editorial
മെലാറ്റ് കിറോസിന്റെ വിജയം നല്‍കുന്ന സന്ദേശം
തങ്ങളുടെ നികുതിപ്പണം കൊണ്ട് നിര്‍മിക്കുന്ന ആയുധങ്ങള്‍, ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ ഉപയോഗിക്കുന്നതിനെതിരെ അമേരിക്കയില്‍ കടുത്ത അമര്‍ഷമുണ്ട്. ഈ വികാരങ്ങള്‍ പാര്‍ലിമെന്റ് രാഷ്ട്രീയത്തിലേക്ക് കൂടി വ്യാപിക്കുന്നതിന്റെ അടയാളപ്പെടുത്തലുകളാണ് മെലാറ്റിന്റെയും മംദാനിയുടെയും വിജയം.
അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍ സംഭവിക്കുന്ന മാറ്റങ്ങളിലേക്കുള്ള വ്യക്തമായ വിരല്‍ചൂണ്ടലാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയും ഇസ്‌റാഈല്‍വിരുദ്ധ നിലപാടുകാരിയുമായ മെലാറ്റ് കിറോസിന്റെ ഉജ്ജ്വല വിജയം. അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയിലാണ് 30 വര്‍ഷത്തോളമായി കൊളറാഡോയിലെ ഒന്നാം മണ്ഡലത്തില്‍ ജനപ്രതിനിധിയായ ഡയാന ഡെഗറ്റെയെ, നവാഗതയായ മെലാറ്റ് കിറോസ് പരാജയപ്പെടുത്തിയത്.
അമേരിക്കയില്‍ ദീര്‍ഘകാലമായി അധികാരത്തില്‍ തുടരുന്ന പ്രമുഖ നേതാക്കളെ പരാജയപ്പെടുത്തുന്നത് അത്രയെളുപ്പമല്ല. പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണയും കോര്‍പറേറ്റുകളുടെ സാമ്പത്തിക സഹായവും എപ്പോഴും ദീര്‍ഘകാല പാരമ്പര്യമുള്ള നേതാക്കള്‍ക്കായിരിക്കും. ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ടാണ് ഡയാന ഡെഗറ്റെക്കെതിരെ മത്സരിക്കാന്‍ മെലാറ്റ് കിറോസ് ഇറങ്ങിത്തിരിച്ചത്. യുദ്ധവിരുദ്ധത, മനുഷ്യാവകാശം, തൊഴിലാളിക്ഷേമം, ആരോഗ്യ ഇന്‍ഷ്വറന്‍സ് തുടങ്ങിയ ജനാധിപത്യ- സോഷ്യലിസ്റ്റ് ആശയങ്ങളും ഫലസ്തീന്‍ അനുകൂല നിലപാടും ഉയര്‍ത്തിപ്പിടിച്ചാണ് മെലാറ്റ് ജനങ്ങളെ സമീപിച്ചത്. ഇസ്‌റാഈലിനു മേല്‍ പൂര്‍ണ ആയുധനിരോധം ഏര്‍പ്പെടുത്തണമെന്നും ജൂതരാഷ്ട്രത്തിന് അമേരിക്ക നല്‍കുന്ന സബ്‌സിഡികള്‍ നിര്‍ത്തലാക്കണമെന്നും പ്രചാരണത്തിലുടനീളം അവര്‍ ആവശ്യപ്പെട്ടു. അമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയം കുടിയേറ്റവിരുദ്ധതയും വംശീയധ്രുവീകരണവുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വോട്ടര്‍മാര്‍ കുടിയേറ്റ പശ്ചാത്തലമുള്ളവരും ന്യൂനപക്ഷ വംശീയരുമായ പുരോഗമന ചിന്താഗതിയുള്ള നേതാക്കളെ തിരഞ്ഞെടുക്കുന്നുവെന്നത് പ്രതീക്ഷാനിര്‍ഭരമാണ്.
വെളുത്ത വര്‍ഗക്കാരുടെ ആധിപത്യത്തിനു വേണ്ടി വാദിക്കുന്ന വംശീയ രാഷ്ട്രീയത്തിനും കനത്ത പ്രഹരമാണ് കറുത്ത വര്‍ഗക്കാരിയും കുടിയേറ്റപശ്ചാത്തലമുള്ളയാളുമായ മെലാറ്റ് കിറോസിന് യു എസ് ജനത നല്‍കിയ വലിയ സ്വീകാര്യത.
പരമ്പരാഗതമായി ഇസ്‌റാഈലിനെ കണ്ണടച്ച് അനുകൂലിക്കുന്നവരാണ് അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍. ജൂതരാഷ്ട്രത്തെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ ആത്മഹത്യയായാണ് സമീപകാലം വരെ അവിടെ വിലയിരുത്തപ്പെട്ടിരുന്നത്. മാത്രമല്ല, അമേരിക്കന്‍- ഇസ്‌റാഈല്‍ പബ്ലിക് അഫേഴ്‌സ് കമ്മിറ്റി (എ ഐ പി സി) പോലെയുള്ള അതിശക്തരായ ഇസ്‌റാഈല്‍ അനുകൂല ലോബികള്‍, ഇസ്‌റാഈലിനെ പിന്തുണക്കാത്ത ഏത് സ്ഥാനാര്‍ഥിയെയും പണം വാരിയെറിഞ്ഞ് തോല്‍പ്പിക്കുകയും ചെയ്യും. ഈ ഭയത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെയാണ് മെലാറ്റ് കിറോസും ന്യൂയോര്‍ക്കില്‍ നേരത്തേ സൊഹ്റാൻ മംദാനിയും തച്ചുടച്ചത്. വിജയത്തിനു പിന്നാലെ നടത്തിയ പ്രസംഗത്തില്‍, ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കുകയാണ് തന്റെ മുഖ്യലക്ഷ്യമെന്നായിരുന്നു മെലാറ്റ് കിറോസിന്റെ പ്രഖ്യാപനം.
