Connect with us

Book Review

കീഴാള ജീവിതവും നവോത്ഥാനവും

പഠനമെന്നതിനപ്പുറം കേരള ജനതക്കും മലയാളികൾക്കുമുള്ള വലിയ തിരിച്ചറിവ് കൂടിയാണ് ഈ പുസ്തകമെന്ന് വായനക്കാർ തീർച്ചപ്പെടുത്തും.

Published

|

Last Updated

ഇന്ത്യൻ നവോത്ഥാനമെന്നത് അടിമമനുഷ്യനിൽ നിന്നും അഭിമാനിയായ വ്യക്തിയിലേക്കുള്ള കിഴാള ജനതയുടെ പറിച്ചുനടലായിരുന്നു. നിലനിന്നിരുന്ന അധികാര മേൽക്കോയ്മയോട് പൊരുതി നേടിയതാണത്. ചരിത്രത്തിലെ നവോത്ഥാനങ്ങളുടെ അടിസ്ഥാന ലക്ഷ്യങ്ങളെല്ലാം സ്വാതന്ത്ര്യമായിരുന്നു. ചൂഷണത്തിൽ നിന്നും അടിമത്തത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം. അതെല്ലാം തന്നെ വ്യത്യസ്തങ്ങളായ സാമൂഹിക രാഷ്ട്രീയ മതാടിസ്ഥാനത്തിലായിരുന്നു. കേരളത്തിൽ പൊതുവായും മുസ്‌ലിം സമുദായത്തിൽ സവിശേഷമായും സംഭവിച്ച നവോത്ഥാനത്തിന്റെ വേറിട്ടൊരു വായനയാണ് മുഹമ്മദലി കിനാലൂരിന്റെ “നവോത്ഥാനം: അട്ടിമറികൾ ആൾമാറാട്ടങ്ങൾ’ എന്ന പുസ്തകം. രണ്ട് ഘട്ടങ്ങളായി നവോത്ഥാനങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം ആദ്യ ഭാഗത്ത്‌ കേരള നവോത്ഥാനവും രണ്ടാം ഭാഗത്ത് മുസ്‌ലിം  നവോത്ഥാനവും അവതരിപ്പിക്കുന്നു. പഠനമെന്നതിനപ്പുറം കേരള ജനതക്കും മലയാളികൾക്കുമുള്ള വലിയ തിരിച്ചറിവ് കൂടിയാണ് ഈ പുസ്തകമെന്ന് വായനക്കാർ തീർച്ചപ്പെടുത്തും.

നരനുനരനശുദ്ധ വസ്തുപോലും/ധരയിൽനടപ്പതു തീണ്ടലാണുപോലും/നരകമിവിടെയാണു ഹന്തകഷ്ടം/ഹരഹര ഇങ്ങനെ വല്ല നാടുമുണ്ടോ..?
എന്നു കവി കുമാരനാശാൻ വേവലാതിപ്പെടുന്നുണ്ട്. തൊട്ടുകൂടായ്മയേയും തീണ്ടിക്കൂടായ്മയേയും കുറിച്ച് ഇത്രയധികം വേവലാതിയുണ്ടാകാനുള്ള കാരണത്തിന്റെ കഥ മലയാളത്തിന്റെ ഭൂതകാലത്തിനു പറയാനുണ്ട്. താഴ്ന്ന ജാതിക്കാരനായതിന്റെ പേരിൽ ക്ഷണിക്കപ്പെട്ട ഒരു വിവാഹ സദസ്സിൽ നിന്നും വിട്ടു നിൽകേണ്ട ദുര്യോഗവും കവിയുടെ അനുഭവത്തിലുണ്ട്. കേരള നവോത്ഥാനം യാഥാർഥ്യമാക്കുന്നത് കീഴാള ജനതക്കുള്ള അഭിമാനവും ആത്മവിശ്വാസവും പുൽകികൊണ്ടാണ്.

