National
ഡല്‍ഹിയില്‍ ആളുകളെ സംഘടിപ്പിച്ചു രാജ്യത്തിന്റെ വിശ്വാസം നേടിയെടുക്കാനാവില്ല; രാഹുല്‍ ഗാന്ധിക്കെതിരെ അമിത് ഷാ
41 വര്‍ഷത്തിനിടയില്‍ ഒരു തിരഞ്ഞെടുപ്പില്‍ പോലും വിജയിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആത്മപരിശോധന നടത്തണം.
ന്യുഡല്‍ഹി | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യ വ്യാപകമായി സമരം നടക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ ഗാന്ധിനഗറിലും മറ്റ് സ്ഥലങ്ങളിലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന് വോട്ടര്‍ പട്ടികയുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ് ഐ ആര്‍) ആണൊ കാരണമെന്നും ഷാ ചോദിച്ചു.
ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി ജെ പി താര, ഓഖ മുനിസിപ്പാലിറ്റികളിലെ ഭരണം നിലനിര്‍ത്തുന്നതിനോടൊപ്പം അമിത് ഷായുടെ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ഗാന്ധിനഗര്‍ കോര്‍പ്പറേഷനില്‍ നാല്‍പത്തിനാലില്‍ മുപ്പത്തിയെട്ട് സീറ്റുകളിലും വിജയച്ചിരുന്നു. ഇന്ത്യ സഖ്യത്തിലെ നേതാക്കളും വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളും ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ എസ് ഐ ആറിലെ ക്രമക്കേടുകള്‍ ആരോപിക്കുകയും സമരം തുടരുമെന്നും രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളുടെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി തന്റേയും കോണ്‍ഗ്രസിന്റേയും പരാജയങ്ങള്‍ മറച്ചുവെക്കാന്‍ എസ് ഐ ആറിനെ മറയാക്കുകയാണെന്നാണ് അമിത് ഷായുടെ ആരോപണം.
ഇന്ത്യയിലെ ജനങ്ങള്‍ നരേന്ദ്ര മോദിക്ക് പിന്നില്‍ ഉറച്ച പാറപോലെയാണെന്ന് ഗുജറാത്തിലെ മികച്ച വിജയം പ്രതിഫലിപ്പിക്കുന്നു എന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബി ജെ പി തങ്ങളുടെ വോട്ട് പത്ത് ശതമാനം വര്‍ദ്ധിപ്പിച്ചു എന്നും കഴിഞ്ഞ 41 വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ലന്നും ഷാ പറഞ്ഞു. രാഹുല്‍ ജിയോട് എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. ഈ ഫലത്തിന് കാരണം എസ് ഐ ആറാണെന്നാണോ നിങ്ങള്‍ കരുതുന്നത് ? ബി ജെ പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനപ്രീതിയെ നിങ്ങള്‍ തള്ളിക്കളയുകയാണോ ? ഒരിക്കല്‍ അധികാരത്തിലിരുന്ന പ്രധാന സംസ്ഥാനത്ത് കഴിഞ്ഞ 41 വര്‍ഷത്തിനിടയില്‍ ഒരു തിരഞ്ഞെടുപ്പില്‍ പോലും വിജയിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആത്മപരിശോധന നടത്തണം.
കഴിഞ്ഞ പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ അണിനിരത്തിയും ന്യൂഡല്‍ഹിയില്‍ ആളുകളെ സംഘടിപ്പിച്ചും രാജ്യത്തിന്റെ വിശ്വാസം നേടിയെടുക്കാനാവില്ലന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ പരിഹസിച്ചുകൊണ്ട് ഷാ പറഞ്ഞു.



