Connect with us

Kerala

കെ ടി ജലീല്‍ എംഎല്‍എ ഭീകരവാദിയെന്ന പരാമര്‍ശം; ഗോപാലകൃഷ്ണനെതിരായ നിയമനടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് വി ടി ബല്‍റാം

സംഘ് പരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാന്‍ കേരള സര്‍ക്കാര്‍ പിന്തുണയും സഹായവും നല്‍കണമെന്നും വിടി ബല്‍റാം

Published

|

Last Updated

തിരുവനന്തപുരം | കെ ടി ജലീല്‍ എംഎല്‍എ ഭീകരവാദിയാണെന്ന ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തോട് യോജിക്കാനാകില്ലെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. ഒരു ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ കെടി ജലീലിനെ ഭീകരവാദിയെന്ന് വിളിച്ചെന്നാണ് ആരോപണം. കെടി ജലീല്‍ ഭീകരവാദിയാണെന്ന അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല. സംഘ് പരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാന്‍ കേരള സര്‍ക്കാര്‍ പിന്തുണയും സഹായവും നല്‍കണമെന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

എന്റെ അയല്‍നാട്ടുകാരനും പത്ത് വര്‍ഷം നിയമസഭയിലെ സഹപ്രവര്‍ത്തകനുമായിരുന്ന ഡോ. കെ.ടി.ജലീല്‍ ഒരു ‘ഭീകരവാദി’യാണെന്ന അഭിപ്രായത്തോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ല.അദ്ദേഹത്തേക്കുറിച്ച് ബിജെപി നേതാവ് ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ നടത്തിയ അങ്ങേയറ്റം ഗുരുതരമായ അക്ഷേപത്തിനെതിരെ ശ്രീ. ജലീലോ അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപക്ഷമോ കേരളാ പോലീസോ ഏതെങ്കിലും നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി മുന്നോട്ടുപോകുകയാണെങ്കില്‍ അക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു.സംഘ് പരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാന്‍ കേരള സര്‍ക്കാര്‍ അതിനിരകളാകുന്ന പൗരര്‍ക്ക് പിന്തുണയും സഹായവും നല്‍കണം. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇക്കാര്യത്തില്‍ ശ്രീ ജലീല്‍ തന്നെ മുന്‍കൈ എടുത്ത് മാതൃക കാട്ടണം.

 

Latest