Kozhikode
കോഴിക്കോട് ജില്ലാ സ്കൂള് കലോത്സവ ലോഗോ; റജാ നൗറിന്റേത് അഭിമാന നേട്ടം
മര്കസ് ഗേള്സ് ഹയര് സെക്കന്ഡറി സ്കൂളിലെ ഭിന്നശേഷി വിദ്യാര്ഥി സി റജാ നൗറിന് വരച്ച ലോഗോക്ക് ഒന്നാം സ്ഥാനം.
കോഴിക്കോട് ജില്ലാ സ്കൂള് കലോത്സവത്തിന്റെ ലോഗോ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര് സി എസ് അമൃത പ്രകാശനം ചെയ്യുന്നു.
കാരന്തൂര് | നവംബര് 25 മുതല് ഡിസംബര് മൂന്ന് വരെ മുക്കത്ത് നടക്കുന്ന ജില്ലാ സ്കൂള് കലോത്സവത്തിന്റെ ലോഗോ രൂപകല്പനയില് മര്കസ് ഗേള്സ് ഹയര് സെക്കന്ഡറി സ്കൂളിലെ ഭിന്നശേഷി വിദ്യാര്ഥി സി റജാ നൗറിന് വരച്ച ലോഗോക്ക് ഒന്നാം സ്ഥാനം. ആദ്യമായാണ് ഭിന്നശേഷി വിദ്യാര്ഥിയുടെ ലോഗോ തിരഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര് സി എസ് അമൃത ലോഗോ പ്രകാശനം ചെയ്തു.
ഭിന്നശേഷി വിദ്യാര്ഥികള്ക്ക് മാത്രമായിരുന്നു ഇത്തവണ ലോഗോ രൂപകല്പന മത്സരം. വെള്ളിപറമ്പ് ചോലയില് റഷീദ്-ഖദീജ ദമ്പതികളുടെ മകളും എട്ടാം ക്ലാസ് വിദ്യാര്ഥിയുമായ റജാ നൗറിന് ജന്മനാ വലതു കൈയില്ല. ഇടതുകൈ കൊണ്ടാണ് ഈ കലാകാരി വിസ്മയ ലോഗോ വരച്ചത്. സ്കൂള് സ്പെഷ്യല് എജ്യുക്കേറ്റര് കെ ജയശ്രീ, കലാ അധ്യാപിക കെ പ്രീത എന്നിവരാണ് കുട്ടിയുടെ സര്ഗശേഷി തിരിച്ചറിഞ്ഞ് പ്രോത്സാഹനവും മാര്ഗനിര്ദേശവും നല്കിയത്. ഭിന്നശേഷിക്കാരായ പതിനേഴോളം പേരുടെ എന്ട്രികളില് നിന്നാണ് റജാ നൗറിന്റെ ലോഗോക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.
പ്രധാനധ്യാപകന് നിയാസ് ചോലയുടെ നേതൃത്വത്തില് സ്കൂള് ആര്ട്ട് ക്ലബിനു കീഴില് നടന്നു വരുന്ന സര്ഗാത്മക ഉണര്ത്തു പദ്ധതിയിലും മുള ദിനാചരണ പരിപാടികളിലും ചിത്രം വരച്ച് ഈ മിടുക്കി ശ്രദ്ധ നേടിയിരുന്നു. ഭിന്നശേഷി കുട്ടികളുടെ കഴിവുകള് പൊതുസമൂഹത്തിന് മുന്നില് അടയാളപ്പെടുത്താനും അവരെ കലോത്സവത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ട ഈ വേറിട്ട ചിന്തക്ക് വലിയ അംഗീകാരവും ലഭിച്ചു. ലോഗോ പ്രകാശന ചടങ്ങില് കലോത്സവ പബ്ലിസിറ്റി കണ്വീനര് പി സതീഷ് കുമാര്, കായികമേള റിസപ്ഷന് കമ്മിറ്റി കണ്വീനര് ഷാനവാസ്, ആര് ഡി എസ് ജി എ സെക്രട്ടറി ആശിഷ്, ബി ആര് സി ട്രൈനര് സുജിത്ത്, ഡി ഡി ഇ ഓഫീസ് സൂപ്രണ്ട് പി ബിജീഷ്, സെക്ഷന് ക്ലാര്ക്ക് പി നൗഷാദ് അലി പ്രസംഗിച്ചു.
Content Highlights:
Reja Naur has won recognition for designing the official logo of the Kozhikode District School Kalolsavam. The selection highlights exceptional student artistic talent for the upcoming cultural festival. This achievement brings great pride to the local educational and artistic community.




