From the print
ചരിത്രമായി മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം
കാന്തപുരത്തോടുള്ള ആദരവും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വ്യക്തിബന്ധവുമാണ് അന്‍വര്‍ ഇബ്‌റാഹീമിനെ വീണ്ടും മര്‍കസിലെത്തിച്ചത്.
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് ഇൻന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമിന് സമ്മാനിക്കുന്നു
കോഴിക്കോട് | അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക- വൈജ്ഞാനിക വിനിമയത്തിന്റെ പുതിയ വാതായനം തുറന്ന് മര്‍കസില്‍ ചരിത്ര കൂടിക്കാഴ്ച. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീമും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാരും തമ്മില്‍ നടന്ന കൂടിക്കാഴ്ച ചരിത്രത്താളുകളില്‍ പുതിയ അധ്യായമായി. ഏറെ കൗതുകകരമായ ഈ കൂടിക്കാഴ്ച കേരളത്തിന്റെ മത- വൈജ്ഞാനിക പാരമ്പര്യത്തിനുള്ള രാജ്യാന്തര അംഗീകാരം കൂടിയായി. മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് സൗഹൃദ സംഭാഷണം നടത്തി.
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈജ്ഞാനിക- ആത്മീയ സ്വാധീനം ചെലുത്തുന്ന മതപണ്ഡിതനും തമ്മിലുള്ള കൂടിക്കാഴ്ച എന്നതിനപ്പുറം, ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ജനകീയവും സാംസ്‌കാരികവും വൈജ്ഞാനികവുമായ ബന്ധങ്ങളുടെ ഊഷ്മളത വിളിച്ചോതുന്നതായിരുന്നു സംഗമം.
കാന്തപുരത്തോടുള്ള ആദരവും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വ്യക്തിബന്ധവുമാണ് അന്‍വര്‍ ഇബ്‌റാഹീമിനെ വീണ്ടും മര്‍കസിലെത്തിച്ചത്. പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ മര്‍കസ് സന്ദര്‍ശനം ഇരുവരും തമ്മിലുള്ള ബന്ധത്തിന് പുതിയൊരു അധ്യായം തുറന്നു. അന്‍വര്‍ ഇബ്്റാഹീമും കാന്തപുരവും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മലേഷ്യന്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ അദ്ദേഹം മര്‍കസ് സന്ദര്‍ശിച്ചിരുന്നു. 2022 സെപ്തംബറിലെ ആ സന്ദര്‍ശനത്തിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി.
കാന്തപുരത്തിന്റെ വൈജ്ഞാനിക സംഭാവനകള്‍ക്ക് മലേഷ്യ നല്‍കിയ അംഗീകാരവും ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. 2023ല്‍ മലേഷ്യന്‍ സര്‍ക്കാര്‍ മതപണ്ഡിതര്‍ക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്‌റ പുരസ്‌കാരം കാന്തപുരത്തിന് സമ്മാനിച്ചിരുന്നു. വ്യക്തിബന്ധത്തിന്റെ ഊഷ്മളതക്കൊപ്പം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം കൂടിക്കാഴ്ച മുന്നോട്ടുവെച്ചു.
രാഷ്ട്രീയത്തിന്റെ പതിവ് ചട്ടക്കൂടുകള്‍ക്കപ്പുറത്ത് മനുഷ്യബന്ധങ്ങള്‍ക്കും അറിവിന്റെ കൈമാറ്റത്തിനും പ്രാധാന്യം നല്‍കുന്ന സമീപനമാണ് ഇരുവരുടെയും സംഭാഷണത്തില്‍ പ്രകടമായത്. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സമാധാനവും സഹവര്‍ത്തിത്വവും വളര്‍ത്തുന്നതില്‍ മതപണ്ഡിതര്‍ക്കും ഭരണ നേതൃത്വത്തിനുമുള്ള പങ്കും കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ പ്രസക്തമായി. കേരളത്തിലെ ഇസ്്ലാമിക വൈജ്ഞാനിക പാരമ്പര്യത്തിനും മര്‍കസിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്ന രാജ്യാന്തര ബഹുമതിയായും സന്ദര്‍ശനം അടയാളപ്പെട്ടു.
കാന്തപുരത്തെ നേരില്‍ സന്ദര്‍ശിച്ച് സംസാരിക്കണമെന്ന അന്‍വര്‍ ഇബ്്റാഹീമിന്റെ താത്പര്യമാണ് സന്ദര്‍ശനത്തിന്റെ പ്രധാന സവിശേഷത. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും മര്‍കസിലെത്തിയ അദ്ദേഹം കാന്തപുരവുമായി ഏറെനേരം സംവദിച്ചു.
Content Highlights: Malaysian Prime Minister Anwar Ibrahim met Indian Grand Mufti Kanthapuram AP Aboobacker Musliyar at Markaz in Kozhikode. The historic meeting highlighted the deep-rooted cultural, educational, and personal ties between the two leaders. It marked a major milestone for Kerala’s scholarly heritage.





