Connect with us

Saudi Arabia

സഊദി ഡിജിറ്റല്‍ ബേങ്കില്‍ എം എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം

പുതുതായി രൂപവത്കരിച്ച വിഷന്‍ ബേങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നല്‍കിയത്. ഓഹരി പങ്കാളിത്തം നേടുന്ന സഊദി സ്വദേശിയല്ലാത്ത ഏക വ്യക്തിയുമാണ് യൂസഫലി

Published

|

Last Updated

അബൂദബി/റിയാദ് | സഊദി അറേബ്യയിലെ ഡിജിറ്റല്‍ ബേങ്കിങ് മേഖലയില്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം. പുതുതായി രൂപവത്കരിച്ച വിഷന്‍ ബേങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നല്‍കിയത്. ഓഹരി പങ്കാളിത്തം നേടുന്ന സഊദി സ്വദേശിയല്ലാത്ത ഏക വ്യക്തിയുമാണ് യൂസഫലി.

സഊദി വ്യവസായി ശൈഖ് സുലൈമാന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ റാഷിദ് ചെയര്‍മാനായ വിഷന്‍ ബേങ്കില്‍ പ്രമുഖരായ സഊദി വ്യവസായികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് യൂസഫലിയെ കൂടാതെ ഓഹരി പങ്കാളിത്തമുള്ളത്.

ഇതാദ്യമായിട്ടാണ് സഊദിയുടെ ബേങ്കിങ് മേഖലയില്‍ സ്വദേശിയല്ലാത്ത ഒരാള്‍ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുന്നത്. 600 കോടി റിയാലാണ് (12,000 കോടി രൂപ) ബേങ്കിന്റെ മൂലധനം. ഈ വര്‍ഷാവസാനത്തോടെ വിഷന്‍ ബേങ്ക് പൂര്‍ണ രീതിയില്‍ പ്രവര്‍ത്തന സജ്ജമാകും.

ലോകത്തെ മുന്‍നിര സാമ്പത്തിക കേന്ദ്രമാകാന്‍ ലക്ഷ്യമിട്ടാണ് സഊദി അറേബ്യ ഡിജിറ്റല്‍ ബേങ്കിങ് മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നത്. വിഷന്‍ ബേങ്ക്, എസ് ടി സി എന്നിവയടക്കം മൂന്ന് ഡിജിറ്റല്‍ ബേങ്കുകള്‍ക്കാണ് സഊദി ഭരണകൂടം പ്രവര്‍ത്തനാനുമതി നല്‍കിയത്.

സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവിഷ്‌കരിച്ച ഏറ്റവും വലിയ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030 ന്റെ നയങ്ങള്‍ക്കനുസരിച്ചാണ് ഡിജിറ്റല്‍ ബേങ്കുകള്‍ പ്രവര്‍ത്തിക്കുക.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest