Kerala
ആറന്മുളയിൽ പ്രളയഭീതി: വീടുകളിൽ ആളുകൾ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ
ചിലയിടങ്ങളിൽ ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാത്തത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു
പത്തനംതിട്ട | ആറന്മുള മേഖലയിൽ അതിരൂക്ഷമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള അമ്പലത്തിന് സമീപം ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. ഉൾപ്രദേശങ്ങളിലെ നിരവധിയായ വീടുകളിൽ ആളുകൾ കുടുങ്ങിയി കിടക്കുന്ന സാഹചര്യമുണ്ട്. പലരും വീടുകളുടെ മുകളിലാണ് കഴിയുന്നത്. മഴ ശക്തമായി തുടരുന്നതിനാലും വെള്ളം ഇറങ്ങാത്തതിനാലും ആളുകളെ അടിയന്തരമായി രക്ഷപ്പെടുത്തുന്നതിനായി ആലപ്പുഴയിൽ നിന്ന് ബോട്ടുകൾ എത്തിച്ചു.
മത്സ്യബന്ധന തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് ബോട്ടുകൾ വെള്ളത്തിലിറക്കി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാത്തത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വീടിൽ അകത്ത് വെള്ളം കയറിയിട്ടും ആളുകൾ വീടുകളിൽ തന്നെ കഴിയാൻ ശ്രമിക്കുകയാണ്. ആളുകൾ വീടുകളിൽ തന്നെ തുടരരുതെന്നും ഉടൻ മാറി താമസിക്കണമെന്നും ജനപ്രതിനിധികളും എം എൽ എയും നിർദേശം നൽകിയിട്ടുണ്ട്.
പത്തനംതിട്ടയിലെ അരുവപ്പുലം തുടങ്ങിയ ഉൾപ്രദേശങ്ങളിലും വനമേഖലകളിലും രാത്രി മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇവിടെ നിന്ന് ജനങ്ങളെ മുൻകൂട്ടി മാറ്റിപ്പാർപ്പിച്ചിരുന്നു.
അതേസമയം, മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ഡാം ഉടൻ തുറക്കാൻ സാധ്യതയുണ്ട്. ഡാം തുറക്കുന്നതോടെ പമ്പയാറ്റിലേക്ക് കൂടുതൽ വെള്ളമെത്തുകയും ആറന്മുള, കോഴഞ്ചേരി പ്രദേശങ്ങളിൽ ജലനിരപ്പ് ഇനിയും ഉയരുകയും ചെയ്യും. കോഴഞ്ചേരിയിൽ പമ്പയാർ കവിഞ്ഞൊഴുകുന്ന നിലയിലാണ്. കിഴക്കൻ മേഖലയിൽ നിന്നും കാടുകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം കൂടി എത്തുന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ.
Content Highlights:
Severe flooding in Aranmula leaves many stranded in their homes. Rescue boats from Alappuzha were deployed to evacuate residents as heavy rains persist. Officials urge immediate evacuation due to impending Moozhiyar dam shutter openings and rising water levels in the Pamba river.


