Kerala
നെടുമ്പാശ്ശേരി വാഹനാപകടം: വീഴ്ച പറ്റിയിട്ടില്ലെന്നും മരിച്ചവരുടെ കുടുംബത്തിനൊപ്പമെന്നും പോലീസ്; സുഹൈല്‍ സജീവ് ജാമ്യാപേക്ഷ നല്‍കി
മദ്യം കൂടാതെ മറ്റ് ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അതിനനുസരിച്ചുള്ള വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്നും എസ് പി
കൊച്ചി | നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസുമായി ബന്ധപ്പെട്ടു യാതൊരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്നും പോലീസ് മരിച്ചവരുടെ കുടുംബത്തിനൊപ്പമാണെന്നും ആലുവ റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍. പ്രതി സുഹൈല്‍ സജീവിന്റെ സാംപിള്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ മദ്യം കൂടാതെ മറ്റ് ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അതിനനുസരിച്ചുള്ള വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്നും എസ് പി വ്യക്തമാക്കി.
ആദ്യ എഫ്‌ഐആറില്‍ പ്രതി മദ്യപിച്ചിരുന്നോ എന്ന കാര്യം ഉള്‍പ്പെടുത്താതിരുന്നതു സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ ഇട്ടതുകൊണ്ടാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതി മദ്യപിച്ചിരുന്ന കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതി സുഹൈല്‍ അപകടമുണ്ടായ സ്ഥലത്ത് മുമ്പും അമിത വേഗതയില്‍ സഞ്ചരിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു
അതിനിടെ, കേസിലെ ഒന്നാം പ്രതി സുഹൈല്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇത് വ്യാഴാഴ്ച പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.
നെടുമ്പാശേരിയില്‍ പുലര്‍ച്ചെ 1.45 നാണ് അപകടം നടക്കുന്നത്. പോലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. അപകടത്തില്‍ മരിച്ചവരുടെ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയാണു കേസ് രജിസ്റ്റര്‍ ചെയ്തത്. ആ സമയത്ത് പ്രതി ആരാണെന്നോ ഇയാള്‍ മദ്യപിച്ചിരുന്നോ എന്ന കാര്യമോ മൊഴി നല്‍കിയ വ്യക്തിക്കു വ്യക്തമായി അറിയുമായിരുന്നില്ല. അതുകൊണ്ടാണ് ആദ്യ എഫ്‌ഐആറില്‍ ആ കാര്യങ്ങള്‍ വരാതിരുന്നത്. എന്നാല്‍ വാഹനം തിരിച്ചറിയാനുള്ള നമ്പറും മോഡലും കൃത്യമായി മൊഴിയിലുണ്ടായിരുന്നു. അതോടൊപ്പം, പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കിയശേഷം ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതി മദ്യപിച്ചിരുന്നുവെന്ന കാര്യം വ്യക്തമായി രേഖപ്പെടുത്തുകയും മോട്ടര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 185 ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും റൂറല്‍ എസ് പി സുദര്‍ശന്‍ വ്യക്തമാക്കി
Content Highlights: Aluva Rural SP K S Sudarshan stated there were no lapses in the Nedumbassery accident investigation. He noted that drunk driving charges under Section 185 were added in the remand report. Meanwhile, prime accused Suhail Sajeev filed a bail plea at the Angamaly Magistrate Court.


