Connect with us

National

നടത്തിപ്പുകാരും ജീവനക്കാരുമെല്ലാം വനിതാ തടവുകാര്‍; ഇതാ കൗതുകമുണര്‍ത്തുന്ന ഒരു പെട്രോള്‍ പമ്പ്

ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന വനിതകള്‍ മാത്രം നടത്തുന്നതും അവര്‍ തന്നെ ജീവനക്കാരായുമുള്ള രാജ്യത്തെ ആദ്യ പെട്രോള്‍ പമ്പാണിത്.

Published

|

Last Updated

ചെന്നൈ | ഇതാ വിസ്മയമുണര്‍ത്തുന്ന ഒരു പെട്രോള്‍ പമ്പ്. നടത്തിപ്പുകാരും ജീവനക്കാരുമെല്ലാം വനിതാ തടവുകാരാണെന്നതാണ് പ്രത്യേകത. തമിഴ്‌നാട്ടിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് അതീവ കൗതുകകരമായ വാര്‍ത്ത. നഗരത്തെ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കുന്ന ഗ്രാന്‍ഡ് നോര്‍ത്തേണ്‍ ട്രങ്ക് റോഡിലാണ് വ്യത്യസ്തമായ പെട്രോള്‍ പമ്പ് ആരംഭിച്ചിരിക്കുന്നത്. ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന വനിതകള്‍ മാത്രം നടത്തുന്നതും അവര്‍ തന്നെ ജീവനക്കാരായുമുള്ള രാജ്യത്തെ ആദ്യ പെട്രോള്‍ പമ്പാണിത്.

വിവിധ കേസുകളിലായി ശിക്ഷ അനുഭവിച്ചു വരുന്ന 30 വനിതാ തടവുകാരാണ് പമ്പ് നടത്തുന്നത്. ജയില്‍ കോംപ്ലക്‌സില്‍ തന്നെയാണ് പമ്പ് സ്ഥാപിച്ചിരിക്കുന്നത് എന്നതും സവിശേഷതയാണ്.

കുറ്റവാളികളില്‍ ഗുണകരമായ മാറ്റം വരുത്തുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക ലക്ഷ്യം വച്ച്, തമിഴ്‌നാട്ടിലെ വിവിധ ജയിലുകളുടെ ചുമതലയുള്ള അധികൃതര്‍ പെട്രോള്‍ പമ്പ് പ്രവര്‍ത്തിപ്പിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍, തടവുകാരായ സ്ത്രീകള്‍ തന്നെ പമ്പ് നടത്തുന്നത് രാജ്യത്തെ പ്രഥമ സംഭവമാണ്. പെട്രോള്‍ അടിച്ചുകൊടുക്കുന്ന ആള്‍ തൊട്ട് കാഷ്യര്‍, മാനേജര്‍ എന്നീ സ്ഥാനങ്ങളില്‍ വരെ പ്രവര്‍ത്തിക്കുന്നത് സ്ത്രീ തടവുകാരാണ്. ഫ്രീഡം ഫില്ലിങ് സ്റ്റേഷന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പെട്രോള്‍ ബങ്ക് നിയമ-ജയില്‍ മന്ത്രി എസ് രഘുപതിയാണ് ഉദ്ഘാടനം ചെയ്തത്.

ചെന്നൈ, വെല്ലൂര്‍, കോയമ്പത്തൂര്‍, പാളയംകോട്ടൈ, പുതുകോട്ടൈ എന്നിവിടങ്ങളിലായി പുരുഷ തടവുകാര്‍ പ്രവര്‍ത്തിപ്പിക്കുന്ന അഞ്ച് പെട്രോള്‍ ബങ്കുകള്‍ നിലവിലുണ്ട്. ഈ രീതിയില്‍ ആറാമതായി തുടങ്ങിയ പമ്പാണ് വനിതാ തടവുകാര്‍ മാത്രമായി നടത്തുന്നത്.

പ്രതിമാസം 6,000 മുതല്‍ 10,000 രൂപ വരെ പെട്രോള്‍ പമ്പില്‍ ജീവനക്കാരായിട്ടുള്ള വനിതാ തടവുകാര്‍ക്ക് വരുമാനമായി ലഭിക്കും. ഇവരോരുത്തരുടെയും കുടുംബത്തിന് ഇത് വലിയ സഹായമാകുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. മാത്രമല്ല, വനിതാ തടവുകാരുടെ ഗുണകരമായ മാനസിക പരിവര്‍ത്തനത്തിനും പുനരധിവാസത്തിനും അവരെ പുതിയ ജീവിതത്തിലേക്ക് നയിക്കുന്നതിനും സംരംഭം സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി. പുതിയ വൈദഗ്ധ്യങ്ങള്‍ സ്വായത്തമാക്കുന്നതിനും പ്രവൃത്തി പരിചയത്തിനും മോചിതരായ ശേഷം തൊഴില്‍ സമ്പാദിക്കുന്നതിനും ഇതിലൂടെ തടവുകാര്‍ക്ക് കഴിയുമെന്നും ഡി ജി പി (പ്രിസണ്‍സ്) അമരേഷ് പൂജാരി പറഞ്ഞു.

Latest