അവർണർക്ക് വഴിനടക്കാനും ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും പള്ളിക്കൂടങ്ങളിൽ പോകാനും എന്തിന് നല്ലൊരു പേരിടാൻ പോലും അവകാശം നിഷേധിക്കപ്പെട്ട മുഖമുണ്ടായിരുന്നു കഴിഞ്ഞകാല കേരളത്തിന്. അതിൽ നിന്നുള്ള മോചനത്തിനായിരുന്നു വൈകുണ്ഠ സ്വാമികളും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനുമെല്ലാം ശ്രമിച്ചത്. ജാതിമേൽക്കോയ്മക്കെതിരെ അവർ നയിച്ച മുന്നേറ്റത്തെയാണ് കേരള നവോത്ഥാനമായി നാം അടയാളപ്പെടുത്തുന്നത്. എങ്കിലും പുതിയ കാല വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കേരളമിനിയും ജാതി ഭ്രാന്തുകളിൽ നിന്നും മുക്തമല്ലെന്നു തന്നെയാണ് വാസ്തവം. തൊട്ടുതീണ്ടായ്മയും വഴിയടച്ചതും തുടങ്ങി പൊരുതിമുട്ടിയപ്പോഴാണ് ആദ്യ കാലത്ത് ജാതി മാറാൻ മനുഷ്യർ ചിന്തിക്കുന്നത്. പക്ഷേ, ജാതി മാറ്റമെന്നൊന്നില്ലാത്തതിനാലാണ് മനുഷ്യർ മതം മാറുന്നതിലേക്ക് കടന്നുവരുന്നത്. അങ്ങനെയാണ് അടിയാനും അടിയത്തിയും ഇസ്‌ലാമിലേക്ക് വരുന്നത്. പക്ഷേ, ഈ മതംമാറ്റങ്ങൾ നവോത്ഥാന ചരിത്രത്തിൽ ഉല്ലേഖനം ചെയ്തിട്ടില്ലെന്നതാണ് യാഥാർഥ്യം. കൂട്ടത്തോടെയുള്ള ഈ മതംമാറ്റങ്ങളുണ്ടായപ്പോഴാണ് സർ സി പിയുടെ കാലത്ത് ഹൈന്ദവർ തിരുവിതാംകൂറിലടക്കം ന്യൂനപക്ഷമാകുമെന്നു ഭയന്ന് ഈഴവർക്കെല്ലാം ക്ഷേത്ര പ്രവേശനത്തിനും മറ്റുമുള്ള അനുമതി നൽകിയത്. അതിനു ശേഷമാണ് ഭണ്ഡാര വരവ് പോലും വർധിച്ചതെന്നു ചരിത്രം.

