Connect with us

Kerala

വീട്ടിൽ കയറി യുവതിയെ ഉപദ്രവിച്ച് പാസ്‌പോര്‍ട്ട് മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

പ്രതി നേരത്തേ യുവതിയുമായി അടുപ്പത്തിലായിരുന്നു

Published

|

Last Updated

തിരുവല്ല | വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും പാസ്‌പോര്‍ട്ട് മോഷ്ടിച്ചു കടക്കുകയും ചെയ്ത പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നിരണം കാടുവെട്ടില്‍ വീട്ടില്‍ സച്ചിന്‍ കെ സൈമണ്‍ (30) ആണ് അറസ്റ്റിലായത്. യുവതി ബഹളം വെച്ചപ്പോള്‍ ഇറങ്ങിപ്പോയ യുവാവ് അടുത്ത ദിവസം രാവിലെയെത്തി അതിക്രമം ആവര്‍ത്തിച്ചു. യുവതിയും പ്രതിയും മുമ്പ് പരിചയക്കാരായിരുന്നു.

അടുപ്പത്തിലായ ശേഷമാണ് ഇയാള്‍ക്ക് ഭാര്യയും കുടുംബവുമുണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് യുവതി ഇയാളില്‍ നിന്ന് അകലുകയും വിദേശത്ത് ജോലിക്ക് പോകുകയും ചെയ്തു. അവധിക്ക് നാട്ടിലെത്തിയതറിഞ്ഞ് പ്രതി വീട്ടിലെത്തി ഉപദ്രവിക്കുകയും പാസ്‌പോര്‍ട്ട് മോഷ്ടിക്കുകയും ചെയ്യുകയായിരുന്നെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

ആലുംതുരുത്തി പാലത്തിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പിൻ്റെ മേശയില്‍ നിന്ന് പാസ്‌പോര്‍ട്ട് കണ്ടെടുത്തു. പ്രതിക്ക് ചെങ്ങന്നൂര്‍ എക്‌സൈസില്‍ ഒരു കേസും പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍  രണ്ട് കേസുകളും നിലവിലുണ്ട്. എക്‌സൈസ് കേസ് മാവേലിക്കര കോടതിയില്‍ വിചാരണയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest