Connect with us

pfi hartal

നാളെ കെ എസ് ആർ ടി സി സർവീസ് സാധാരണപോലെ; സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി

Published

|

Last Updated

തിരുവനന്തപുരം | പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാധാരണ പോലെ സർവീസ് നടത്തുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ യൂനിറ്റ് അധികാരികൾക്കും നിർദേശം നൽകി. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പോലീസ് സഹായം തേടാനും മുൻകൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിന് രേഖാമൂലം അപേക്ഷ നൽകുവാനും നിർദേശം നൽകിയിട്ടുണ്ട്.

ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പോലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജനങ്ങളുടെ സഞ്ചാരം തടയുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും. സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾക്കും ആവശ്യമായ സുരക്ഷ ഒരുക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.

ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനവിഭാഗം എ ഡി ജി പി വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പട്രോളിംഗ് ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Latest