പ്രാദേശിക വികാരമെന്ന പ്രതികരണവുമായി ഈ വിജയത്തെ പ്രാദേശികമായി ചുരുട്ടിക്കെട്ടാനാണ് വലതുപക്ഷ ചിന്താഗതിക്കാരുടെ ശ്രമം. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം അമേരിക്കയില്‍ അലയടിക്കുന്ന ഫലസ്തീന്‍ അനുകൂല നിലപാടിന്റെ ബാക്കിപത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. കൊളംബിയ, ഹാര്‍വാര്‍ഡ് തുടങ്ങിയ പ്രമുഖ യു എസ് സര്‍വകലാശാലകളില്‍ കൂറ്റന്‍ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥി പ്രക്ഷോഭങ്ങളാണ് ഇതിനിടെ അരങ്ങേറിയത്. തങ്ങളുടെ നികുതിപ്പണം കൊണ്ട് നിര്‍മിക്കുന്ന ആയുധങ്ങള്‍, ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ ഉപയോഗിക്കുന്നതിനെതിരെ അമേരിക്കന്‍ യുവതയില്‍ കടുത്ത അമര്‍ഷമുണ്ട്. ഈ വികാരങ്ങള്‍ അമേരിക്കന്‍ പാര്‍ലിമെന്റ് രാഷ്ട്രീയത്തിലേക്ക് കൂടി വ്യാപിക്കുന്നതിന്റെ അടയാളപ്പെടുത്തലുകളാണ് മെലാറ്റിന്റെയും മംദാനിയുടെയും വിജയം.
കുടിയേറ്റക്കാരാല്‍ പടുത്തുയര്‍ത്തപ്പെട്ട രാഷ്ട്രമാണ് യു എസ്. വ്യത്യസ്ത വംശക്കാരും സാംസ്‌കാരക്കാരും മതക്കാരും ഭാഷക്കാരും ചേര്‍ന്നാണ് അമേരിക്കന്‍ സമൂഹം രൂപപ്പെട്ടത്. ഈ ചരിത്രസത്യത്തെ നിഷേധിച്ച് ഒരു വിഭാഗത്തിനെതിരെ ഭയവും വെറുപ്പും വിദ്വേഷവും പടര്‍ത്തി അധികാരം ഒരു പ്രത്യേക വിഭാഗത്തിലും വര്‍ണത്തിലും കേന്ദ്രീകരിക്കാനുള്ള നീക്കത്തെ ചിന്താശേഷിയുള്ള ജനവിഭാഗങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് ഈ വിജയങ്ങള്‍ യു എസ് രാഷ്ട്രീയ നേതൃത്വത്തിന് നല്‍കുന്ന പാഠം. അമേരിക്കന്‍ ജനത ഏത് ദിശയിലേക്കാണ് തിരിയുന്നത് എന്നതിന്റെ സൂചനയാണിത്. മതവും വംശവും നിറവും അടിസ്ഥാനമാക്കിയുള്ള വിഭജന രാഷ്ട്രീയത്തിനല്ല, ജനാധിപത്യത്തെയും മനുഷ്യാവകാശത്തെയും പൊതുനന്മയെയും മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയത്തിനാണ് പുതുതലമുറ പ്രാമുഖ്യം കല്‍പ്പിക്കുന്നത്. അമേരിക്കന്‍ സമൂഹത്തിന്റെ ബോധമണ്ഡലത്തില്‍ സംഭവിക്കുന്ന വലിയൊരു മാറ്റത്തിന്റെ അടയാളപ്പെടുത്തലാണിത്. കുടിയേറ്റക്കാരെ ഭീഷണിയായി ചിത്രീകരിക്കുന്ന, മുസ്‌ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന, വംശീയ വിഭജനത്തെ ആയുധമാക്കുന്ന രാഷ്ട്രീയത്തിനേറ്റ തിരിച്ചടി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായി എണ്ണപ്പെടുന്ന അമേരിക്കയില്‍ നടക്കുന്ന ഈ മാറ്റങ്ങള്‍ക്ക് ആഗോള പ്രസക്തിയുണ്ട്. യൂറോപ്പിലടക്കം പല രാജ്യങ്ങളിലും തീവ്രവലതുപക്ഷവും കുടിയേറ്റവിരുദ്ധ രാഷ്ട്രീയവും ശക്തമാണ്. അമേരിക്കയില്‍ ഉയരുന്ന സ്വയംപ്രതിരോധ ജനാധിപത്യത്തിന്റെ തിരുത്തല്‍ അത്തരം രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പാണ്. ജനാധിപത്യം കേവലം ഭൂരിപക്ഷമല്ല; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും വ്യത്യസ്ത സ്വരങ്ങള്‍ക്കിടം നല്‍കുകയും ചെയ്യുന്ന മൂല്യവ്യവസ്ഥയാണെന്ന സന്ദേശവും കൂടി നല്‍കുന്നു ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.
Content Highlights:
Democratic Socialist candidate Melat Kiros secured a historic victory over 30-year incumbent Diana DeGette in Colorado’s 1st Congressional District primary. Kiros ran a progressive campaign centering on worker welfare, human rights, and an immediate arms embargo on ഇസ്റാഈൽ. Political analysts view this as a growing influence of the pro-Palestine movement among young voters in US politics.



