Editorial
ക്രൂഡ് ഓയില്‍ വിലക്കുറവ് ഉപഭോക്താവിനും ലഭ്യമാകണം
ക്രൂഡ് ഓയിലിന്റെ വിലക്കുറവ് എണ്ണക്കമ്പനികള്‍ക്കും സര്‍ക്കാറിനും മാത്രം ലഭ്യമാകുകയും ജനത്തിന് നിഷേധിക്കപ്പെടുകയും ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്ന ബോധവും തിരിച്ചറിവും ഉത്തരവാദപ്പെട്ടവര്‍ക്ക് കൈവരണം.
ഉത്പാദന കേന്ദ്രങ്ങളില്‍ വിലക്കുറവ് വന്നാല്‍ വിപണിയിലും പ്രതിഫലിക്കുകയാണ് പതിവ്. പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, മത്സ്യം തുടങ്ങിയ ചരക്കുകളില്‍ ഉപഭോക്താവിന് ഈ മാറ്റം സദാ അനുഭവപ്പെടാറുള്ളതാണ്. തക്കാളിക്ക് ചിലപ്പോള്‍ 100 രൂപ വരെ ഉയരാറുണ്ട്. പത്ത് രൂപ വരെ താഴുന്ന ഘട്ടങ്ങളുമുണ്ട്. ഉത്പാദന കേന്ദ്രങ്ങളിലെ വിലയിലെ ഏറ്റക്കുറച്ചിലാണ് വിപണിയില്‍ അനുഭവപ്പെടുന്നത്. അതേസമയം ഉത്പാദന കേന്ദ്രങ്ങളില്‍ വിലയെത്ര താഴ്ന്നാലും വിപണിയില്‍ പ്രതിഫലിക്കാത്ത, ഉപഭോക്താവിന് അതിന്റെ ഗുണം അനുഭവിക്കാന്‍ ഭാഗ്യമില്ലാത്ത ഒരു ഉത്പന്നമുണ്ട് രാജ്യത്ത്, ക്രൂഡ് ഓയില്‍. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എത്ര വിലയിടിഞ്ഞാലും പമ്പുകളില്‍ പെട്രോള്‍, ഡീസല്‍ വില കുറയാറില്ല.
2014നെ അപേക്ഷിച്ച് ഈ വര്‍ഷം ക്രൂഡ് ഓയില്‍ വില വളരെ കുറവാണ്. ബാരലിന് 80-90 ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ വില 60ല്‍ താഴെ എത്തിനില്‍ക്കുന്നു. താമസിയാതെ ഇത് 50-52 ഡോളറിലേക്ക് കൂപ്പുകുത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ ആറ് മാസം രാജ്യം ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ വിലയില്‍ തൊട്ടുമുമ്പത്തെ ആറ് മാസത്തെ വിലയെ അപേക്ഷിച്ച് പന്ത്രണ്ട് ശതമാനം കുറവു വന്നുവെന്ന റിപോര്‍ട്ടും ക്രൂഡ് ഓയിലിന്റെ വില ഇടിവിലേക്ക് വിരല്‍ ചൂണ്ടുന്നു.
ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോള്‍ വില പഴയപടി തുടര്‍ന്ന് വന്‍ ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ് എണ്ണക്കമ്പനികള്‍. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐ ഒ സി) അറ്റാദായം ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 7,610 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 169.58 കോടി നഷ്ടത്തിലായിരുന്നു. ഭാരത് പെട്രോളിയം (ബി പി സി എല്‍) കമ്പനിയുടെ അറ്റാദായം 6,442.5 കോടി വരും. മുന്‍ വര്‍ഷം 2,397.23 കോടിയാണ്. 168 ശതമാനമാണ് വളര്‍ച്ച. ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച് പി സി എല്‍) കമ്പനിയുടെ അറ്റാദായം 3,830 കോടിയാണ്. 570 ശതമാനമാണ് വളര്‍ച്ച.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോഴെല്ലാം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികള്‍, ക്രൂഡ് ഓയില്‍ വില താഴുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാനുള്ള സാമാന്യ മര്യാദ കാണിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഇടപെടലും ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ കമ്പനികള്‍ സര്‍ക്കാറിന്റെ ഒത്താശയോടെ കൊള്ളലാഭം കൊയ്യുകയാണ്. പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ രണ്ട് രൂപ കുറക്കും. നികുതി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ആ തുക തിരിച്ചു പിടിക്കുകയും ചെയ്യും. ഈ വര്‍ഷം പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം തിരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ട് രൂപ കുറയാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുന്‍കാലത്തെ അപേക്ഷിച്ച് ക്രൂഡ് ഓയില്‍ വില താഴേക്കാണ്. 69 ഡോളറാണ് ഈ സര്‍ക്കാറിന്റെ കാലത്തെ ശരാശരി ബാരല്‍ വില. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ശരാശരി 83 ഡോളറായിരുന്നു. വിലയിടിവ് എണ്ണ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് പകരം, നികുതി അടിക്കടി ഉയര്‍ത്തി പൊതുഖജനാവ് നിറക്കുകയാണ് സര്‍ക്കാര്‍. മോദി അധികാരത്തില്‍ വരുന്നതിന്റെ തൊട്ടു മുമ്പത്തെ വര്‍ഷം (2013-14) 1.53 ലക്ഷം കോടിയായിരുന്നു പെട്രോള്‍ ഉത്പന്നങ്ങളില്‍ നിന്ന് നികുതിയായി ഖജനാവിലെത്തിയതെങ്കില്‍ 2021-22 കാലത്ത് 4.92 ലക്ഷം കോടിയായി ഉയര്‍ന്നു.
