Ongoing News
ഹജ്ജ് വേളയില്‍ സര്‍വസജ്ജമായി മെഡിക്കല്‍ ഹെലികോപ്റ്ററുകളും ആംബുലന്‍സുകളും
13 ഹെലിപാഡുകളില്‍ നിന്ന് 11 മെഡിക്കല്‍ ഹെലികോപ്റ്ററുകളും 120ലധികം ആംബുലന്‍സ് യൂനിറ്റുകളും സേവന രംഗത്ത്
മക്ക | ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ സര്‍വസജ്ജമായി സഊദി റെഡ് ക്രസന്റ് അതോറിറ്റി. ഹജ്ജ് കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലങ്ങളിലെ 13 ഹെലിപാഡുകളില്‍ നിന്ന് 11 മെഡിക്കല്‍ ഹെലികോപ്റ്ററുകള്‍ സേവന രംഗത്തുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. രോഗികളുടെയും പരുക്കേറ്റവരുടെയും ആരോഗ്യനില ദ്രുതഗതിയില്‍ വീണ്ടെടുക്കുന്നതിനും ജനത്തിരക്കുള്ള സമയങ്ങളില്‍ അടിയന്തര സേവനങ്ങള്‍ക്കുമായി റെഡ് ക്രസന്റ് എയര്‍ ആംബുലന്‍സുകള്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നത് വരെ പുണ്യഭൂമിയില്‍ സേവനരംഗത്തുണ്ടാകും.
മക്കയിലുടനീളം 100 ലധികം മെഡിക്കല്‍ വാഹനങ്ങളുടെ പിന്തുണയോടെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന 120ലധികം ആംബുലന്‍സ് യൂനിറ്റുകളാണ് പ്രവര്‍ത്തിച്ച് വരുന്നത്. വടക്കുകിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ 45 യൂനിറ്റുകളും തെക്കന്‍ മേഖലകളെ ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് 15 യൂനിറ്റുകളും മധ്യപ്രദേശങ്ങളില്‍ 20 യൂനിറ്റുകളും 160ലധികം അടിയന്തര മെഡിക്കല്‍ ടെക്‌നീഷ്യന്‍മാറും 12 മോട്ടോറൈസ്ഡ് അടിയന്തര വാഹനങ്ങളും നിയന്ത്രിത ആക്‌സസ് മേഖലകള്‍ക്കായി പോര്‍ട്ടബിള്‍ ആംബുലന്‍സുകളായി ഘടിപ്പിച്ച മൂന്ന് ഗോള്‍ഫ് കാര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
മസ്ആയിലും ഇടനാഴിയിലും ഏഴ് ടീമുകള്‍, മസ്ആയിലെ കിഴക്കന്‍ മുറ്റങ്ങളില്‍ എട്ട് ടീമുകള്‍, പടിഞ്ഞാറന്‍, തെക്കന്‍ മുറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന 10 ടീമുകള്‍, മൂന്നാമത്തെ വിപുലീകരണ മേഖലയില്‍ രണ്ട് ടീമുകള്‍ എന്നിവയാണ് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ സേവന രംഗത്തുള്ള അടിയന്തര യൂനിറ്റുകള്‍.




