Connect with us

Kerala

മുണ്ടക്കൈ-ചൂരല്‍മല കോണ്‍ഗ്രസ് ഭവനപദ്ധതി; തറക്കല്ലിടല്‍ ഫെബ്രുവരി 26ന് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും

ആദ്യഘട്ടമായി 50 വീടുകളാണ് നിര്‍മ്മിക്കുന്നത്.

Published

|

Last Updated

കല്‍പ്പറ്റ| മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നടപ്പാക്കുന്ന ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഫെബ്രുവരി 26ന് നടക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തറക്കല്ലിടല്‍ നിര്‍വഹിക്കും.

ആദ്യഘട്ടമായി 50 വീടുകളാണ് നിര്‍മ്മിക്കുന്നത്. ഏകദേശം 1100 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള വീടുകളായിരിക്കും. ഇതിനായി 3.24 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ 2.18 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ ഈ ആഴ്ച പൂര്‍ത്തിയാക്കും. ആകെ 5.24 ഏക്കര്‍ സ്ഥലത്താണ് പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിക്കുന്നത്. ഓരോ കുടുംബത്തിനും എട്ട് സെന്റ് വീതം ഭൂമി ലഭ്യമാക്കും.

ഇതിന്റെ തുടര്‍ച്ചയായി മേപ്പാടി പഞ്ചായത്തിലെ ഏഴാഞ്ചിറയില്‍ കൂടി അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുത്ത് മറ്റൊരു 50 വീടുകളുടെ നിര്‍മ്മാണവും ആരംഭിക്കും.

ഭവനനിര്‍മ്മാണത്തോടൊപ്പം, മുണ്ടക്കൈയും ചൂരല്‍മലയും പ്രദേശങ്ങളിലെ കച്ചവടക്കാര്‍ക്ക് ധനസഹായവും നല്‍കും. സര്‍ക്കാര്‍ സഹായം ലഭിക്കാത്ത 40 വ്യാപാരികള്‍ക്കാണ് അഞ്ച് ലക്ഷം രൂപ വീതം നല്‍കുക. ഇവര്‍ അവരുടെ പ്രശ്നങ്ങള്‍ പ്രിയങ്ക ഗാന്ധിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സഹായം നല്‍കുന്നതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, ജോസഫ് ടാജറ്റ് എന്നിവരും പങ്കെടുത്തു.