Connect with us

Kuwait

പ്രതിസന്ധികള്‍ നിറഞ്ഞ നാളുകള്‍ക്ക് വിട; കുവൈത്ത് സാധാരണ നിലയിലേക്ക്

യുദ്ധത്തെ തുടര്‍ന്ന് ഏറ്റവും അധികം ആളപായങ്ങളും മറ്റു നാശനഷ്ടങ്ങളും നേരിട്ട ഏക ഗള്‍ഫ് രാഷ്ട്രമാണ് കുവൈത്ത്. എങ്കിലും ആഭ്യന്തര വിപണികളുടെ സ്ഥിരത ഉറപ്പാക്കാനും അവശ്യവസ്തുക്കളുടെ ലഭ്യത നിലനിര്‍ത്താനും കഴിഞ്ഞു.

Published

|

Last Updated

കുവൈത്ത് സിറ്റി | നൂറിലധികം ദിവസങ്ങള്‍ നീണ്ടുനിന്ന യുദ്ധ സാഹചര്യങ്ങളെ അതിജീവിച്ച് ദൗലത്തുല്‍ കുവൈത്ത് സാധാരണ നിലയിലേക്ക് മടങ്ങുന്നു. കഴിഞ്ഞ മാസങ്ങളില്‍ പശ്ചിമേഷ്യയില്‍ നടമാടിയ യുദ്ധത്തെ തുടര്‍ന്ന് ഏറ്റവും അധികം ആളപായങ്ങളും മറ്റു നാശനഷ്ടങ്ങളും നേരിട്ട ഏക ഗള്‍ഫ് രാഷ്ട്രമാണ് കുവൈത്ത്. എന്നിട്ടും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്താനും ഓരോ പ്രതിസന്ധികളും വിജയകരമായി അതിജീവിച്ചു മുന്നോട്ടുപോകാനും കഴിഞ്ഞുവെന്നത് മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കും ശ്രദ്ധേയമായ മാതൃകയായി മാറിയിരിക്കുകയാണ്.

യുദ്ധസാഹചര്യങ്ങളെ തുടര്‍ന്ന് കുവൈത്തിന്റെ ഊര്‍ജ വിപണികള്‍ വ്യാപാരം, ഗതാഗതം, വ്യോമ, സമുദ്ര, ഗതാഗതം, വിതരണ ശൃംഖലകള്‍ എന്നീ മേഖലകളെല്ലാം ഗുരുതരമായ സാഹചര്യമാണ് നേരിട്ടത്. എങ്കിലും ആഭ്യന്തര വിപണികളുടെ സ്ഥിരത ഉറപ്പാക്കാനും അവശ്യവസ്തുക്കളുടെ ലഭ്യത നിലനിര്‍ത്താനും കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം. അതോടൊപ്പം സാമ്പത്തിക ബേങ്കിംഗ് നിക്ഷേപ മേഖലകളിലെ സ്ഥിരത ഉറപ്പാക്കാനും രാജ്യത്തിന് സാധിച്ചു. യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഭക്ഷ്യ സുരക്ഷക്ക് മുന്തിയ പരിഗണന നല്‍കിയ കുവൈത്ത് ഭരണകൂടം ആവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കുകയും വിതരണ ശൃംഖല തടസ്സപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഗതാഗത ചെലവുകള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടും ഉപഭോക്താക്കള്‍ക്ക് അധികഭാരം വരാതിരിക്കാന്‍ ഇറക്കുമതി കമ്പനികള്‍ക്ക് പിന്തുണ നല്‍കി. കര അതിര്‍ത്തിമാര്‍ഗങ്ങള്‍ വഴി സഊദി അറേബ്യയുമായുള്ള പ്രധാന വിതരണ കേന്ദ്രങ്ങളായി കുവൈത്ത് മാറി.

വ്യോമഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലും കുവൈത്ത് കരമാര്‍ഗത്തിലൂടെ ഭക്ഷ്യവസ്തുക്കളും ഉപഭോക്തൃ ഉത്പന്നങ്ങളും തടസ്സമില്ലാതെ രാജ്യത്തെത്തിക്കുകയും ചെയ്തു. ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനങ്ങള്‍ക്കും ഇന്ധന സംഭരണികള്‍ ഉള്‍പ്പെടെയുള്ള പ്രധാന സൗകര്യങ്ങള്‍ക്കും വലിയതോതില്‍ കേടുപാടുകള്‍ സംഭവിക്കുകയും പല ഘട്ടങ്ങളിലായി വ്യോമഗതാഗതം നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തിട്ടും ബദല്‍ കേന്ദ്രങ്ങളിലൂടെ യാത്രാസേവനങ്ങള്‍ തുടരുകയായിരുന്നു. യാത്രക്കാരെ കരമാര്‍ഗം സഊദി അറേബ്യയിലെ ദമാം, ഖൈസൂമ, വിമാനത്താവളങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ യാത്രാസൗകര്യം സുതാര്യമാക്കി മാറ്റി.

