manjeswaram bribe case
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രൻ മെയ് 20ന് ഹാജരാകണം
കെ സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി.

കാസർകോട് | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ വിചാരണ ഉടൻ തുടങ്ങും. വിചാരണക്ക് മുന്നോടിയായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികൾ മെയ് 20ന് ഹാജരാകാൻ കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു. പ്രതികൾ ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കോടതി നോട്ടീസ് അയച്ചത്. വിചാരണക്ക് മുമ്പ് മുഴുവൻ പ്രതികളെയും കോടതി കുറ്റപത്രം വായിച്ചുകേൾപ്പിക്കും.
ജനുവരി പത്തിനാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി. എ സതീഷ് കുമാർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി ആറിന് കേസ് ഫയലുകളും രേഖകളും പരിശോധിച്ച് കൃത്യത വരുത്തിയ ശേഷം തുടർ നടപടികൾക്കായി മജിസ്‌ട്രേറ്റിന് കൈമാറുകയും ചെയ്തിരുന്നു. കെ സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. അദ്ദേഹത്തെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബി ജെ പി മുൻ കാസർകോട് ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് പ്രതികൾ. ഇതിൽ സുരേന്ദ്രനടക്കം അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നാണ് കേസ്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് കേസെടുത്തെങ്കിലും പിന്നീട് അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.