Connect with us

Uae

തിരക്കേറിയ സമയങ്ങളില്‍ നഗരത്തില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തും: ഐ ടി സി

Published

|

Last Updated

അബൂദബി | തിരക്കേറിയ സമയങ്ങളില്‍ നഗരത്തില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐ ടി സി ) അറിയിച്ചു. തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ ബസുകള്‍ ഓടിക്കുന്നതിലൂടെ ബസ് ശൃംഖല മെച്ചപ്പെടുത്താനാണ് ഐ ടി സി താത്പര്യപ്പെടുന്നത്. പൊതുജന ആവശ്യം നിറവേറ്റുന്നതിനായി തിരക്കേറിയ സമയങ്ങളില്‍ ദിവസേന 244 അധിക സര്‍വീസ് നടത്തും. പൊതുജന ആവശ്യകത കൂടുതലുള്ള പ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന 102, 41, 67, 101, 110, 160, 170 ഏഴ് റൂട്ടുകളില്‍ അധിക സര്‍വീസ് ആരംഭിച്ചതായും ഐ ടി സി അറിയിച്ചു.

തിരക്കേറിയ സമയങ്ങളില്‍ രണ്ട് ബസുകള്‍ തമ്മിലുള്ള ആവൃത്തി 20 മിനുട്ടില്‍ നിന്നും 5 മുതല്‍ 15 മിനുട്ട് വരെ കുറച്ചിട്ടുണ്ട്. ഇത് തിരക്ക് കുറയ്ക്കാന്‍ സഹായിക്കും. സുല്‍ത്താന്‍ ബിന്‍ സായിദ് സ്ട്രീറ്റ്, സായിദ് ഫസ്റ്റ് സ്ട്രീറ്റ്, ഹംദാന്‍ സ്ട്രീറ്റ്, മുഷ്രിഫ് മാള്‍, വഹ്ദ മാള്‍, ഡല്‍മ മാള്‍, മസ്യദ് മാള്‍, ഖലീഫ സിറ്റി സൂഖ്, അല്‍ റീം ഐലന്‍ഡ്, അല്‍ സീന, മുസഫ എന്നിവിടങ്ങളില്‍ ആരംഭിച്ച അധിക ട്രിപ്പുകളും ബസ് സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ക്ക് വേണ്ടിവരുന്ന കാത്തിരിപ്പ് സമയം കുറയ്ക്കുമെന്ന് ഐ ടി സി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഊര്‍ജ ഉപഭോഗം യുക്തിസഹമാക്കുന്നതിനും എമിറേറ്റിലെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും പുതിയ മെഴ്‌സിഡസ് ബെന്‍സ്, വോള്‍വോ ബസുകളില്‍ ‘യൂറോ 6’ എന്‍ജിനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് യാത്രക്കാരുടെ ആവശ്യം വര്‍ധിക്കുന്നതിനിടയില്‍ കൊവിഡ് വൈറസ് കേസുകള്‍ ഗണ്യമായി കുറയ്ക്കുന്നതിനാണ് അധിക സര്‍വീസ് ആരംഭിച്ചത്. പകര്‍ച്ചവ്യാധി സമയത്ത് പിന്തുടര്‍ന്ന മുന്‍കരുതലുകള്‍ പൊതുഗതാഗതം ഉപയോഗിക്കുന്നതിലുള്ള പൊതുജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചുവെന്ന് ഐ ടി സി അധികൃതര്‍ പറഞ്ഞു. പുതിയ ബസുകളും അധിക സര്‍വീസും പൊതുഗതാഗത മേഖലയുടെ വീണ്ടെടുക്കല്‍ മെച്ചപ്പെടുത്തുകയും പ്രവര്‍ത്തന ശേഷി സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്യും. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ യാത്രക്കാര്‍ മുഖാവരണം ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കൊവിഡ് വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ പിന്തുടരുന്നത് തുടരുമെന്ന് ഐ ടി സി ഉറപ്പ് നല്‍കി.