Connect with us

Kerala

ക്രിസ്ത്യാനികളെ വീഴ്ത്താന്‍ ലവ് ജിഹാദിനൊപ്പം നാര്‍കോട്ടിക്സ് ജിഹാദും നടത്തുന്നു; വിവാദ പ്രസംഗവുമായി പാല ബിഷപ്

അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തി മതനേതാക്കൾ തന്നെ സമൂഹത്തില്‍ വിള്ളല്‍ സൃഷ്ടിക്കരുതെന്നാണ്  പൊതുവെ ഉയരുന്ന അഭിപ്രായം.

Published

|

Last Updated

പാല | കേരളത്തില്‍ ക്രിസ്ത്യന്‍ യുവതി- യുവാക്കളെ ലക്ഷ്യമിട്ട് ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്സ് ജിഹാദും നടക്കുന്നുവെന്ന വിവാദ പ്രസ്താവനയുമായി പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. എട്ട് നോമ്പിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍  നടത്തിയ പ്രസംഗത്തിലാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന.

മുസ്ലിംകളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക്സ് ജിഹാദും. കേരളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നു. കോളജുകളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ബിഷപ് ആരോപിച്ചു.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. മുസ്ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദം പോലുള്ള സംഭവങ്ങൾ. ഇത്തരത്തില്‍ വിവിധ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണം. കേരളത്തില്‍ ജിഹാദി സ്ലീപ്പര്‍ സെല്ലുകളുണ്ടെന്ന മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയും കല്ലറങ്ങാട്ട് പരാമര്‍ശിക്കുന്നുണ്ട്. അതേസമയം, പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തി മതനേതാക്കൾ തന്നെ സമൂഹത്തില്‍ വിള്ളല്‍ സൃഷ്ടിക്കരുതെന്നാണ്  പൊതുവെ ഉയരുന്ന അഭിപ്രായം.

Latest