എഴുത്തും സാഹിത്യവും പത്രപ്രസാധനവുമെല്ലാം മേൽജാതിക്കാരുടെ മാത്രം ഏർപ്പാടായിരുന്ന കാലത്താണ് രക്തച്ചൊരിച്ചിലോ ജീവാപായമോ ഇല്ലാതെ അക്ഷരം കൊണ്ട് കലഹിച്ച പ്രസിദ്ധീകരണങ്ങളും പത്രാധിപന്മാരുമുണ്ടായിരുന്നത്. വിവേചനത്തോടും നീതിനിഷേധത്തോടും തമ്പ്രാക്കന്മാരുടെ മുഖത്തു നോക്കി പറയാൻ കഴിയാഞ്ഞത് അക്ഷരങ്ങളിലൂടെ ആവിഷ്കരിച്ചെങ്കിലും ചിലത് നിരോധിക്കുകയും ചിലത് കണ്ടുകെട്ടുകയും മറ്റുള്ളവ സാമ്പത്തിക പ്രതിസന്ധി മൂലം അവസാനിക്കുകയും ചെയ്തു. ഉപരിവർഗത്തെ ചോദ്യം ചെയ്ത അവകാശപ്പോരാട്ടങ്ങളിൽ ആളിപ്പടർന്ന അക്ഷരങ്ങളെ പുസ്തകം പരിചയപ്പെടുത്താൻ മറക്കുന്നില്ല.
രണ്ടാം ഘട്ടത്തിൽ മുസ്‌ലിം നവോത്ഥാനത്തെയാണ് എഴുത്തുകാരൻ അടയാളപ്പെടുത്തുന്നത്. മലബാറിലെ രാജാക്കന്മാർ മുസ്‌ലിംകളെ ബഹുമാനിച്ചിരുന്നതിനു കാരണം ഇവിടെ പട്ടണങ്ങൾ വളർന്നത് മുസ്‌ലിംകളിലൂടെയായിരുന്നെന്ന് ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ തുഹ്ഫത്തുൽ മുജാഹിദീനിൽ വിവരിക്കുന്നുണ്ട്. നാഗരികതയുടെ ഉത്ഭവ വികാസങ്ങളിൽ മതം ഒരു ചാലകശക്തിയാകുന്നത് ഇസ്‌ലാമിന്റെ വ്യാപനത്തോടെയാണ്. ഇന്ത്യയിൽ ഇസ്‌ലാമെത്തിയത് ആരിലൂടെയാണെന്നതിനൊരുപാട് ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും കേരളത്തിൽ മാലിക് ദീനാറിലൂടെയാണെന്നാണ് പ്രബലാഭിപ്രായം. മുസ്‌ലിം നവോത്ഥാനത്തിന്റെ അവകാശം സ്വയം ഏറ്റെടുത്തവരാണ് വഹാബികളും മൗദൂദികളും. എന്നാൽ യഥാർഥ നവോത്ഥാന നായകർ അകറ്റിനിർത്തിയവരായിരുന്നു ഈ ഇരു വിഭാഗങ്ങളും. അവരല്ല യഥാർഥ നവോത്ഥാന നായകരെന്ന് പുസ്തകം കൃത്യമായി നിർവചിക്കുന്നുണ്ട്.

വിശ്വപ്രസിദ്ധമായ അമീർ ഖുസ്രുവിന്റെ പേർഷ്യൻ നോവലുകളടക്കം അറബി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിൽ നിന്നും അറബിമലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1866ൽ ഭാഗികമായും 1883ൽ പൂർണ രൂപത്തിലും അറബിമലയാളത്തിലെത്തിയ ചാർദർവേഷ് വെളിച്ചം കണ്ടതിനും നാല് വർഷത്തിനു ശേഷമാണ് മലയാളത്തിലെ ആദ്യ നോവൽ കുന്ദലത പ്രകാശിതമാകുന്നത്. തനതു രചനകളാലും വിവർത്തനങ്ങൾ കൊണ്ടും സമൃദ്ധമായ അറബി മലയാളത്തെ മുസ്്ലിം ആവിഷ്കാരം എന്ന നിലയിൽ ചുരുക്കികെട്ടാനുള്ള ശ്രമങ്ങൾ പുതിയ കാലത്തും അനവധിയുണ്ടാകുന്നുണ്ടെന്നും അറബിമലയാളം തീർത്ത വിപ്ലവങ്ങളടക്കം പുസ്തകം അവതരിപ്പിക്കുന്നു.

ദേശീയ പ്രസ്ഥാനം എന്നറിയപ്പെടുന്ന കോൺഗ്രസ് പാർട്ടിയാണ് രാജ്യവ്യാപകമായി സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയതെങ്കിലും മലബാറിൽ മതനേതൃത്വമായിരുന്നു സമരങ്ങളുടെ പ്രചോദന കേന്ദ്രങ്ങൾ. എന്നാൽ അതിനെ മതങ്ങൾ തമ്മിലുള്ള കലാപമാക്കി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നതിനുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരിക്കുന്നുണ്ട് എഴുത്തുകാരൻ. കേരള നവോത്ഥാനത്തിന്റെയും മുസ്‌ലിം നവോത്ഥാനത്തിന്റെയും എല്ലാ വിഷയങ്ങളേയും പുസ്തകം സ്പർശിച്ചിട്ടുണ്ട്. ഐ പി ബി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 80 രൂപയാണ് വില.

മഞ്ചേരി, മലപ്പുറം

---- facebook comment plugin here -----

Latest