കുവൈത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പെട്രോളിയം മേഖലയാണ് യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ടത്. മിനാ അബ്ദുല്ല, അഹ്മദി റിഫൈനറികള്‍ ഉള്‍പ്പെടെയുള്ള കുവൈത്തിലെ പ്രധാന എണ്ണ സ്ഥാപനങ്ങള്‍ ആക്രമണത്തിന് ഇരയാവുകയായിരുന്നു. അതോടൊപ്പം ഹോര്‍മൂസ് കടലിടുക്ക് അടച്ചതിനെ തുടര്‍ന്ന് എണ്ണയുത്പാദനം കുറക്കേണ്ടി വന്നെങ്കിലും കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ അടിയന്തര പദ്ധതികള്‍ നടപ്പാക്കി ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുകയും എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പരിഹരിക്കുകയും ചെയ്യുകയായിരുന്നു. ഇക്കാരണത്താല്‍ യുദ്ധകാലത്തും കുവൈത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമായി തന്നെ നിലനിന്നു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ഇതില്‍ അതിയായ സംതൃപ്തിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

ഏറ്റവും അവസാനമായി വിദേശ വിമാന കമ്പനികള്‍ക്ക് ടെര്‍മിനല്‍ നാല് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താന്‍ സിവില്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കുകയും ചെയ്തിരിക്കുകയാണ്. വിദേശ വിമാന കമ്പനികളുടെ പ്രവര്‍ത്തനം സജീവമാകുന്നതോടെ കുവൈത്ത് പൂര്‍ണമായി വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്. കുവൈത്ത് വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാല് വഴി വിദേശ വിമാന കമ്പനികളുടെ പൂര്‍ണശേഷിയുള്ള സര്‍വീസുകള്‍ ക്രമേണ പുനസ്ഥാപിക്കുന്നതിനുള്ള പ്രത്യേക പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും ഔദ്യോഗിക വക്താവുമായ അബ്ദുല്ല രാജ്ഹി വ്യക്തമാക്കുകയുണ്ടായി. മറ്റ് വിവിധ വിമാന കമ്പനികളുടെ സര്‍വീസുകള്‍ ബുധനാഴ്ചയോടെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഒരു കമ്പനിക്ക് ഒരു ദിവസം ഒരു സര്‍വീസ് എന്ന നിലക്കാണ് അനുവദിച്ചിരിക്കുന്നത്. ക്രമേണ ഇത് വര്‍ധിപ്പിക്കുവാനും പുലര്‍ച്ചെ നാല് മുതല്‍ രാത്രി 10 വരെയുള്ള പ്രവര്‍ത്തനം ക്രമീകരിക്കുകയും ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ വിമാനത്തിന്റെ പുറപ്പെടല്‍ സമയത്തിന് മുമ്പ് കുറഞ്ഞത് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. നിലവില്‍ വിമാനത്താവളത്തില്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി 50 ചെക്ക് ഇന്‍ കൗണ്ടറുകളും പാസ്‌പോര്‍ട്ട് പരിശോധന കേന്ദ്രങ്ങളും സുരക്ഷാ പരിശോധനാ സംവിധാനങ്ങളും പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. ടെര്‍മിനല്‍ നാലിലെ എല്ലാ സേവന വിഭാഗങ്ങളുമായും ഗ്രൗണ്ട് സര്‍വീസ് കമ്പനികളുമായും ഏകോപനം നടത്തി യാത്രക്കാരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അതേസമയം, വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി യാത്രയയപ്പിനും സ്വീകരണത്തിനുമായി എത്തുന്നവരുടെ എണ്ണം പരമാവധി കുറക്കണമെന്നും വിമാനത്താവള ജീവനക്കാരുമായി പൂര്‍ണമായും സഹകരിക്കണമെന്നും ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ഥിച്ചു.

Content Highlights

Kuwait has successfully returned to regular daily activities after overcoming a prolonged period of intense challenges and restrictions. The stabilization of key sectors marks a major milestone for governance, local businesses, and resident welfare across the country. Official measures have eased significantly to foster economic recovery and public convenience.

Latest