Kerala
അഗത്തി ദ്വീപിലും ബുള്‍ഡോസര്‍ രാജ്; കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി
നടപടി നോട്ടീസ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ്.
കൊച്ചി | അനധികൃതമെന്ന പേരില്‍ അഗത്തി ദ്വീപിന്റെ തെക്കുഭാഗത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങള്‍ ലക്ഷദ്വീപ് ഭരണകൂടം പൊളിച്ചുനീക്കി. നാലോളം കെട്ടിടങ്ങളുടെ അടിത്തറയുള്‍പ്പെടെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തത്. കെട്ടിടങ്ങള്‍ക്കായി ഭൂമി തരംമാറ്റല്‍ അനുമതി നേടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഈ മാസം പത്തിനാണ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ തയ്യാറാക്കിയത്. എന്നാല്‍ ഇത് വെള്ളിയാഴ്ച വൈകീട്ടോടെ മാത്രമാണ് കെട്ടിട ഉടമകള്‍ക്ക് കൈമാറിയത്.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനും നിയമപരമായ നടപടികള്‍ സ്വീകരിക്കാനും സമയം അനുവദിച്ചിരുന്നുവെന്ന് ഉടമകള്‍ പറയുന്നു. എന്നാല്‍ ഈ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ അധികൃതര്‍ ജെ സി ബി ഉപയോഗിച്ച് നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ ആരംഭിക്കുകയായിരുന്നു. നടപടി ചോദ്യം ചെയ്ത് സ്ഥലത്തെത്തിയ എന്‍ സി പി ജനറല്‍ സെക്രട്ടറി ഒ പി ജബ്ബാര്‍, കോണ്‍ഗ്രസ്സ് നേതാവ് എം ഐ ദില്‍ഷാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.
നിയമപരമായ വിശദീകരണം നല്‍കുന്നതിനും കോടതിയെ സമീപിക്കുന്നതിനും അനുവദിച്ച സമയപരിധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പൊളിക്കല്‍ നടപടി സ്വീകരിച്ചത് ഏകപക്ഷീയമാണെന്നാണ് കെട്ടിട ഉടമകളുടെയും പ്രദേശവാസികളുടെയും ആരോപണം. അതിനിടെ, നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് നല്‍കിയ താത്കാലിക വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ടും തര്‍ക്കം ഉടലെടുത്തു. ഉത്തരവില്ലാതെ കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ച ജൂനിയര്‍ എന്‍ജിനീയറെ സ്ഥലംമാറ്റിയതടക്കം വിവാദമായിരുന്നു. അഗത്തിയില്‍ മുമ്പും സമാനമായ രീതിയില്‍ നിര്‍മാണങ്ങള്‍ക്കെതിരെ ഭരണകൂടം സ്വീകരിച്ച നടപടികള്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
Content Highlights:
The administration in Lakshadweep initiated a major demolition drive on Agatti Island. Local structures and buildings were cleared using heavy machinery under tight security. The action has sparked concerns and strong protests among local residents regarding property rights.



