Connect with us

International

യുദ്ധവും പലായനവും; ഗസ്സയിൽ ബാലവിവാഹവും ലൈംഗിക അതിക്രമങ്ങളും കുതിച്ചുയരുന്നുവെന്ന് യുഎൻ റിപ്പോർട്ട്

അടിസ്ഥാന വിഭവങ്ങൾ നിഷേധിക്കൽ, മാനസിക പീഡനം, ശാരീരിക ഉപദ്രവം എന്നിവയാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് അതിക്രമങ്ങൾ.

Published

|

Last Updated

ന്യൂയോർക്ക് സിറ്റി | പലായനവും പട്ടിണിയും പൊതുസംവിധാനങ്ങളുടെ തകർച്ചയും ഗസ്സയിലെ സ്ത്രീകളേയും പെൺകുട്ടികളേയും ചൂഷണങ്ങൾക്കും നിർബന്ധിത വിവാഹങ്ങൾക്കും ഇരയാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്. യുഎൻ പോപ്പുലേഷൻ ഫണ്ട് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ലിംഗാധിഷ്ഠിത അതിക്രമങ്ങൾ 2026 ലെ ആദ്യ മൂന്ന് മാസങ്ങളിൽ 27 ശതമാനവും ആദ്യ പകുതിയിൽ 60 ശതമാനവുമായി വർദ്ധിച്ചതായി കണ്ടെത്തി.

ബാലവിവാഹം, നിർബന്ധിത വിവാഹം, ലൈംഗിക അതിക്രമങ്ങൾ എന്നിവ വർധിച്ചുവരുന്നതായും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സുരക്ഷാ ഭീഷണികൾ വഷളായതും ഈ വർധനവിന് കാരണമായിട്ടുണ്ടെന്ന് യുഎൻഎഫ്‌പിഎ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളിലെ ഈ ഭയാനകമായ വർധനവിന് പിന്നിൽ സുരക്ഷിതത്വത്തിന്റെയും മാനുഷിക അന്തസ്സിന്റെയും ദാരുണമായ തകർച്ചയാണുള്ളതെന്ന് റിപ്പോർട്ട് തയ്യാറാക്കിയ യുഎൻഎഫ്‌പിഎയുടെ പലസ്തീൻ പ്രതിനിധി നെസ്റ്റർ ഒവോമുഹാംഗി പറഞ്ഞു.

ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും ഉൾപ്പെടെ കേസുകൾ മൊത്തം സംഭവങ്ങളുടെ 2.1 ശതമാനത്തിൽ നിന്ന് 2.7 ശതമാനമായി ഉയർന്നു. കേസുകളുടെ യഥാർത്ഥ എണ്ണത്തിൽ 61 ശതമാനത്തിന്റെ വർധനവ് വന്നതിനാൽ ഇതിനെ ഗുരുതരമായ സ്ഥിതി എന്നാണ് യുഎൻഎഫ്‌പിഎ വിശേഷിപ്പിച്ചത്.

അടിസ്ഥാന വിഭവങ്ങൾ നിഷേധിക്കൽ, മാനസിക പീഡനം, ശാരീരിക ഉപദ്രവം എന്നിവയാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് അതിക്രമങ്ങൾ. വിമൻസ് അഫയേഴ്സ് സെന്റർ, ആയിഷ അസോസിയേഷൻ ഫോർ വുമൺ ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ, പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ എന്നിവയുൾപ്പെടെ 10 സംഘടനകൾ കൈകാര്യം ചെയ്ത കേസുകളെ അടിസ്ഥാനമാക്കിയാണ് ഈ മൂന്ന് മാസ പഠനം തയ്യാറാക്കിയിരിക്കുന്നത്.

Content Highlights: UN reports a shocking surge in child marriages and gender-based violence in Gaza. The study highlights the collapse of humanitarian standards amid war. UNFPA urges immediate protection for women and girls.

 

---- facebook comment plugin here -----

Latest