ഒരു ലിറ്റര്‍ പെട്രോളിന്റെ അന്തിമ വിലയില്‍ ക്രൂഡ് ഓയില്‍ വിലയുടെ വിഹിതം 30-35 ശതമാനം മാത്രമാണ്. ബാക്കി തുക കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി, സംസ്ഥാന വാറ്റ്, സെസ്, ഡീലര്‍ കമ്മീഷന്‍, റിഫൈനിംഗ്-ഗതാഗത ചെലവ് തുടങ്ങിയവയാണ്. ക്രൂഡ് ഓയില്‍ വില പകുതിയായി കുറഞ്ഞാലും നികുതി കുറക്കുന്നില്ലെങ്കില്‍ ഉപഭോക്താവിന് അതിന്റെ ഗുണം ലഭിക്കുന്നില്ല. അല്ലെങ്കില്‍ കൊള്ളലാഭം അവസാനിപ്പിച്ച് മിതമായ ലാഭം എടുക്കാന്‍ എണ്ണക്കമ്പനികളോട് ആവശ്യപ്പെടണം. ഇതിന് സര്‍ക്കാര്‍ സന്നദ്ധവുമല്ല.
മുന്‍കാലങ്ങളില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോള്‍ സമാനമായി ഇന്ധനവില വര്‍ധിപ്പിക്കാന്‍ രാഷ്ട്രീയ കാരണങ്ങളാല്‍ സാധിച്ചില്ല. അത് നികത്താനാണ് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഉത്പന്നങ്ങള്‍ക്ക് വില കുറക്കാത്തതെന്നാണ് കമ്പനികളുടെ ഭാഗത്ത് നിന്നുള്ള ഒരു ന്യായീകരണം. എന്നാല്‍ ക്രൂഡ് ഓയിലിന് വില വര്‍ധിച്ചപ്പോള്‍ നഷ്ടം സംഭവിച്ചിരുന്നെങ്കില്‍ തന്നെ അത് നികത്താനാവശ്യമായതിന്റെ പതിന്മടങ്ങ് ലാഭം ഇതിനകം കമ്പനികള്‍ നേടിക്കഴിഞ്ഞു. ഇനിയും കൊള്ളവില തുടരുന്നതിന് ഒരുന്യായീകരണവുമില്ല. ലാഭവും നഷ്ടവും പങ്കുവെക്കേണ്ടതാണെങ്കില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിയുമ്പോള്‍ അതിന്റെ ഗുണം ഉപഭോക്താവിന് ലഭിക്കേണ്ടതല്ലേ?
വാഹന ഉടമകള്‍ക്ക് വരുന്ന അധിക ബാധ്യതയില്‍ മാത്രം ഒതുങ്ങുന്നില്ല ഇന്ധന വില വര്‍ധന.
സാധാരണക്കാരുടെ ഗതാഗതച്ചെലവില്‍ അത് വര്‍ധന സൃഷ്ടിക്കും. നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പ്രതിഫലിക്കും. വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെയും ബാധിക്കും. പണപ്പെരുപ്പം കുറക്കാനായി റിസര്‍വ് ബേങ്ക് പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍, സര്‍ക്കാറിന്റെ ഇന്ധന നികുതി നയം മറുവശത്ത് അതിന് വിഘാതം സൃഷ്ടിക്കുകയാണ്.
ഓട്ടോമാറ്റിക് ടാക്‌സ് അഡ്ജസ്റ്റ്‌മെന്റ് (അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റം സംഭവിക്കുമ്പോള്‍ ഇന്ധന നികുതി സ്വയം താഴുകയോ ഉയരുകയോ ചെയ്യുന്ന അവസ്ഥ) സംവിധാനമാണ് ഇന്ധന വിലയിലെ ഈ കൊള്ള അവസാനിപ്പിക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാരം. എണ്ണക്കമ്പനികളുടെ മാര്‍ജിന്‍ നിര്‍ണയത്തിന് പാര്‍ലിമെന്ററി സമിതി മേല്‍നോട്ടം വഹിക്കുകയും വേണം. ക്രൂഡ് ഓയിലിന്റെ വിലക്കുറവ് എണ്ണക്കമ്പനികള്‍ക്കും സര്‍ക്കാറിനും മാത്രം ലഭ്യമാകുകയും ജനത്തിന് നിഷേധിക്കപ്പെടുകയും ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്ന ബോധവും തിരിച്ചറിവും ഉത്തരവാദപ്പെട്ടവര്‍ക്ക് കൈവരികയും വേണം.

