Kerala
പാണക്കാട് വൻ മണ്ണിടിച്ചിൽ; പരപ്പനങ്ങാടി - നാടുകാണി സംസ്ഥാന പാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു
നിലവിൽ മഴ മാറി നിൽക്കുകയാണെങ്കിലും ശക്തമായ മഴ തുടരുകയാണെങ്കിൽ മുകൾ ഭാഗം ഉൾപ്പെടെ താഴേക്ക് പതിക്കാനുള്ള വലിയ സാധ്യതയുണ്ട്.
മലപ്പുറം | പാണക്കാട് എടായിപ്പാലത്ത് കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് പരപ്പനങ്ങാടി – നാടുകാണി സംസ്ഥാന പാതയിലെ ഗതാഗതം പൂർണമായും നിലച്ചു. പ്രധാന പാതയായ ഇവിടെ നിലവിൽ വലിയ രീതിയിലുള്ള അപകടസാധ്യതയാണ് നിലനിൽക്കുന്നത്. കുത്തിയൊലിച്ചു വരുന്ന മണ്ണ് ഇപ്പോഴും അടർന്ന് താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. നിലവിൽ മഴ മാറി നിൽക്കുകയാണെങ്കിലും ശക്തമായ മഴ തുടരുകയാണെങ്കിൽ മുകൾ ഭാഗം ഉൾപ്പെടെ താഴേക്ക് പതിക്കാനുള്ള വലിയ സാധ്യതയുണ്ട്.
രാവിലെ മുതൽ തന്നെ മണ്ണ് ഇടിയാൻ തുടങ്ങിയതോടെ നാട്ടുകാർ വിവരമറിയിച്ചിരുന്നു. സ്ഥലത്ത് പോലീസ് സംഘം എത്തി ഗതാഗതം നിയന്തിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. നിർമാണ പ്രവർത്തികൾ നടക്കുന്ന മേഖലയിലാണ് ഇത്തരം മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
മുൻപും ഈ മേഖലയിൽ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ടെന്നും ആവശ്യമായ മുൻകരുതലുകൾ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഗതാഗതം നിലച്ചതോടെ ജനങ്ങൾ കടുത്ത ബുദ്ധിമുട്ടിലാണ്.
Content Highlights
A major landslide occurred at Panakkad, halting traffic on the busy Parappanangadi-Nadukani state highway. Soil continues to cave in, creating severe hazard risks. Police have arrived to manage traffic, while local residents expressed concerns over construction activities and lack of authority precautions.

