Connect with us

Uae

ലോക കേരള സഭ: പ്രതീക്ഷയോടെ പ്രവാസി സമൂഹം

മൂന്നാമത് സമ്മേളനം വ്യാഴം മുതല്‍

Published

|

Last Updated

ദുബൈ  |  പ്രവാസി കേരളീയരുടെ സാംസ്‌കാരിക, സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക സംയോജനത്തിനുള്ള വഴിയെന്ന നിലയില്‍ രൂപം കൊണ്ട ലോക കേരളസഭയുടെ മൂന്നാമത് സമ്മേളനം വ്യാഴാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. വൈകീട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടന പൊതുസമ്മേളനം നടക്കും. 17ന് രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം 18ന് വൈകിട്ടോടെ അവസാനിക്കും. നിയമസഭയിലേക്കും ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഇന്ത്യന്‍ പൗരത്വമുള്ള വിദേശ മലയാളികള്‍, മടങ്ങിയെത്തിയ സമൂഹത്തിന്റെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് സഭയിലുണ്ടാകുക.

2020 ജനുവരിയിലാണ് ഇതിന് മുമ്പുള്ള ലോക കേരള സഭ സമ്മേളനം നടന്നത്. ശേഷം കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിനും പ്രതിസന്ധിക്കും മധ്യേയാണ് ഇത്തവണത്തെ സമ്മേളനമെന്നത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.

കൊവിഡാനന്തര പ്രവാസത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനെ പ്രവാസികളെ സജ്ജമാക്കുന്നതിനും സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്ക് നിര്‍ണായക സംഭാവന നല്‍കുന്ന വിഭാഗത്തിന്റെ ശാക്തീകരണം മുഖ്യപരിഗണന അര്‍ഹിക്കുന്ന വേളയിലാണ് സമ്മേളനം നടക്കുന്നത്.

കൊവിഡിന്റെ തീക്ഷ്ണത വലിയ രീതിയിലാണ് മലയാളി പ്രവാസി സമൂഹം ഏറ്റുവാങ്ങിയത്. ലക്ഷക്കണക്കിനാളുകള്‍ ജോലി നഷ്ടപ്പെട്ടും മറ്റും നാട്ടിലേക്ക് മടങ്ങിയെത്തിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിരവധി പേര്‍ കൊവിഡ് കാരണമായുള്ള മരണത്തിന് കീഴടങ്ങി. ഈ സാഹചര്യത്തില്‍ മൂന്നാം ലോക കേരളസഭയില്‍ കൊവിഡാനന്തര കാലത്തെ പ്രവാസവും അതിനെ തുടര്‍ന്നുണ്ടായിട്ടുള്ള കേരളത്തിലെ പ്രത്യാഘാതങ്ങളും പ്രധാന ചര്‍ച്ചയാകേണ്ടതുണ്ട്. ജി സി സി രാജ്യങ്ങളില്‍ നിന്ന് മാത്രം നാല്‍പത് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതില്‍ പതിനഞ്ച് ലക്ഷം മലയാളികളാണെന്ന് നോര്‍ക്ക വ്യക്തമാക്കിയിരുന്നു. എന്നാലും ഗള്‍ഫ് പ്രവാസ ജീവിതം തുടരുന്ന മലയാളികളുടെ എണ്ണം ഏകദേശം നാല്‍പത് ലക്ഷം വരുമെന്നാണ് നിഗമനം. ജനസംഖ്യയുടെ അനുപാതമായി നോക്കുമ്പോള്‍ ലോകത്ത് തന്നെ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ പ്രവാസ സാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ ഏറെ മുന്നിലാണ് കേരളം.

അതിനാല്‍ തന്നെ സംസ്ഥാനം പ്രവാസി കുടിയിറക്കവും നിലവിലുള്ള പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളും എങ്ങനെ കൈകാര്യം ചെയ്യാം എന്നത് ലോക കേരള സഭയില്‍ സവിശേഷമായ ശ്രദ്ധനേടുകയും തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്നോട്ട് വരികയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.