Connect with us

National

മദ്യനയ അഴിമതിക്കേസ്; കെജ്രിവാള്‍ നല്‍കിയ ഹരജിയില്‍ മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന് ഇ.ഡി

മൂന്നാഴ്ചത്തെ സമയം നല്‍കണമെന്നാണ് ഇഡി ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിനെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹരജിയില്‍ മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). മൂന്നാഴ്ചത്തെ സമയം നല്‍കണമെന്നാണ് ഇഡി ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഇഡിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവാണ് കോടതിയില്‍ ഹാജരായത്. എന്നാല്‍ സമയം ചോദിക്കുന്നത് കേസ് വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന് കെജ്രിവാളിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ എ.എം സിങ്വി കോടതിയില്‍ പറഞ്ഞു.

മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ഈമാസം 28 വരെയാണ് കസ്റ്റഡി കാലാവധി. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. കെജ്രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ഇ ഡി ആവശ്യപ്പെട്ടിരുന്നത്. മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ കേട്ട ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ് ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. എഎപി വനിത പ്രവര്‍ത്തകരെയടക്കം പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അതേസമയം ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചോദ്യംചെയ്യലിനോട് കെജ്രിവാള്‍ സഹകരിക്കുന്നില്ലെന്ന് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി. കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഎപിഹോളി ആഘോഷത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

 

 

 

 

Latest