൂടെ അറിയിച്ചു.
സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായി മേഘാലയ പൊലീസ് പറഞ്ഞു. ഗാസിപൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു സോനം. വാരണാസി – ഗാസിപൂര്‍ മെയിന്‍ റോഡിലെ കാശി ധാബയിലാണ് യുവതിയെ അവശ നിലയില്‍ കണ്ടെത്തിയത്. സദര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഗാസിപൂരിലെ വണ്‍സ്റ്റോപ് സെന്ററിലേക്ക് മാറ്റിയതായി യുപി എഡിജിപി അമിതാഭ് യാഷ് അറിയിച്ചു.
മേയ് 11നായിരുന്നു രാജ രഘുവംശിയുടേയും സോനത്തിന്റേയും വിവാഹം. ഹണിമൂണ്‍ യാത്രയുടെ ഭാഗമായി മേഘാലയയില്‍ എത്തിയ ഇവരെ മേയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് അവസാനമായി കണ്ടത്. ദമ്പതികളെ കാണാതായി 11 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ രണ്ടിന് സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്.
മെയ് 23 ന് ഈസ്റ്റ് ഖാസി ഹില്‍സിലെ ചിറാപുഞ്ചിയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെയാണ നവദമ്പതികളായ രാജ രഘുവംശിയും ഭാര്യ സോനവും കാണാതായത്. ഇതിന് ഒരു ദിവസം മുമ്പ് ദമ്പതികള്‍ നോന്‍ഗ്രിയാറ്റില്‍ എത്തിയിരുന്നു, അവസാനമായി ബാലാജി ഹോംസ്റ്റേയില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് ഇവരെ കണ്ടത്. ഇവരെ കാണാതായതിന്റെ ഒരു ദിവസത്തിന് ശേഷം അവര്‍ വാടകയ്ക്കെടുത്ത ഒരു സ്‌കൂട്ടര്‍ സൊഹ്റാരിമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു
ഇന്‍ഡോര്‍ ആസ്ഥാനമായുള്ള ബിസിനസുകാരനാണ് രാജ രഘുവംശി. കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു വെട്ടുകത്തിയും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു. ശനിയാഴ്ച, മേഘാലയയിലെ ഒരു ടൂറിസ്റ്റ് ഗൈഡ് ദമ്പതികളെ കാണാതായ ദിവസം മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടതായി അവകാശപ്പെട്ടിരുന്നു