Connect with us

Business

മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്

ദീര്‍ഘകാല കരാറില്‍ ലുലു ഗ്രൂപ്പും ഒമാന്‍ സര്‍ക്കാര്‍ സോവറീന്‍ ഫണ്ടായ തമാനി ഗ്ലോബലും ഒപ്പ് വച്ചു.

Published

|

Last Updated

മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് കരാര്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എ വി ആനന്ദിന്, തമാനി ഗ്ലോബല്‍ ബോര്‍ഡ് മെമ്പര്‍ അബ്ദുല്‍ അസീസ് അല്‍ മഹ്‌റൂഖി കൈമാറിയപ്പോള്‍.

മസ്‌കത്ത് | ഒമാനിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇത് സംബന്ധിച്ച ദീര്‍ഘകാല കരാറില്‍ ലുലു ഗ്രൂപ്പും ഒമാന്‍ സര്‍ക്കാര്‍ സോവറീന്‍ ഫണ്ടായ തമാനി ഗ്ലോബലും ഒപ്പ് വച്ചു. ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അല്‍ യൂസഫ്, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എ വി ആനന്ദും തമാനി ഗ്ലോബല്‍ ബോര്‍ഡ് മെമ്പര്‍ അബ്ദുല്‍ അസീസ് അല്‍ മഹ്‌റൂഖിയുമാണ് കരാറില്‍ ഒപ്പ് വച്ചത്.

രണ്ട് ദിവസമായി മസകത്തില്‍ നടക്കുന്ന ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിന്റെ പശ്ചാത്തലത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. 2,000 കോടി രൂപ (100 ദശലക്ഷം ഒമാനി റിയാല്‍) മുതല്‍ മുടക്കില്‍ നിര്‍മിച്ച മാളിലെ സൗകര്യങ്ങള്‍ കൂടുതല്‍ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനും ഉപഭോക്തൃ സേവനം ഏറ്റവും മികച്ചതാക്കാനുമാണ് ലുലു ഹോള്‍ഡിങ്‌സും താമണി ഗ്ലോബലും കൈകോര്‍ക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആധുനിക സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പദ്ധതിയുടെ സ്ട്രാറ്റജിക് അഡൈ്വസറായി താമണി ഗ്ലോബല്‍ ലുലു ഹോള്‍ഡിങ്‌സിനൊപ്പം പ്രവര്‍ത്തിക്കും. 20 ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണമുള്ള മാള്‍ ഓഫ് മസ്‌കത്തില്‍ ഒമാന്‍ അക്വേറിയം, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, നോവോ സിനിമാസ് അടക്കം ഇരുന്നൂറോളം റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളുണ്ട്.

മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിനു അവസരം നല്‍കിയ ഒമാന്‍ സുല്‍ത്താനും ഒമാന്‍ ഭരണകൂടത്തിനും നന്ദി അറിയിക്കുന്നതായും എം എ യൂസഫലി പറഞ്ഞു. ‘ഒമാന്‍ സുല്‍ത്താന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കുന്നു. മികച്ച നിക്ഷേപ സൗഹൃദ സാഹചര്യമാണ്
ഒമാനിലുള്ളത്. ദീര്‍ഘകാല പ്രാധാന്യത്തോടെയുള്ള പങ്കാളിത്തമാണിത്.’ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം.’ – യൂസഫലി വ്യക്തമാക്കി.

ആഗോള നിലവാരത്തിലുള്ള കൂടുതല്‍ സേവനം ലഭ്യമാക്കാന്‍ ലുലു ഹോള്‍ഡിങ്‌സുമായുള്ള സഹകരണം സഹായകമാകുമെന്ന് തമാനി ഗ്ലോബല്‍ ബോര്‍ഡ് മെമ്പര്‍ അബ്ദുല്‍ അസീസ് സലിം അല്‍ മഹ്രുഖി പറഞ്ഞു.

 

---- facebook comment plugin here -----

Latest